Entertainment News

രാജേഷ് എല്ലാം അറിയുന്നുണ്ട്! 1 കൊല്ലമായി കിടപ്പിലാണ്, അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു; കുറിപ്പുമായി സുഹൃത്ത്

‘ലോക’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Entertainment Desk

ഹൃദയാഘാതത്തെ തുടർന്ന് 1 കൊല്ലമായി ചികിത്സയിൽ കഴിയുകയാണ് നടനും അവതാരകനുമായ രാജേഷ് കേശവ്. ‘ലോക’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹം നിലവിൽ തിരുവനന്തപുരത്താണ് തുടരുന്നത്.

രാജേഷ് കിടപ്പിലായിട്ട് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ പ്രതാപ് ജയലക്ഷ്മി പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. രാജേഷ് ഇപ്പോഴും കിടപ്പിലാണെങ്കിലും ചുറ്റുപാടുകളെക്കുറിച്ച് ബോധ്യമുണ്ടെന്നും പ്രതാപ് പറയുന്നു. ‘അവൻ എല്ലാം അറിയുന്നുണ്ട്. അത് അവന്റെ മുഖത്ത് നിന്ന് ഞങ്ങൾക്ക് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്’ എന്നാണ് പ്രതാപ് ജയലക്ഷ്മി പറഞ്ഞത്. പ്രിയ സുഹൃത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും.

പ്രതാപ് ജയലക്ഷ്മിയുടെ വാക്കുകൾ:

"രാജേഷ് കിടപ്പിലായിട്ടു ഒരു വർഷമായി അല്ലേ" എന്ന് ചോദിച്ചത് വേഫയർ ഫിലിംസിലെ സംഗീതാണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങൾ എങ്ങിനെ മറക്കാനാണ്.

രാജേഷ് ഇപ്പോഴും കിടപ്പിലാണ്, പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോടു പറയും. കൂട്ടുകാരുടെ കാര്യങ്ങൾ, സിനിമാ വിശേഷങ്ങൾ, അവന്റെ കാര്യങ്ങൾ തിരക്കി വിളിക്കുന്നവരുടെ പേരുകൾ, മെസ്സേജുകൾ എല്ലാം. ചിലപ്പോൾ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേൾക്കും, ചിലപ്പോൾ പാതി മിഴിയിൽ എല്ലാം അവസാനിപ്പിക്കും. നല്ല മൂഡാണെങ്കിൽ കൈ പിടിക്കുമ്പോൾ നമ്മുടെ കൈ അവൻ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.

ഇപ്പോഴും തെറാപ്പി മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ലേക് ഷോർ ഹോസ്പിറ്റലിൽ രാജേഷിനു കൂട്ടായി ഇരിക്കുകയായിരുന്നു ഞങ്ങൾ പലരും. ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ ഹരിച്ചേട്ടൻ കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജിൽ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ: ഷീനയും ഉണ്ടായിരുന്നു. സൗദിയിൽ നിന്നും നിഹാദും, ആലപ്പുഴയിൽ നിന്നും രാജീവേട്ടനും, കാനഡയിൽ നിന്നും ബിജുവും വിളിച്ചു.

തിരുവോണ ദിവസം സിന്ധു ഒരു നീളൻ കുപ്പായം തയ്‌പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരുത്തി. രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടിൽ ചെറുതായി നനച്ചു കൊടുത്തു. കഴിഞ്ഞു വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ ആയിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി. രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും സ്നേഹത്തിനും പൂർണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അന്നായിരിക്കും ഞങ്ങളുടെ യഥാർത്ഥ ഓണം.

Actor and television host Rajesh Keshav has been undergoing treatment for a year after suffering a heart attack during a promotional event for the film Lokah. His close friend Prathap Jayalakshmi shared an emotional update, saying Rajesh remains bedridden but understands everything around him. Friends continue hoping for his recovery.