Prem Kumar 
Entertainment News

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും നടനുമായ പ്രേംകുമാർ

തുടര്‍ഭരണം ഉണ്ടാവാൻ പാടില്ലെന്ന തരത്തിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രേംകുമാറിന്‍റെ വിമര്‍ശനം

Madism Desk

മുന്നറിയിപ്പില്ലാതെ, തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സര്‍ക്കാരിനെതിരെ തുറന്നടിച്ച് നടൻ പ്രേംകുമാര്‍. തുടര്‍ഭരണം ഉണ്ടാവാൻ പാടില്ലെന്ന തരത്തിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാത്തതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രേംകുമാറിന്‍റെ വിമര്‍ശനം. തന്നോട് കാണിച്ചത് നീതിനിഷേധമാണെന്നും, സർക്കാർ മാന്യത കാണിച്ചില്ലെന്നും പ്രേംകുമാര്‍ കുറ്റപ്പെടുത്തി.

അടഞ്ഞ അധ്യായമെന്ന് കരുതി മറക്കാൻ ശ്രമിച്ച കാര്യമാണ്. ചലച്ചിത്ര അക്കാദമിയുടെ ചുമതലയിൽ തിരക്കുപിടിച്ച പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന്റെ തലേദിവസമായിരുന്നു അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്. തനിക്ക് യാത്രയയപ്പ് നൽകാൻ പോലും സർക്കാർ തയ്യാറായില്ലെന്നും, എന്തിനാണ് പുറത്താക്കിയതെന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും പ്രേംകുമാര്‍ ആരോപിച്ചു. 'ഇത്രയും പ്രവർത്തനങ്ങൾക്ക് ചുമതലവഹിച്ചുകൊണ്ടിരിക്കുമ്പോൾ, എന്ത് അടിയന്തരസാഹചര്യമാണ് പുറത്താക്കാൻ ഉണ്ടായിരുന്നത്. മറ്റൊരു കാരണവും കാണുന്നില്ല. അറിയിപ്പുപോലും തന്നില്ല. പുറത്താക്കുന്നതും മാറ്റുന്നതും സർക്കാരിന്റെ വിവേചനാധികാരമാണ്. അതിൽ എനിക്ക് അഭിപ്രായം പറയാനില്ല. സഹപ്രവർത്തകരോട് നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ല', അദ്ദേഹം പറഞ്ഞു.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ അനുകൂലിച്ചതിനാലാണ് തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന വിവരം പിന്നീടാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. ആശാസമരത്തെ അനുകൂലിച്ച് പറഞ്ഞത് സദുദ്ദേശപരമായ അഭിപ്രായ പ്രകടനമായിരുന്നു. എന്നാൽ, ഇപ്പോള്‍ സച്ചിദാനന്ദനോടുള്ള സമീപനമല്ല തന്നോട് ഉള്ളതെന്നും, ഗുരുതര പരാമര്‍ശം നടത്തിയിട്ടു പോലും സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുകയാണെന്നും പ്രേംകുമാര്‍ തുറന്നടിച്ചു.

English Summary: Actor Prem Kumar strongly criticised the Kerala government for removing him without prior notice from the Film Academy chairperson post, questioning why poet K. Satchidanandan was not removed from a similar position despite harsh criticism of the government.