'സുമതി വളവ്' സിനിമയുമായി ബന്ധപ്പെട്ട് വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ മുരളി കുന്നുംപുറത്തിന്റെ വിവാദ പ്രസ്താവനകൾക്ക് പിന്നിൽ നടൻ ഉണ്ണി മുകുന്ദനെന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കർ, അഭിലാഷ് പിള്ള എന്നിവർ. കഴിഞ്ഞ ദിവസം തന്റെ സമൂഹ മാധ്യമത്തിലൂടെ സിനിമയുമായി ബന്ധപ്പെട്ട് മുരളി നടത്തിയ ആരോപണങ്ങളിൽ മറുപടി നൽകുന്നതിനിടയിലാണ് ഇരുവരും ഉണ്ണി മുകുന്ദനെതിരെ നേരിട്ടുള്ള ആക്രമണം നടത്തിയിരിക്കുന്നത്. കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും തന്നെ കടക്കെണിയിലേക്ക് തള്ളിയിട്ടതുമയായിരുന്നു മുരളി ലൈവിലൂടെ വെളിപ്പെടുത്തിയത്.
നിർമ്മാണ സംരംഭങ്ങളായ 'സുമതി വളവ്' അടക്കമുള്ള ചിത്രങ്ങളുടെ പരാജയത്തെ കുറിച്ച് പരാമർശിച്ച് മുരളി തന്റെ ലൈവിലൂടെ പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ പ്രചരിച്ചതാണ് വിവാദങ്ങളുടെ തുടക്കം. 'സുമതി വളവ്' സംവിധാനം ചെയ്ത വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, 'നദികളിൽ സുന്ദരി യമുന' സംവിധായകൻ വിജേഷ് പാണത്തൂർ എന്നിവർ തന്നെ വഞ്ചിച്ചുവെന്നും തന്നെയൊരു കടക്കാരനാക്കി, ആത്മഹത്യയല്ലാതെ മറ്റൊന്നും തന്നെ ഇനി തന്നെ മുൻപിലില്ലെന്നുമായിരുന്നു പ്രസ്തുത വിഡിയോയിൽ മുരളി ആരോപിച്ചത്. എന്നാൽ, എങ്ങനെ വന്നാലും സിനിമയുടെ ബജറ്റ് മിനിമം 15-20 കോടിയെങ്കിലുമാകുമെന്ന് നേരത്തെ തന്നെ മുരളിയെ ധരിപ്പിച്ചിരുന്നതായിരുന്നുവെന്നും സിനിമയുടെ ചെലവ് പബ്ലിക് ഓഡിറ്റിന് വിധേയമാക്കാന്‍ തയ്യാറാണെന്നും ഇന്ന് നടത്തിയ പത്രസമ്മേളനത്തിനിടയിൽ അഭിലാഷ് പിള്ള പ്രതികരിച്ചു.
നുണകൾ പറഞ്ഞ് കൊടുത്ത് മുട്ടനാടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ ആകാൻ ശ്രമിക്കരുതെന്ന് ഉണ്ണി മുകുന്ദനോട് പരസ്യമായി പറഞ്ഞു. സിനിമയെ കുറിച്ച് ഉയർന്നു വരുന്ന പ്രചാരണങ്ങളിൽ ഉണ്ണി മുകുന്ദന് വ്യക്തമായ പങ്കുണ്ടെന്നായിരുന്നു സംവിധായകൻ വിഷ്ണു ശശി ശങ്കറുടെ ആരോപണം. ഉണ്ണി മുകുന്ദന്റെ ഏറ്റവും ഹിറ്റ് ചിത്രമായ 'മാളികപ്പുറം' സംവിധാനം വിഷ്ണുവും, തിരക്കഥ രചന അഭിലാഷ് പിള്ളയുമായിരുന്നു നിർവ്വഹിച്ചത്.
‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയം കാരണമാണ് അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും വിശ്വസിച്ച് താൻ സിനിമ ചെയ്യാൻ തയ്യാറായതെനന്നായിരുന്നു ലൈവിൽ മുരളി കുന്നുംപുറത്ത് പറഞ്ഞത്. എന്നാൽ, വിഷ്ണുവിന് സംവിധാനത്തിൽ അറിവില്ലെന്നും 'മാളികപ്പുറം' സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്നുമായിരുന്നു മുരളിയുടെ വെളിപ്പെടുത്തൽ. ഉണ്ണി മുകുന്ദൻ അടുത്ത സിനിമയ്ക്ക് ഡേറ്റ് വാഗ്ദാനം ചെയ്തതായും മുരളി കുന്നുംപുറത്ത് ചില മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Director Vishnu Sasi Shankar and writer Abhilash Pillai publicly criticized Unni Mukundan amid the Sumathi Valavu controversy. They accused him of influencing narratives behind producer Murali Kunnumpurath’s allegations, while defending their work and denying financial misconduct.