'ബാഹുബലി: ദി ടോര്‍ച്ച്‌ബെയറര്‍' ഡോക്യുമെന്ററിയില്‍ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പ് വൈറലായതോടെ, ബാഹുബലി 3-യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന താരങ്ങളായ പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി എന്നിവര്‍ ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ് വീഡിയോയിലുള്ളത്. 'ലോകം ഒരുപക്ഷേ ഇതിന് ഇതുവരെ തയ്യാറായിട്ടുണ്ടാകില്ല, പക്ഷേ ഇനിയുമൊരു ബാഹുബലി ഉണ്ടാകും' എന്ന് റാണ പറയുന്നത് വീഡിയോയില്‍ കാണാം.
തൊട്ടുപിന്നാലെ പ്രഭാസ് മൂന്ന് വിരലുകള്‍ ഉയര്‍ത്തി ചിരിക്കുകയും അനുഷ്‌കയും റാണയും കൈ പിടിച്ചുവെക്കുന്നതും വീഡിയോയില്‍ കാണാം. 'ആന്‍ഡ് ദി ലെഗസി കണ്ടിന്യൂ' (പാരമ്പര്യം തുടരുന്നു) എന്ന വാക്കുകളോടെയാണ് ഈ ക്ലിപ്പ് അവസാനിക്കുന്നത്. ഈ നിമിഷമാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. മൂന്നാം ഭാഗം വരുന്നു എന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണമായാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇതിനെ കാണുന്നത്. എന്നാല്‍, സംവിധായകന്‍ എസ്എസ് രാജമൗലി ഈ പ്രോജക്റ്റ് എപ്പോള്‍ ആരംഭിക്കുമെന്നോ, കഥ ഏത് ദിശയിലാണ് പോകുന്നതെന്നോ, സിനിമയാണോ അതോ വെബ് സീരിസ് ആണോ എന്നുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
ഇന്ത്യന്‍ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ബാഹുബലി റിലീസ് ചെയ്ത് പത്ത് വര്‍ഷത്തിന് ശേഷമാണ് 'ബാഹുബലി: ദി ടോര്‍ച്ച്‌ബെയറര്‍' നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഫ്രാഞ്ചൈസിയുടെ നിര്‍മ്മാണവും അത് ഉണ്ടാക്കിയ സ്വാധീനവും ദൃശ്യവല്‍ക്കരിക്കുന്ന നാല് എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയാണിത്. ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങള്‍, അഭിനേതാക്കളുടെ അഭിമുഖങ്ങള്‍, ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള ഇതുവരെ കാണാത്ത നിമിഷങ്ങള്‍ എന്നിവയിലൂടെ ഈ ലാന്‍ഡ്മാര്‍ക്ക് സിനിമകള്‍ എങ്ങനെ രൂപപ്പെട്ടു എന്നും ഇന്ത്യന്‍ സിനിമയെ ആഗോള തലത്തിലേക്ക് എങ്ങനെ ഉയര്‍ത്തി എന്നും ഈ ഡോക്യുമെന്ററി പരിശോധിക്കുന്നു.
ബാഹുബലി ഫ്രാഞ്ചൈസി
രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഫ്രാഞ്ചൈസിയില്‍ പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണന്‍, നാസര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 2015-ലും 2017-ലുമായി റിലീസ് ചെയ്ത ഇരുഭാഗങ്ങളും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിജയകരമായ ചിത്രങ്ങളിലൊന്നായി മാറുകയും പ്രഭാസിനെ ഒരു പാന്‍-ഇന്ത്യന്‍ താരമാക്കുകയും ചെയ്തു. കഥ പറച്ചിൽ, ദൃശ്യഭംഗി, ബോക്സ് ഓഫീസ് വിജയം എന്നിവയിലെല്ലാം ബാഹുബലി ഇന്ത്യൻ സിനിമയെ മാറ്റിമറിക്കുകയും പാന്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പുതിയ ദിശ നല്‍കുകയും ചെയ്തു.
ഒരു പതിറ്റാണ്ടിപ്പുറവും ഈ ഫ്രാഞ്ചൈസിയില്‍ ഇനിയും സിനിമകള്‍ വരുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, രണ്ട് സിനിമകളും സമന്വയിപ്പിച്ച് റീമാസ്റ്റര്‍ ചെയ്ത ഒറ്റച്ചിത്രമായി 'ബാഹുബലി: ദി എപിക്' 2025 ഒക്ടോബര്‍ 31-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തിരുന്നു. ഇത് ലോകമെമ്പാടുമായി ഏകദേശം 49 കോടി രൂപയും ഇന്ത്യയില്‍ നിന്ന് മാത്രം 31 കോടി രൂപ കളക്ഷനും നേടി സമീപകാലത്തെ ഏറ്റവും വിജയകരമായ റീ-റിലീസുകളിലൊന്നായി മാറി.
The buzz around Baahubali 3 has resurfaced after a viral clip from Netflix's documentary Baahubali: The Torchbearer. In the video, Rana Daggubati hints that another Baahubali installment is on the way, saying, "The world may not be ready for it yet, but there will be another Baahubali." Moments later, Prabhas raises three fingers while smiling, as Rana and Anushka Shetty hold his hand, ending with the message, "And the legacy continues."