താൻ സജീവ പ്രവര്ത്തകയല്ലെങ്കിലും, ഇടതുപക്ഷ അനുഭാവിയാണെന്ന് നടി നിഖില വിമല്. 24 മണിക്കൂറും പാര്ട്ടിയ്ക്ക് വേണ്ടി ജീവിക്കുന്നവരുടെ ക്രെഡിറ്റെടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ട്, സ്വയം പാര്ട്ടി പ്രതിനിധി എന്ന് വിളിക്കുന്നില്ലെന്നും നിഖില പറഞ്ഞു. തന്റെ പുതിയ ചിത്രം 'പെണ്ണ് കേസി'ന്റെ പ്രൊമോഷന്റെ ഭാഗമായി ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നിഖില തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറന്നത്.
'ഞാന് ഒരു പാര്ട്ടിയുടേയും പ്രതിനിധിയല്ല. എന്നാൽ ഞാന് വോട്ട് ചെയ്യുന്നത് ഒരുപക്ഷെ ഇടതുപക്ഷത്തിനായിരിക്കാം. അതിനര്ത്ഥം ഞാന് പാർട്ടിയിൽ സജീവമായി പ്രവര്ത്തിക്കുന്ന ഒരാളാണ് എന്നല്ല. 24 മണിക്കൂറും പാർട്ടിയിൽ പ്രവർത്തിക്കുന്നവരുണ്ട്. അവരുടെ ക്രെഡിറ്റ് ഏറ്റെടുക്കാന് ഞാന് ഇഷ്ടപ്പെടുന്നില്ല' നിഖില പറഞ്ഞു.
'എന്റെ ഇടതുപക്ഷ ചായ്വിന് കാരണം എന്റെ നാടാണ്. കീഴാറ്റൂർ എന്ന പാർട്ടി ഗ്രാമത്തിലാണ് താൻ വളർന്നതെന്നും, അവിടത്തുകാരുടെ രാഷ്ട്രീയം തന്നെ സ്വാഭാവികമായും സ്വാധീനിച്ചിട്ടുണ്ട്,' നിഖില പറഞ്ഞു. 'ചെറുപ്പത്തില് ബാലസംഘത്തില് പ്രവര്ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 'എന്തുകൊണ്ട് ഇടതുപക്ഷം?' എന്ന ചോദ്യത്തിന് എന്റെ ഉത്തരം എന്റെ നാടാണ്,' നിഖില കൂട്ടിചേർത്തു.
'എന്നെ ആളുകള് ഏറ്റവും കൂടുതല് ചീത്ത വിളിക്കുന്നതും വെറുക്കുന്നതും ഇത് കാരണമാണ്. ഏത് രാഷ്ട്രീയത്തിൽ വിശ്വസിക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനം അല്ലേ?' നിഖില ചോദിച്ചു. 'പാര്ട്ടി മാത്രമല്ല രാഷ്ട്രീയം. എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. എല്ലാവര്ക്കും രാഷ്ട്രീയമുണ്ടാകണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്. ഒന്നില് വിശ്വസിക്കുന്നുവെന്ന് കരുതി, മറ്റൊന്നിനെ വെറുക്കണം എന്നില്ല. പരസ്പരം ബഹുമാനിക്കണം. ജനാധിപത്യ രാജ്യത്ത് ജീവിക്കുകയും, വോട്ട് ചെയ്യുകയും ചെയ്യുന്നുണ്ടെങ്കില് നിങ്ങള്ക്കൊരു രാഷ്ട്രീയമുണ്ടെന്നാണ് അര്ത്ഥം,' താരം കൂട്ടിച്ചേര്ത്തു.
നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യ്ത ചിത്രമാണ് 'പെണ്ണ് കേസ്'. കൗതുകമുണര്ത്തുന്ന കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമായി എത്തിയ ചിത്രം തിയേറ്ററിൽ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ഇർഷാദ് അലി, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
English Summary: Actress Nikhila Vimal opens up about facing hatred and criticism from people, attributing it to her known left-leaning political views.