ആര്യൻ ഖാന്റെ നെറ്റ്ഫ്‌ളിക്സ് പരമ്പരയായ 'ബാഡ്സ് ഓഫ് ബോളിവുഡി'നെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മുംബൈ കോടതിയെ സമീപിച്ച് ഇന്ത്യൻ റെവന്യൂ ഉദ്യോഗസ്ഥൻ സമീർ വാംഖഡെ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് സമീർ വാംഖഡെ.
കേസ് പരിഗണിക്കാൻ പ്രാദേശിക അധികാരപരിധിയില്ലാത്തതിനാൽ, മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ വാംഖഡെയെ നിർദ്ദേശിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. വാംഖഡെയുടെ വസതിയും, 'ബാഡ്സ് ഓഫ് ബോളിവുഡ്’ പരമ്പര നിർമ്മിച്ച ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസിന്റെ ഓഫീസും സ്ഥിതി ചെയ്യുന്നത് മുംബൈയിലായതിനാലാണ് ഹർജി മുംബൈ ഹൈക്കോടതിയിൽ പരിഗണിക്കുന്നത്.
2021ലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പ്രതികാരമായി, 'ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന പരമ്പരയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതെന്നാണ് സമീർ വാംഖഡെയുടെ ആരോപണം. പരമ്പര, മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും വാംഖഡെ ആരോപിച്ചിട്ടുണ്ട്. ആര്യൻ ഖാന്റെ പരമ്പര, നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുന്നുവെന്നും വാംഖഡെ പറഞ്ഞു. മാത്രമല്ല, പരമ്പര നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്തത് മുതൽ തനിക്കും കുടുംബത്തിനുമെതിരെ ട്രോളുകളും ഭീഷണികളും ഉയരുകയാണെന്നും വാംഖഡെ ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
തന്റെ രൂപത്തിനോടും പെരുമാറ്റരീതികളോടും സാമ്യമുള്ള കഥാപാത്രം പരമ്പരയിലുണ്ട്. ആ രംഗങ്ങൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനുമെതിരെ ഇടക്കാല നിർദേശങ്ങൾ തേടിയാണ് വാംഖഡെ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, പരമ്പരയിലെ ഭാഗങ്ങൾ ആരെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതല്ലെന്ന് സംവിധായകൻ ആര്യൻ ഖാനും, നിർമാണ കമ്പനി റെഡ് ചില്ലീസും, വ്യക്തമാക്കി.
English Summary: Sameer Wankhede has approached the Mumbai High Court against Aryan Khan’s web series Bads of Bollywood, alleging defamation after the Delhi High Court rejected his earlier plea on jurisdictional grounds.