ആയിഷ, ഇ.ഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മലയാള സിനിമയിലെ നിരവധി പ്രമുഖരായ വ്യക്തികൾ ചേർന്നാണ് പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരനായ ലിജീഷ് കുമാറാണ് എൻഎസ്എസ് ക്യാമ്പ് പശ്ചാത്തലമാവുന്ന ചിത്രത്തിൽ ഇന്നു സോണറ്റ് അടക്കം നിരവധി പുതുമുഖങ്ങളാണ് ഭാഗമാവുന്നത്.
യൂത്ത് റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ ജോമോൻ ജ്യോതിർ ആണ് നായകൻ. പുതുമുഖ താരമാണ് നായിക. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ,സിദ്ധിഖ്, ജുനൈസ്, സാഫ്, സഞ്ജു ശിവറാം, ഇർഷാദ് അലി, സനേഷ് ഗിന്നസ് എന്നിങ്ങനെ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
'എൻഎസ്എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട്' എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ മികച്ച ജനശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് പുരോഗമിച്ച ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങൾക്കും സമൂഹ മാധ്യങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചു.
സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്‌സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. രണദിവെയാണ് ചിത്രത്തിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ ആകാശ് ജോസഫ് വർഗീസ്. അങ്കിത് മേനോനാണ് സംഗീതമൊരുക്കുന്നത്. ഗാനങ്ങൾ രചിച്ചത് മുഹ്‌സിൻ പരാരി, സുഹൈൽ എം കോയ, മുത്തു എന്നിവർ ചേർന്നാണ്.
English Summary:
The first look poster of director Aamir Pallikkal’s upcoming Malayalam film ‘Prempatta’ has been unveiled. Featuring Saiju Kurup, Anusree, and a strong ensemble cast, the film is set against the backdrop of an NSS camp and has already gained attention through its unique casting call and social media buzz.