Entertainment News

'ഹൃദയം നിറഞ്ഞു'; ഇരട്ടക്കുട്ടികളുടെ ആദ്യ ചിത്രം പങ്കുവെച്ച് രാം ചരണും ഉപാസനയും

ശിവ്റാം എന്നും അന്‍വീര ദേവി എന്നുമാണ് ഇരട്ടകുട്ടികളുടെ പേര്

Entertainment Desk

നടന്‍ രാം ചരണും ഭാര്യയും സംരംഭകയുമായ ഉപാസന കൊനിഡേലയും തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ആദ്യ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചു. മൂന്ന് മക്കളുടെയും കൈകള്‍ കോര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. 'ഹൃദയം നിറഞ്ഞു' എന്ന അടിക്കുറിപ്പോടും ഇന്‍ഫിനിറ്റി ഇമോജിയോടും കൂടി ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ ഒരുമിച്ചാണ് കുട്ടികളുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. താരങ്ങളുടെ പതിനാലാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് കുട്ടികളുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

2023 ജൂണ്‍ 20-ന് ജനിച്ച ഇവരുടെ മൂത്ത മകള്‍ ക്ലിന്‍ കാര ഉള്‍പ്പെടെ, മൂന്ന് മക്കളെയും ഒരുമിച്ച് ആരാധകര്‍ ആദ്യമായാണ് ഈ പോസ്റ്റിലൂടെ കാണുന്നത്. ശിവ്റാം എന്നും അന്‍വീര ദേവി എന്നുമാണ് ഇരട്ടകുട്ടികളുടെ പേര്. കുട്ടികളുടെ പേരുകള്‍ക്ക് പിന്നിലെ അര്‍ത്ഥത്തെക്കുറിച്ച് രാം ചരണ്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തന്റെ പിതാവ് ചിരഞ്ജീവിയുടെ യഥാര്‍ത്ഥ പേരായ ശിവശങ്കര വരപ്രസാദില്‍ നിന്നും ശിവന്റെയും ശ്രീരാമന്റെയും പേരുകളില്‍ നിന്നുമാണ് 'ശിവ്റാം' എന്ന പേര് രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 'വീര' എന്നാല്‍ ധീരത എന്നാണ്, 'ദേവി' എന്നാല്‍ കരുത്തും കൃപയും ഒരുമിച്ച് ചേരുന്നതാണ്, മകളുടെ പേരിനെക്കുറിച്ച് ചരണ്‍ പറഞ്ഞത് ഇങ്ങനെയാണ്.

മാതൃത്വത്തെക്കുറിച്ച് ഉപാസന

'ആദ്യ തവണ എല്ലാം പുതിയതായിരുന്നു. ആ അനുഭവം മനോഹരമായിരുന്നെങ്കിലും അല്‍പ്പം പരിഭ്രാന്തി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഞാന്‍ കൂടുതല്‍ ശാന്തയും പക്വതയുള്ളവളുമായെന്ന് സ്വയം അനുഭവപ്പെട്ടു. ചെറിയ കാര്യങ്ങളെച്ചൊല്ലി പരിഭ്രാന്തയാവാതെ കാര്യങ്ങള്‍ വിട്ടുകളയാന്‍ ഞാന്‍ പഠിച്ചു', രണ്ടാമതും അമ്മയായതിനെക്കുറിച്ചുള്ള അനുഭവത്തെ കുറിച്ച് അവര്‍ പറഞ്ഞു.

മൂത്ത മകള്‍ കാരയ്ക്കൊപ്പം ഇരട്ടക്കുട്ടികളെയും വളര്‍ത്തുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും എന്നാല്‍ സംതൃപ്തി നല്‍കുന്നതുമായ കാര്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 'എന്റെ മൂന്ന് മക്കളെയും ഒരുമിച്ച് കാണുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയില്ല. രാം എല്ലാ കാര്യത്തിനും കൂടെയുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ കുട്ടികള്‍ക്കും തുല്യമായ സ്‌നേഹവും സുരക്ഷിതത്വവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാനം.'

ഗര്‍ഭകാലത്തും താന്‍ സജീവമായി ജോലി ചെയ്തിരുന്നതായി ഉപാസന പറഞ്ഞു. 'എന്റെ തൊഴില്‍ മേഖലയില്‍ അവധി എന്നൊന്നില്ല. ഞാന്‍ അങ്ങനെയാണ് ശീലിച്ചിരിക്കുന്നത്. എന്റെ ജോലി എനിക്ക് ലക്ഷ്യബോധവും സന്തോഷവും തരുന്നു, എന്റെ കുട്ടികള്‍ എനിക്ക് വളരെ പവിത്രമായ ആനന്ദം നല്‍കുന്നു. രണ്ടിനും അതിന്റെതായ ശ്രദ്ധയും വളരാനുള്ള സാഹചര്യവും നല്‍കേണ്ടതുണ്ട്', അവര്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവില്‍ 2012 ജൂണിലായിരുന്നു രാം ചരണും ഉപാസനയും വിവാഹിതരായത്. അപ്പോളോ ഹോസ്പിറ്റല്‍സ് സ്ഥാപകന്‍ പ്രതാപ് സി. റെഡ്ഡിയുടെ പേരക്കുട്ടിയാണ് ഉപാസന. ബുച്ചി ബാബു സന സംവിധാനം ചെയ്ത 'പെദ്ദി' എന്ന ചിത്രത്തിലാണ് രാം ചരണ്‍ ഒടുവിലായി അഭിനയിച്ചത്. ജാന്‍വി കപൂറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Summary

Actor Ram Charan and entrepreneur Upasana Konidela have shared the first photograph of their twin children with fans on the occasion of their 14th wedding anniversary. The couple posted a heartwarming image showing the hands of all three of their children, including their eldest daughter Klin Kaara, born in June 2023