Entertainment News

'അന്ന് മമ്മൂക്കയുടെ കുട്ടിക്കാലം ചെയ്ത സീൻ വെട്ടിപ്പോയി, ഇന്ന് അദ്ദേഹത്തിനൊപ്പം പ്രധാനം വേഷം'; വൈകാരിക കുറിപ്പുമായി ഋതുദേവ് അയ്യപ്പൻ

രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആൻഡ് ഓർഡർ' തിയേറ്ററുകളിലെത്തിയതിന് പിന്നാലെയാണ് സിനിമയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് യുവനടൻ ഋതുദേവ് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്.

Entertainment Desk

രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രം 'ലോ ആൻഡ് ഓർഡർ' തിയേറ്ററുകളിലെത്തിയതിന് പിന്നാലെ, സിനിമയിലേക്കുള്ള തന്റെ യാത്ര ഓർത്തെടുത്ത് യുവനടൻ ഋതുദേവ് അയ്യപ്പൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി നാടകരംഗത്തേക്ക് എത്തിയതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഋതുദേവ് പറയുന്നു. മമ്മൂട്ടി അതിഥിതാരമായി എത്തിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചത്.

2013 ജൂൺ എട്ടിനാണ് ഋതുദേവ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. സ്‌കൂൾ കലോത്സവങ്ങളിൽ സജീവമായിരുന്ന ഋതുദേവിന് പത്താം വയസ്സിൽ മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. പിന്നീട് 2021-ൽ കേരള യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനോടകം മുന്നൂറിലധികം വേദികളിലായി ഇരുപത്തഞ്ചിലേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് 2014-ൽ പുറത്തിറങ്ങിയ 'മംഗ്ലീഷ്' എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു പാട്ട് സീനിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം ചെയ്യാൻ അവസരം ലഭിക്കുന്നത്. എന്നാൽ ആ സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് അന്ന് വലിയ വിഷമമുണ്ടാക്കുകയും ചെയ്തെന്നും ഋതുദേവ് പറയുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം 23-ാം വയസ്സിൽ അതേ മമ്മൂട്ടിയുടെ സിനിമയിൽ 'അരുൺ അയ്യപ്പൻ' എന്ന പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് താരം.

''ചെറുപ്പം മുതലേ അച്ഛൻ എന്നെ ഓഡിഷനുകൾക്ക് കൊണ്ടുപോവുമായിരുന്നു. അങ്ങനെ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് 2014-ൽ റിലീസായ മമ്മൂക്കയുടെ മംഗ്ലീഷ് എന്ന സിനിമയിൽ ഒരു പാട്ട് സീനിൽ മമ്മൂക്കയുടെ ചെറുപ്പകാലം ചെയ്യാൻ അവസരം ലഭിച്ചത്. എന്നാൽ, ആ പാട്ട് സീൻ കട്ടായിപ്പോവുകയും എന്റെ അവസരം നഷ്ടപ്പെടുകയും ചെയ്തു. അന്ന് എനിക്ക് ഒരുപാട് വിഷമമായി. എന്നാൽ, വർഷങ്ങൾക്കിപ്പുറം അതേ മമ്മൂക്കയുടെ സിനിമയിൽ തന്നെ എന്റെ ആദ്യത്തെ പ്രധാന കഥാപാത്രമായ അരുൺ അയ്യപ്പനായി അഭിനയിക്കാൻ സാധിച്ചു. ‘അന്ന് ഒരു സീൻ കട്ടായാൽ എന്താ, ഇന്ന് ഒരു പ്രധാന കഥാപാത്രത്തെ ചെയ്യാൻ കഴിഞ്ഞില്ലേ’, എന്ന് പടം കണ്ട് ഇറങ്ങിയപ്പോൾ അമ്മ ചോദിച്ചു. 2025 നവംബറിലാണ് എന്നെ ലോ ആൻഡ് ഓർഡർ സിനിമയുടെ ഓഡിഷനിലേക്ക് വിളിക്കുന്നത്. ഏറ്റവും അവസാനം തിരഞ്ഞെടുക്കപ്പെട്ട് ഞാനായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെ ഒരു അവസരം വന്നത്. ഓഡിഷനുപോയപ്പോൾ ഇത്രയും വലിയ കഥാപാത്രമായിരിക്കും എന്ന് ഒരിക്കലും കരുതിയില്ല. ഒരു എസ്.ഐക്ക് വേണ്ട ഫിസിക് അന്ന് എനിക്ക് ഇല്ലാതിരുന്നിട്ടും എന്റെ അഭിനയത്തെ വിശ്വസിച്ച് അരുൺ അയ്യപ്പൻ എന്ന കഥാപാത്രം തന്ന രഞ്ജിത്ത് സാറിനും കാസ്റ്റിങ് ഡയറക്ടർ ശാലിനിക്കും ഒരുപാട് നന്ദി. അങ്ങനെ ഞാൻ കാത്തിരുന്ന എന്റെ വെള്ളിയാഴ്ച എത്തി. ഇറങ്ങുന്ന മിക്ക സിനിമകളും തിയേറ്ററിൽ പോയി കാണുന്ന ഞാൻ 2026 സെപ്റ്റംബർ 18 വെള്ളിയാഴ്ച പോയത്, ഞാൻ അഭിനയിച്ച സിനിമ കാണാനാണ്- ലോ ആൻഡ് ഓർഡർ. സിനിമ കണ്ടതിന് ശേഷം ഒരുപാടുപേർ വിളിച്ചു നല്ല അഭിപ്രായങ്ങൾ പറഞ്ഞു അഭിനന്ദിച്ചു. അരുൺ അയ്യപ്പനെ സ്‌നേഹിച്ച എല്ലാവർക്കും, എന്റെ അച്ഛനും അമ്മയ്ക്കും എന്റെ നാടക ആശാൻ ജോബ് മാമനും എന്റെ നാടകക്കാർക്കും സുഹൃത്തുക്കൾക്കും എന്നെ സ്‌നേഹിക്കുന്ന എല്ലാവർക്കും എന്റെ സ്‌നേഹവും നന്ദിയും. ഇവിടെവരെ എത്തിച്ച എന്റെ നാടകങ്ങൾക്കും നന്ദി. ഇത് എന്റെ നല്ലൊരു തുടക്കം മാത്രം'' എന്ന് ഋതുദേവ് കുറിച്ചു.

പ്രകാശ് വർമ നായകനായ ചിത്രത്തിൽ കാമിയോ റോളിലാണ് മമ്മൂട്ടി എത്തിയത്. രഞ്ജിത്ത് മുൻപ് സംവിധാനം ചെയ്ത 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന കഥാപാത്രമായി തന്നെയാണ് മമ്മൂട്ടി ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. അഭിരാമി നായികയായ ചിത്രത്തിൽ ഡോൺ മൈക്കിൾ, സജൽ സുദർശനൻ, ഷനൂദ് ഇബ്രാഹിം, നിജാദ് ബാബു തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2026 സെപ്റ്റംബർ 18-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Rithudev Ayyappan recalls his early opportunity to play Mammootty’s younger version in Manglish, a scene that was later cut, and shares his happiness about eventually playing a major role alongside the actor in Law and Order.