എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും ആഘോഷങ്ങളും പറയുന്ന 'പ്രേംപാറ്റ'യുടെ ക്ലൈമാക്സ് പ്രേക്ഷകരെ കണ്ണുനിറയിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത വൈകാരിക മുഹൂർത്തത്തിലൂടെ അവസാനിക്കുന്ന ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. പ്രണയത്തിനും സൗഹൃദത്തിനുമൊപ്പം യഥാർത്ഥ സംഭവത്തെ ഉൾക്കൊള്ളുന്ന ക്ലൈമാക്സ് കൂടി ചേരുമ്പോൾ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നുണ്ട്.
ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രത്തിൽ പുതുതലമുറയുടെ ക്യാമ്പസ് ജീവിതവും ബന്ധങ്ങളുമാണ് അവതരിപ്പിക്കുന്നത്. ഒരു ഗ്രാമത്തിലെ തകർന്ന പാലം പുനർനിർമിക്കാൻ വിദ്യാർത്ഥികൾ എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി എത്തുന്നതിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ക്യാമ്പിന്റെ അനുഭവങ്ങൾക്കിടയിൽ സൗഹൃദവും പ്രണയവും ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങളും സിനിമയുടെ ഭാഗമായി മാറുന്നു.
ഷഹബാസ് എന്ന കഥാപാത്രത്തെയാണ് ജോമോൻ ജ്യോതിര്‍ അവതരിപ്പിക്കുന്നത്. കോളേജിലെ ജൂനിയർ വിദ്യാർത്ഥിനിയായ ആലിയയോട് പ്രണയം തോന്നുന്ന ഷഹബാസിന് അത് തുറന്നുപറയാൻ കഴിയാത്തതാണ് കഥയുടെ പ്രധാന ഘടകം. ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഈ പ്രണയം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും കഥാപാത്രങ്ങൾ നേരിടുന്ന അനുഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമ്പസ് പ്രണയത്തിന് പുറമെ വിവിധ തരത്തിലുള്ള ബന്ധങ്ങളും സൗഹൃദങ്ങളും സിനിമയിൽ കടന്നുവരുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ 'നെഞ്ചാടിയേ' പ്രേക്ഷകര്‍ക്കിടയില്‍ ഇതിനോടകം തന്നെ പ്രണയമഴ പെയ്യിച്ചു കഴിഞ്ഞു. സുഹൈല്‍ എം കോയയുടെ വരികള്‍ക്ക് അങ്കിത് മേനോന് ഈണവും ഓര്‍ക്കസ്ട്രേഷനും നിര്‍വ്വഹിച്ച ഈ ഗാനം നിഹാല്‍ സാദിഖാണ് ആലപിച്ചിരിക്കുന്നത്. ഇതിനുപുറമെ, പ്രശസ്ത പിന്നണി ഗായകന് സൂരജ് സന്തോഷ് ആലപിച്ച ചിത്രത്തിലെ മറ്റൊരു ഗാനം കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ മിറാഷ് ടവേഴ്സിലുള്ള എഎംപി സ്റ്റുഡിയോയിലാണ് റെക്കോര്‍ഡ് ചെയ്തത്. കെനിയയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമാ ഗാനമെന്ന അപൂര്‍വ്വ നേട്ടവും ചിത്രം സ്വന്തമാക്കി.
ജോമോൻ ജ്യോതിരിനൊപ്പം സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ, തെസ്നി ഖാൻ എന്നിവരും ചിത്രത്തിലുണ്ട്. സിനിമാ താരങ്ങൾക്കൊപ്പം ഡിജിറ്റൽ കണ്ടന്റ് രംഗത്തെ പരിചിത മുഖങ്ങളും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. രണദിവെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Malayalam film Premapetta has received positive responses following its theatrical release, with its unexpected climax leaving audiences emotional. Based on a real-life incident, the ending adds a moving dimension to this campus entertainer. Starring Joemon Jyothir, the film explores young love, friendship and college life through an NSS camp