വിവാദമായ ‘ദ കേരള സ്റ്റോറി 2’ എന്ന ചിത്രത്തെക്കുറിച്ച് വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചിത്രം തിയേറ്ററുകളിൽ ആളുകൾ കാണാൻ എത്തുന്നില്ലെന്നത് സന്തോഷകരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും എന്താണെന്ന് രാജ്യത്തെ ഭൂരിപക്ഷം ആളുകൾക്കറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടുക്കിയിലെ കുട്ടിക്കാനത്ത് വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പ്രതികരണം.
ആളുകളെ അവഹേളിക്കാനും സമുദായങ്ങളെ തമ്മിൽ അകറ്റാനും വിഭാഗീയത സൃഷ്ടിക്കാനും ചില സാഹചര്യങ്ങളിൽ സിനിമയും ടെലിവിഷനും മറ്റു മാധ്യമങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിലർ ചിത്രങ്ങൾ നിർമ്മിക്കുകയോ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പറയുകയോ ആശയങ്ങളെ പിന്തുണയ്ക്കുകയോ ചെയ്യുമ്പോൾ ആക്രമണങ്ങൾ നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താനും പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചില ആശയങ്ങൾ എത്ര വേണമെങ്കിലും പ്രചരിപ്പിക്കാൻ കഴിയുന്ന അവസ്ഥയും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം പ്രചാരണങ്ങൾക്ക് വലിയ തോതിൽ പണം ചെലവഴിക്കപ്പെടുന്നതായും ഇത് രാജ്യത്തിന് ദോഷകരമായ പ്രവണതയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
English Summary: Rahul Gandhi said it is encouraging that the controversial film The Kerala Story 2 is not attracting audiences in theatres. Speaking to students in Kuttikkanam, he also warned that films and media are sometimes used to spread division and target communities.