ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളെടുത്താൽ അതിൽ 'ഭൂതക്കണ്ണാടി'യിലെ മമ്മൂട്ടി ഉണ്ടാകുമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. തന്റെ പുതിയ സിനിമയായ 'ഐ, നോബഡി' യെ കുറിച്ച് ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
ഐഎംഡിബി വാച്ച്‌ലിസ്റ്റ് സെഗ്മന്റിലാണ് തന്റെ ഇഷ്ട സിനിമകളെ കുറിച്ച് പൃഥ്വി സംസാരിക്കാൻ തുടങ്ങിയത്. 'ബാഹുബലി, തേവർമകൻ, ഓം, ദീവാർ എന്നീ സിനിമകൾക്കൊപ്പമാണ് മലയാളത്തിൽ നിന്ന് തന്റെ ഇഷ്ടചിത്രം ഭൂതക്കണ്ണാടി ആണെന്ന് പൃഥ്വി പറഞ്ഞത്.
'ഞാൻ മുൻപ് പറയാൻ വിട്ടുപോയ സിനിമയാണ്, ഭൂതക്കണ്ണാടി. ലോഹി സാറിന്റെ (ലോഹിതദാസ്) ആദ്യ സിനിമ. സംവിധായകനായി അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. ഇന്ത്യൻ സിനിമയിലെ ഒരു നടൻ ചെയ്ത വേഷങ്ങളിൽ ഏറ്റവും മികച്ചത്. ഈ സിനിമയിലെ മമ്മൂട്ടിയുടെ അഭിനയം ഒരു പാഠപുസ്തകമാണ്. ഇന്ന് തന്നെ കാണാൻ സാധിക്കുമെങ്കിൽ നിങ്ങൾ കാണണം. വല്ലാത്തൊരു പ്രകടനമാണ് അതിൽ, അസാധ്യമെന്ന് പറയേണ്ടിവരും,' പൃഥ്വി പറഞ്ഞു.
1997 ലാണ് ഭൂതക്കണ്ണാടി തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയുടെ വിദ്യാധരൻ എന്ന കഥാപാത്രം പിൽക്കാലത്ത് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ശ്രീലക്ഷ്മി, ചേർത്തല ലളിത, കലാഭവൻ മണി, രമ്യ, സിന്ധു സ്യാം, റിസബാവ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ലോഹിതദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ.
നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം, 1997 ലെ മികച്ച ചിത്രത്തിനു സംസ്ഥാന പുരസ്‌കാരം, രണ്ട് ഫിലിം ഫെയർ പുരസ്‌കാരങ്ങൾ, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്‌കാരം എന്നിവ 'ഭൂതക്കണ്ണാടി' കരസ്ഥമാക്കി. ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണ് ഭൂതക്കണ്ണാടിയിലെ മമ്മൂട്ടിയുടെ പ്രകടനമെന്ന് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
Actor-director Prithviraj Sukumaran has praised Boothakkannadi as one of his all-time favourite films and described Mammootty's performance in the movie as one of the finest ever seen in Indian cinema. Speaking to The Hollywood Reporter India while promoting his upcoming film I, Nobody, Prithviraj discussed some of his favourite movies during the IMDb Watchlist segment. He listed Boothakkannadi alongside acclaimed classics such as Baahubali, Thevar Magan, Om, and Deewaar. According to Prithviraj, Mammootty's portrayal in Boothakkannadi ranks among the greatest performances in the history of Indian cinema.