പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്രൈം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പാർവതി അവതരിപ്പിക്കുന്ന കഥാപാത്രം നിഗൂഢതകൾ നിറഞ്ഞതാണെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.
ആശ്രിത നിയമനത്തിലൂടെ പൊലീസ് സേനയുടെ ഭാഗമാകുന്ന ഒരു യുവതിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും ട്രെയിലർ സൂചിപ്പിക്കുന്നു. പൊലീസ് കോൺസ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്ന നായിക പിന്നീട് എത്തിപ്പെടുന്ന സംഭവവികാസങ്ങളാണ് കഥയുടെ കേന്ദ്രം. അന്വേഷണവും ദുരൂഹതയും നിറഞ്ഞ പശ്ചാത്തലത്തിൽ പ്രേക്ഷകരെ ആകാംക്ഷയോടെ മുന്നോട്ടുകൊണ്ടുപോകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന പാർവതി തിരുവോത്തിന്റെ കരിയറിലെ ആദ്യ പൊലീസ് കഥാപാത്രമാണിത്. വിനയ് ഫോർട്ട്, വിജയരാഘവൻ, സായ് കുമാർ, തമിഴ് താരം പാർത്ഥിപൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായ പ്രസാദ്, സിറാജ്, നിയാസ് ബക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബർ 11ന് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിലെത്തും.
പി എസ് സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. മുജീബ് മജീദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് കുമാർ പിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദീപക് രാജ ലൈൻ പ്രൊഡ്യൂസറായും സനൂപ് ചങ്ങനാശ്ശേരി പ്രൊഡക്ഷൻ കൺട്രോളറായും ജോസഫ് കെ. തോമസ് ഫിനാൻസ് കൺട്രോളറായും പ്രവർത്തിക്കുന്നു. ജയദേവൻ ചക്കടത്താണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. മഹേഷ് മോഹൻ കലാസംവിധാനവും ബേബി പണിക്കർ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്.
Parvathy Thiruvothu takes on her first police role in ‘Prathama Drishtya Kuttakkar’, directed by Shahad Nilambur. The investigative thriller follows a woman who joins the police force through compassionate appointment and faces unexpected developments. The film stars Vinay Forrt, Vijayaraghavan, Saikumar, Parthiban and Mathew Thomas, releasing September 11.