വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമങ്ങളിലൂടെയും നേടിയെടുത്ത പ്രതിച്ഛായ ഒരുപക്ഷെ ഒറ്റ ദിവസം കൊണ്ടായിരിക്കും നഷ്ടപ്പെടുന്നതെന്ന് നടന്‍ നിവിന്‍ പോളി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'പ്രതിഛായ'യുടെ പ്രൊമോഷന്റെ ഭാഗമായി അവതാരക രജ്ഞിനി ഹരിദാസും പ്രധാന താരങ്ങളും പങ്കെടുത്ത ഡിന്നര്‍ മീറ്റിലാണ് നിവിന്‍ ഇക്കാര്യം പറഞ്ഞത്.
'പ്രതിഛായ' എന്ന സിനിമയുടെ പേരിന്റെ അര്‍ഥം നിവിന്റെ ജീവിതത്തില്‍ എത്രത്തോളം ബന്ധപ്പെട്ടതാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിവിന്‍. 'നീണ്ട ഇരുപത് വര്‍ഷങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ഇമേജ് പല ആരോപണങ്ങള്‍ കൊണ്ടും ഒറ്റദിവസം കൊണ്ട് ചിലപ്പോള്‍ നഷ്ടപ്പെടും. എല്ലാ ആരോപണങ്ങളും ശരിയാകണമെന്നില്ല, ചിലത് വ്യാജമായിരിക്കും. പക്ഷെ പലപ്പോഴും അതെല്ലാം ആരോപണ വിധേയനാകുന്ന വ്യക്തിയുടെ കുടുംബത്തെയും മോശമായി ബാധിക്കും. അത് രാഷ്ട്രീയത്തിലും സമാനമാണ്. അത്തരത്തിലൊരു കഥയാണ് 'പ്രതിഛായ' പറയുന്നതെന്നും നിവിന്‍ പോളി പറഞ്ഞു. രാഷ്ട്രീയം പശ്ചാത്തലമാകുന്നു എന്നേയുള്ളു, ചിത്രത്തിന്റെ പ്രമേയം അച്ഛന്‍-മകന്‍ ബന്ധത്തെക്കുറിച്ചും മറ്റുമാണ്. കുടുംബ പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന തരത്തില്‍ രസകരമായി തന്നെ ബന്ധങ്ങളെകുറിച്ച് സിനിമ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നമുക്കെല്ലാവര്‍ക്കും ഓരോ ഇമേജുണ്ട്. സിനിമയില്‍ വരുകയും അഭിനയിക്കുകയും ചെയ്തതിനു ശേഷം ആളുകള്‍ക്കിടയില്‍ ഒരു ഇമേജ് സൃഷ്ടിക്കപ്പെടും. പക്ഷെ പല കാരണങ്ങളാല്‍ അത് നഷ്ടപ്പെടാം. പത്തിരുപത് വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ചിലപ്പോള്‍ ഒറ്റ ദിവസം കൊണ്ടായിരിക്കാം നഷ്ടപ്പെടുന്നത്. അത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അതൊക്കെ നമ്മള്‍ അഭിമുഖീകരിക്കേണ്ട സാഹചര്യമുണ്ട്. അങ്ങനെ വരുമ്പോള്‍ ആരോപണ വിധേയന്‍ മാത്രമല്ല, ആ വ്യക്തിയുടെ കുടുംബവും ഇതെല്ലാം അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എല്ലാവര്‍ക്കും പിന്നില്‍ കുടുംബമുണ്ട്, അമ്മയുണ്ട്, ഭാര്യയുണ്ട്, മക്കളുണ്ട്. അവരെയും ഇതെല്ലാം ബാധിക്കും. അതിനെക്കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. അതുപോലെ തന്നെയാണ് എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഫാമിലിയുണ്ട്. ആരോപണങ്ങള്‍ രാഷ്ട്രീയക്കാരെയും അവരുടെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തെയും ബാധിക്കുന്ന ഇമോഷനാണ് ഈ സിനിമയില്‍ പറയുന്നത്, നിവിന്‍ പോളി പറഞ്ഞു.
English Summary: Actor Nivin Pauly said that the reputation built over years of hard work can be lost in a single day due to allegations, which can also deeply affect one’s family. He shared this while promoting his upcoming film Prathichaya, which explores similar emotional themes.