Entertainment News

'നായികയുടെ ഒരേയൊരു ലക്ഷ്യം പ്രണയമാകുന്ന കാലം മാറണം, ആക്ടിവിസം ഞാന്‍ തിരഞ്ഞെടുത്തതല്ല'; പാര്‍വതി തിരുവോത്ത്

'ഒരു സ്ത്രീ കഥാപാത്രത്തിന് ചെറിയൊരു കുറവോ നെഗറ്റീവ് വശങ്ങളോ നല്‍കിയാല്‍ ഉടന്‍ തന്നെ അവളെ ഒരു വില്ലത്തിയായി ചിത്രീകരിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. സ്ത്രീകളെക്കുറിച്ചുള്ള ഇത്തരം പൊതുബോധങ്ങള്‍ അവരെ ചെറുതാക്കി കാണിക്കുന്നതിന് തുല്യമാണ്'

Entertainment Desk

സിനിമയിലെ തന്റെ കരിയര്‍, കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതി, ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍, സിനിമാ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്ത്രീ പ്രാതിനിധ്യത്തിലെ കുറവുകള്‍ എന്നിവയെക്കുറിച്ച് മനസുതുറന്ന് പാര്‍വതി തിരുവോത്ത്. ഇന്ത്യന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ നിര്‍വചിക്കുന്ന സ്റ്റീരിയോടൈപ്പുകളെ ഇതുവരെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പാര്‍വതി അഭിപ്രായപ്പെട്ടു.

'നമ്മള്‍ സിനിമകളില്‍ കാണുന്ന അമ്മമാര്‍ക്ക് ഒരേയൊരു ഭാവമേയുള്ളൂ. സുഹൃത്തായാലും കാമുകിയായാലും എല്ലാം ഒരേ അച്ചിലിട്ടതുപോലെയാണ്. ഒരു ദശാബ്ദത്തിലേറെക്കാലം സിനിമയില്‍ ഞാനും ഇത്തരം ഒരു 'ലവബിള്‍ വുമണ്‍' വേഷങ്ങള്‍ മാത്രമാണ് ചെയ്തിരുന്നത്. അതിനുശേഷമാണ് നല്ല സ്ത്രീപക്ഷ കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തുന്നത്. സിനിമയിലെ അത്തരം സ്ത്രീകളുടെ ഒരേയൊരു ലക്ഷ്യം നായകനുമായി പ്രണയത്തിലാവുക എന്നത് മാത്രമാണ്. അവരുടെ ജോലി, കുടുംബം, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകളോ ഭ്രാന്തമായ മറ്റേതെങ്കിലും താല്‍പര്യങ്ങളോ ഒന്നും സിനിമകളില്‍ ചര്‍ച്ചയാകാറില്ല. എന്നാല്‍, ഒരു സ്ത്രീക്ക് കരിയറോ മറ്റെന്തെങ്കിലും താല്പര്യങ്ങളോ ഉള്ളതായി കാണിച്ചാല്‍ ഉടന്‍ തന്നെ അവള്‍ക്ക് ഒരു 'അണ്‍ലൈക്കബിള്‍' പരിവേഷം വരുന്നു', പാര്‍വതി പറഞ്ഞു.

'സ്ത്രീകള്‍ക്കും കുറവുകളുണ്ട്, അതാണ് അവരുടെ ഭംഗി. എന്നാല്‍ ഒരു സ്ത്രീ കഥാപാത്രത്തിന് ചെറിയൊരു കുറവോ നെഗറ്റീവ് വശങ്ങളോ നല്‍കിയാല്‍ ഉടന്‍ തന്നെ അവളെ ഒരു വില്ലത്തിയായി ചിത്രീകരിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. സ്ത്രീകളെക്കുറിച്ചുള്ള ഇത്തരം പൊതുബോധങ്ങള്‍ അവരെ ചെറുതാക്കി കാണിക്കുന്നതിന് തുല്യമാണ്', പാര്‍വതി കൂട്ടിച്ചേര്‍ത്തു.

വന്നുചേര്‍ന്ന ആക്ടിവിസം

സിനിമാ മേഖലയ്ക്ക് മുന്നിലും പിന്നിലും സ്ത്രീകളുടെ പങ്ക് വര്‍ദ്ധിച്ചുവരുന്നതിനെ പാര്‍വതി സ്വാഗതം ചെയ്തുവെങ്കിലും അര്‍ത്ഥവത്തായ പ്രാതിനിധ്യം ഇനിയും ഉണ്ടാകേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പേരിന് മാത്രം സ്ത്രീകളെ ജോലിക്ക് എടുക്കുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എങ്കില്‍പ്പോലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇത്തരം അവസരങ്ങളെങ്കിലും ഉപയോഗപ്പെടുത്തണം എന്നാണ് പാര്‍വതിയുടെ പക്ഷം. എന്നാല്‍ പുരുഷനായാലും സ്ത്രീയായാലും എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ ആഴത്തിലാണ് യഥാര്‍ത്ഥ പ്രാതിനിധ്യം ഉണ്ടാകേണ്ടതെന്ന് അവര്‍ വ്യക്തമാക്കി.

സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന പാര്‍വതി, ആക്ടിവിസം താന്‍ സ്വയം തിരഞ്ഞെടുത്തതല്ലെന്നും അത് തന്നെ തേടിയെത്തുകയായിരുന്നു എന്നും തുറന്നുപറഞ്ഞു. 'ഒരു ആക്ടിവിസ്റ്റ് എന്ന ലേബല്‍ ഞാന്‍ സ്വയം തിരഞ്ഞെടുത്തതല്ല, എനിക്ക് മറ്റ് വഴികളില്ലായിരുന്നു. തുടക്കത്തില്‍ ആ ലേബലിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ പിന്നീട് ഞാനത് ഉള്‍ക്കൊണ്ടു. നമ്മളില്‍ ചിലര്‍ ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവരാണ്. ഇത് ഒട്ടും എളുപ്പമുള്ള പണിയല്ല. പക്ഷേ, ഇപ്പോഴുള്ള എന്റെ കാഴ്ച്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പോരാടുമ്പോള്‍, നാളെ നമുക്ക് വേണ്ടി പോരാടാന്‍ മറ്റൊരാള്‍ ഉണ്ടാകും എന്ന തിരിച്ചറിവ് നമ്മെ വിനയമുള്ളവരാക്കും', പാര്‍വതി പറഞ്ഞു.

കാത്തിരിക്കുന്ന 'ഐ, നോബഡി'

തന്റെ വരാനിരിക്കുന്ന ചിത്രമായ 'ഐ, നോബഡി'യെക്കുറിച്ചുള്ള പ്രതീക്ഷകളും പാര്‍വതി പങ്കുവെച്ചു. ഇതൊരു സാധാരണ ചിത്രം മാത്രമല്ലെന്നും വ്യക്തിത്വത്തെയും അധികാര ഘടനകളെയും കുറിച്ചുള്ള അന്വേഷണമാണെന്നും താരം പറഞ്ഞു. 'ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ ആ കൗതുകമുണ്ട്. സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ഐഡന്റിറ്റിയെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ഇതിനെ വെറുമൊരു ഹൈസ്റ്റ് ചിത്രമായി മാത്രം ഒതുക്കാന്‍ കഴിയില്ല. നിലവിലെ അധികാര വ്യവസ്ഥിതികളുടെ ഒരു പ്രതിഫലനമാണിത്. 'നോബഡി' (ആരുമല്ലാത്തവര്‍) എന്ന് വിളിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരുമല്ലാതാകുന്നില്ല. അവരെക്കുറിച്ച് അധികാരികള്‍ ബോധവാന്മാരായിരിക്കണം. കാരണം സാധാരണക്കാര്‍ അവരുടെ ശക്തി തിരിച്ചറിഞ്ഞാല്‍ ഈ അധികാര ഘടനകളെ അവര്‍ പെട്ടെന്ന് തന്നെ തകിടം മറിക്കും,' പാര്‍വതി വ്യക്തമാക്കി.

Actor Parvathy Thiruvothu has spoken about gender stereotypes in Indian cinema, saying the era when a female lead's only purpose was to fall in love with the hero must end. She noted that women in films are often written with limited identities, while any flaws or ambitions make them appear "unlikeable" or villainous. Reflecting on her career, Parvathy said she initially played conventional "lovable woman" roles before receiving stronger, women-centric characters. She also clarified that she never chose to become an activist, but felt compelled to speak up for women's rights in the film industry. The actor also discussed her upcoming film I, Nobody, describing it as an exploration of identity, power structures and the strength of ordinary people.