ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി ആർഎസ്എസ് അനൗദ്യോഗിക സമിതി രൂപീകരിച്ചു. മുൻ വൈസ് ചാൻസലർമാരടക്കം ഉൾപ്പെടുന്ന സംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ഒടിടി ഉള്ളടക്കത്തിലൂടെ ഉണ്ടാകുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടുന്ന ‘സാംസ്‌കാരിക അധഃപതനം’ തടയുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. തിയേറ്റർ റിലീസ് ചെയ്യുന്ന സിനിമകൾക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിയന്ത്രണമുള്ളതുപോലെ, ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണ സംവിധാനമോ സെൻസർഷിപ്പോ ഏർപ്പെടുത്തണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം.
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം കുടുംബങ്ങളിലും യുവതലമുറയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കുകയാണ് സമിതിയുടെ മറ്റൊരു ലക്ഷ്യം. മുൻ വൈസ് ചാൻസലർമാർ, സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ, ആർഎസ്എസ് പ്രചാരകർ എന്നിവരടങ്ങുന്നതാണ് സംഘടന രൂപീകരിച്ച അനൗദ്യോഗിക സമിതി. ഇത്തരം ഉള്ളടക്കങ്ങൾക്ക് നിയമപരമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള നിർദേശങ്ങൾ സമിതി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികാരികൾക്കും സമർപ്പിക്കും. നിയമ വിദഗ്ധരുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് 1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം സെൻസർ ബോർഡിന്റെ അനുമതി നിർബന്ധമാണ്. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സമാനമായ പ്രത്യേക സെൻസർഷിപ്പ് സംവിധാനം നിലവിലില്ല. 2021ലെ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ അനുസരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതും ഐടി നിയമങ്ങൾ ലംഘിച്ചതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്ര സർക്കാർ നിരോധിക്കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തതായി വാർത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ പാർലമെന്റിൽ അറിയിച്ചിരുന്നു.
കുടുംബ മൂല്യങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആർഎസ്എസിന്റെ ‘കുടുംബ ബോധൻ’ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിവരം. ഒടിടി പ്ലാറ്റ്ഫോമുകളിലെ ചില ഉള്ളടക്കങ്ങൾ സമൂഹത്തിൽ ‘ധാർമ്മിക അധഃപതനത്തിന്’ വഴിയൊരുക്കുന്നുവെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും 2024 ഒക്ടോബറിലെ വിജയദശമി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
RSS has formed an informal committee to monitor OTT content and study its impact on families and youth. The committee, comprising former vice-chancellors, cultural figures and RSS members, has proposed regulatory measures or censorship for OTT platforms, similar to theatrical films. Its recommendations may be submitted to the government.