Entertainment News

'സെൻസർ ബോർഡിനെ കബളിപ്പിച്ചു', തിയേറ്ററുകളിൽ അസഭ്യവർഷം; 'മോളിവുഡ് ടൈംസ്' സിനിമയ്‌ക്കെതിരെ നടപടിക്ക് സാധ്യത

സിനിമാറ്റോ​ഗ്രാഫ് ആക്ട് പ്രകാരം മൂന്ന് വർഷം തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്

Entertainment Desk

സെൻസർ ബോർഡിനെ കബളിപ്പിച്ച്, സിനിമയിലെ അസഭ്യവാക്കുകൾ തിയേറ്ററുകളിൽ അതേപടി പ്രദർശിപ്പിച്ചെന്ന പരാതിയിൽ 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിനെതിരെ നിയമനടപടിക്ക് സാധ്യത. ചിത്രത്തിലുണ്ടായിരുന്ന അസഭ്യ പ്രയോഗങ്ങൾ പൂർണ്ണമായും മ്യൂട്ട് ചെയ്ത പതിപ്പായിരുന്നു അണിയറപ്രവർത്തകർ സെൻസറിംഗിനായി ബോർഡിന് മുന്നിൽ സമർപ്പിച്ചിരുന്നത്.

ഈ പതിപ്പ് പരിശോധിച്ച ശേഷം ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതിയും സെൻസർ സർട്ടിഫിക്കറ്റും നൽകി. എന്നാൽ സർട്ടിഫിക്കറ്റ് നേടിയെടുത്തതിന് ശേഷം, തിയേറ്ററുകളിൽ വിതരണം ചെയ്ത കോപ്പികളിൽ ഈ അസഭ്യവാക്കുകൾ ഒട്ടും സെൻസർ ചെയ്യാതെ യഥാർത്ഥ രൂപത്തിൽ തന്നെ ഉൾപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.

ഗുരുതരമായ ഈ നിയമലംഘനത്തിന്മേൽ സെന്‍സര്‍ ബോര്‍ഡ് നടപടി തുടങ്ങി. തെളിവ് ശേഖരിച്ച ശേഷം നിര്‍മാതാവിന് നോട്ടീസ് നൽകും. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം സിനിമയിൽ എന്തെങ്കിലും തരത്തിലുള്ള കൂട്ടിച്ചേർക്കലുകളോ മാറ്റങ്ങളോ വരുത്തുന്നത് സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം കടുത്ത നിയമലംഘനമാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ തിയേറ്റർ പ്രദർശനം നിർത്തിവെപ്പിച്ചേക്കും.

സെൻസർ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചതിന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും സംവിധായകനുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. സിനിമാറ്റോ​ഗ്രാഫ് ആക്ട് പ്രകാരം മൂന്ന് വർഷം തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

നസ്ലൻ കേന്ദ്രകഥാപാത്രമായി എത്തിയ 'മോളിവുഡ് ടൈംസ്' തിയേറ്ററുകളിൽ ഗംഭീര കളക്ഷനുമായി വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഇത്തരം ​ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ 15കോടി രൂപയാണ് ആ​ഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ (Sacnilk) റിപ്പോർട്ട് പ്രകാരം, മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. 954 ഷോകളോടെ പ്രദർശനത്തിനെത്തിയ ചിത്രം, ആദ്യ ദിനത്തിൽ തന്നെ 2.09 കോടി രൂപ ആഗോള ഗ്രോസ് കളക്ഷനായി നേടിയിരുന്നു.

Summary

The newly released Malayalam movie 'Mollywood Times' starring Naslen faces severe legal action for misleading the Censor Board. The filmmakers allegedly submitted a version with profanities muted to secure the censor certificate but later screened the unmuted, raw version in theaters. This violation of the Cinematograph Act could lead to a suspension of screenings, a fine of ₹10 lakhs, and up to 3 years of imprisonment for the makers.