'അമ്മ' സംഘടനയിലെ ആഭ്യന്തര തർക്കങ്ങളും മുൻ കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ രമേഷ് പിഷാരടി. നടി ശ്വേത മേനോൻ ഈ ശബ്ദസന്ദേശം പരസ്യമാക്കിയത് തനിക്ക് വ്യക്തിപരമായി വലിയ വേദനയുണ്ടാക്കിയെന്ന് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. വളരെ കോൺഫിഡൻഷ്യൽ ആയി സുഹൃത്തിനോട് സംസാരിച്ച കാര്യങ്ങൾ പുറത്തുവിട്ടതിലൂടെ വലിയൊരു വിശ്വാസ്യതയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഒരു അനുരഞ്ജന ചർച്ചയുടെ ഭാഗമായാണ് താൻ ശ്വേതയുമായി സംസാരിച്ചതെന്ന് പിഷാരടി വ്യക്തമാക്കി. സുഹൃത്തുക്കൾ തമ്മിൽ വളരെ സ്നേഹത്തോടെയും വിശ്വാസത്തോടെയുമാണ് കാര്യങ്ങൾ സംസാരിക്കുന്നത്. ആ ഫോൺ കോളിൽ അവരുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ കൂടി കേട്ടുകൊണ്ടാണ് താൻ പ്രതികരിച്ചത്. അത് പൊതുസമൂഹം കേൾക്കാനോ വിലയിരുത്താനോ വേണ്ടിയുള്ള ഒന്നായിരുന്നില്ല. തനിക്കുണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴം വെച്ചുനോക്കുമ്പോൾ, ആ ശബ്ദസന്ദേശം പുറത്തുവിട്ടത് തന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ അഡ്ഹോക്ക് കമ്മിറ്റിയിൽനിന്ന് താൻ മാറുന്നതായും രമേഷ് പിഷാരടി സ്ഥിരീകരിച്ചു. എന്നാൽ 'അമ്മ'യുടെ പ്രാഥമിക അംഗത്വം താൻ രാജിവെച്ചിട്ടില്ല. തന്റെ രാജി ഒരു കൃത്യമായ പ്രഖ്യാപനമാണെന്നും, കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ രാജി പിൻവലിച്ച് മടങ്ങിവരാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
എനിക്കുണ്ടായിരുന്നൊരു സൗഹൃദത്തിന്റെ ആഴം വെച്ചിട്ട് ആകെ ഈയൊരു കാര്യം എനിക്കൊരു ചെറിയ വേദന തോന്നിയുള്ളൂ, വേറൊന്നുമല്ല. എന്റെ ഈ രാജിക്ക് ഇനി ഞാൻ കത്ത് കൊടുത്തില്ലെങ്കിലും ഇതൊരു ഡിക്ലറേഷൻ ആണ്. ഒരു കുറച്ചു പതിനഞ്ചു ദിവസം കഴിയുമ്പോൾ ഈ രാജി രാജി അല്ലെന്നും പറഞ്ഞ് ഞാൻ വരികയല്ല. നമ്മൾ ഏഴുമണിക്ക് മീറ്റിംഗ് കൂടുമ്പോൾ പെട്ടെന്ന് കറണ്ട് പോയാൽ, മെഴുകുതിരി കത്തിക്കണോ വിളക്ക് കത്തിക്കണോ എന്നത് ബൈലോയിൽ ഉണ്ടാകില്ല. എല്ലാവരും രാജിവെച്ചു പോകുന്ന ഘട്ടങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ജനറൽ ബോഡിക്കാണ്. സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നടക്കാൻ ഒരു താല്ക്കാലിക സംവിധാനം വേണം. അതിനെ അഡ്ഹോക്ക് കമ്മിറ്റിയെന്നോ, സൗഹൃദ കൂട്ടായ്മയെന്നോ, കുടുംബശ്രീയെന്നോ എന്തുവേണമെങ്കിലും വിളിക്കാം, പക്ഷേ അവിടെ കാര്യങ്ങൾ നടക്കാൻ ഒരു തലവൻ വേണംരമേഷ് പിഷാരടി
സംഘടനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആരോപണങ്ങൾ അതിന് പിന്നിലുള്ളവരും കേട്ടവരും തമ്മിൽ തെളിയിക്കട്ടെയെന്നും തനിക്ക് ആരോടും വ്യക്തിപരമായ ദേഷ്യമോ ശത്രുതയോ ഇല്ലെന്നും പിഷാരടി പറഞ്ഞു. ഇനി ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലെന്നും താനിപ്പോൾ സംഘടനയിലെ ഒരു സാധാരണ അംഗം മാത്രമാണെന്നും പിഷാരടി വ്യക്തമാക്കി.
Ramesh Pisharody has reacted to the leaked phone call controversy involving AMMA, saying the release of his confidential conversation with Swetha Menon caused him deep personal pain. He also confirmed stepping down from the ad-hoc committee while continuing as an AMMA member