തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആർ. മാധവൻ ബോളിവുഡിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സ്വന്തം ഇടം ഉറപ്പിച്ചിരിക്കുകയാണ്. ആരാധകർ ‘മാഡി’ എന്ന സ്നേഹനാമത്തിൽ വിളിക്കുന്ന താരം സമീപകാലത്ത് അഭിനയിക്കുന്ന ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടുകയാണ്.
മാധവൻ ഒടുവിൽ അഭിനയിച്ച ‘ധുരന്ധർ’ ഒടിടി റിലീസായതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രവും അതിന്റെ അവതരണ രീതിയും ചർച്ചയായിരിക്കുന്നത്. യഥാർഥ ജീവിത പശ്ചാത്തലമുള്ള കഥാപാത്രങ്ങളിലേക്കാണ് നിലവിൽ താരത്തിന്റെ കൂടുതൽ ശ്രദ്ധ. ഇത്തരം വേഷങ്ങൾക്കായി നടത്തുന്ന വിശദമായ തയ്യാറെടുപ്പുകളും ശാരീരിക മാറ്റങ്ങളുമാണ് പ്രേക്ഷകർ ശ്രദ്ധിക്കുന്നത്.
‘ധുരന്ധറിൽ’ അജയ് സന്യാൽ എന്ന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയ കഥാപാത്രരൂപമാണ് ചിത്രത്തിലുള്ളത്. മുംബൈ ഭീകരാക്രമണം, പാർലമെന്റ് ആക്രമണം, കാണ്ഡഹാർ വിമാനം റാഞ്ചൽ തുടങ്ങിയ രാജ്യത്തെ നടുക്കിയ സംഭവങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടങ്ങളിൽ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയുടെ പ്രവർത്തന പശ്ചാത്തലമാണ് ചിത്രത്തിന്റെ ഉള്ളടക്കം.
യാഥാർഥ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ മാധവൻ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ ‘റോക്കട്രി: ദ നമ്പി എഫക്ട്’ എന്ന ചിത്രത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അവതരിപ്പിച്ച മാധവന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിനിടെ, ‘ലെഗസി’ എന്ന വെബ് സീരിസും മാധവന്റേതായി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന സീരിസിൽ ‘പെരിയവർ’ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അതേസമയം, വ്യവസായ പ്രമുഖനായ ജി.ഡി. നായിഡുവിന്റെ ജീവിതകഥ പറയുന്ന ബയോപിക്കിലും മാധവൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്ത ചിത്രം ഏപ്രിലിൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍.
English Summary: R. Madhavan is gaining national attention by excelling in real-life inspired roles while strengthening his position in Bollywood.