ലണ്ടനിലെ ലെ മാൻസ് കാർ റേസിങ് വേദിക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയും നടൻ അജിത്ത് കുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിന് മറുപടിയുമായി പ്രകാശ് രാജ്. വിജയ് തന്റെ സുഹൃത്തായ അജിത്തിനെ വിദേശത്ത് പോയി കണ്ടതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹത്തിന്റെ സർക്കാരിന് പ്രകടനം തെളിയിക്കാൻ കുറഞ്ഞത് ഒരു വർഷത്തെ സമയം നൽകണമെന്നും പ്രകാശ് രാജ് പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണമേറ്റെടുത്ത് 120 ദിവസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. വോട്ട് ചെയ്തവർക്കും ചെയ്യാത്തവർക്കും വേണ്ടിയുള്ള മുഖ്യമന്ത്രിയാണ് വിജയ്. അതുകൊണ്ട് തന്നെ പ്രകടനം വിലയിരുത്താൻ അടിയന്തര തിടുക്കം ആവശ്യമില്ല. തെരഞ്ഞെടുപ്പിന് മുൻപ് വിജയിയോട് ചില സംശയങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ജനങ്ങൾ അദ്ദേഹത്തിന് അവസരം നൽകി. ആദ്യ ബജറ്റ് വരുന്നതുവരെ താൻ കാത്തിരിക്കുകയാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി. കോടികളുടെ നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധിച്ചതായി വിജയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ സർക്കാർ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഇംഗ്ലണ്ടിലെ സിൽവർസ്റ്റണിൽ നടന്ന ലെ മാൻസ് കാർ റേസിങ്ങിനിടെയായിരുന്നു വിജയും അജിത്തും തമ്മിലുള്ള കൂടിക്കാഴ്ച. അജിത്തിന്റെ റേസിങ് ടീമിനെ പ്രോത്സാഹിപ്പിക്കാൻ വിജയ് എത്തിയതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. വിജയിക്കൊപ്പം നടി തൃഷ, ടിവികെ നേതാവ് ആദവ് അർജുന എന്നിവരും ഉണ്ടായിരുന്നു. റേസിങ്ങിന് മുൻപ് അജിത്തിനെ കെട്ടിപ്പിടിച്ച് ആശംസകൾ അറിയിച്ച വിജയ്, സ്റ്റാൻഡിൽ നിന്ന് ആരാധകർ തമിഴക വെട്രി കഴകം എന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ അജിത്തിനായി ആർത്തുവിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Prakash Raj responds to criticism over Tamil Nadu Chief Minister Vijay meeting actor Ajith in the UK, saying there is nothing wrong with meeting a friend and urging people to give the government more time to prove its performance.