ഇത് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഡീൽ സംഭവിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ, വിതരണ കമ്പനിയായ പനോരമ സ്റ്റുഡിയോസുമായി ചേർന്ന് 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീലിൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക്, നിവിൻ പോളി എന്നിവർ ചേർന്നാകും ചിത്രങ്ങൾ നിർമ്മിക്കുന്നത്.
ആദ്യത്തെ നിർമ്മാണ സംരംഭ ചിത്രമായ 'ഓങ്കാര' മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ നേടിയ 'പ്യാർ കാ പഞ്ചനാമ 1&2', ' ദൃശ്യം 1&2', 'റെയ്ഡ് 1&2, ഷൈതാൻ, മലയാളം റീമേക്ക് ചിത്രം 'ദൃശ്യം 3,' എന്നിവയിലൂടെ 50ലധികം പുരസ്‌ക്കാരങ്ങൾ നേടിയവരാണ് പനോരമ സ്റ്റുഡിയോസ്. അതേസമയം, രണ്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയ നടനാണ് നിവിൻ പോളി. മലയാള സിനിമയിലെ മികച്ച യുവ അഭിനേതാക്കളിൽ ഒരാളും, നിർമ്മാതാവുമായ നിവിൻ പോളി, തന്റെ തിരക്കഥാ തിരഞ്ഞെടുപ്പുകളിലും എക്കാലത്തും മലയാളികളുടെ ആരാധന പിടിച്ചു പറ്റിയിട്ടുണ്ട്.
കഥ പറയുന്ന രീതിയിലും, അഭിനേതാക്കളുടെ കഴിവുറ്റ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സിനിമകൾക്കും മലയാള സിനിമ പാലിക്കുന്ന ഗുണനിലവാരം എന്നും പ്രശംസനീയമാണെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. വിശ്വാസ്യത, കഴിവ്, ജനപ്രിയത എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിൻ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോസിനെ സംബന്ധിച്ച് സ്വാഭാവിക പുരോഗതിയാണ്. മികച്ച ചിത്രങ്ങളിൽ വലിയ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ ദീർഘകാല പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ് ഈ സഹകരണം എന്നും മംഗത് പഥക് കൂട്ടിച്ചേർത്തു.
പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം അഭിമാനകരമാണെന്ന് നിവിൻ പോളിയും അഭിപ്രായപ്പെട്ടു. പനോരമ സ്റ്റുഡിയോസിന്റെ സിനിമകളെ കുറിച്ചുള്ള കാഴ്ചപ്പാടും വ്യാപ്തിയും സിനിമയോടുള്ള പ്രതിബദ്ധതയും, ഭാവിയിൽ താൻ ഭാഗമാകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളുമായി തികച്ചും യോജിക്കുന്നതാണെന്നും നിവിൻ വിശദീകരിച്ചു.
English Summary: Actor-producer Nivin Pauly has entered into a historic ₹100 crore multi-film deal with Panorama Studios, marking a first-of-its-kind collaboration in Malayalam cinema aimed at producing high-quality films with long-term industry impact.