Entertainment News

'അമ്മ'യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതു മുതല്‍ വേട്ടയാടുന്നു, പവര്‍ ഗ്രൂപ്പ് തുറന്നുകാട്ടപ്പെട്ടു; ശ്വേത മേനോന്‍

'ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ 'പവര്‍ ഗ്രൂപ്പിനെ' ഒരിക്കലും ഒറ്റയ്ക്ക് നേരിടാന്‍ ആവില്ല എന്നത് ഞാന്‍ അമ്മ പ്രസിഡന്റായി മത്സരിച്ച അന്നു മുതല്‍ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ മനസ്സിലാകും'

Entertainment Desk

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ശ്വേത മേനോന്‍. സിനിമയില്ലാത്തവരും ഫീല്‍ഡ് ഔട്ടായവരുമാണ് 'അമ്മ'യിലുള്ളതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയോടെയാണ് ശ്വേതയുടെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. സ്ഥിരവരുമാനമില്ലാത്ത സാധാരണക്കാരായ കലാകാരന്മാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും എന്നാല്‍ അവര്‍ക്കായുള്ള ഫണ്ടില്‍ ചില കുറ്റാരോപിതര്‍ സാമ്പത്തിക തിരിമറി നടത്തിയെന്നും ശ്വേത ആരോപിക്കുന്നു.

'സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാര്‍ അമ്മയിലുണ്ട് എന്നത് സത്യമാണ്. ആരുടെയെങ്കിലും മുന്നില്‍ കൈ നീട്ടാതെ ജീവിക്കാനും മരുന്ന് വാങ്ങാനും ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് അമ്മയുടെ ലക്ഷ്യം. ഇതിനുള്ള പണം കണ്ടെത്താനാണ് മമ്മൂക്കയും ലാലേട്ടനും അടക്കമുള്ള താരങ്ങള്‍ സമയം മാറ്റിവെച്ച് സംഘടനയുടെ പരിപാടികളില്‍ പങ്കെടുക്കുന്നത്. സഹായിക്കാന്‍ മുന്നോട്ട് വരുന്നവരുടെ ജാതിയോ മതമോ പശ്ചാത്തലമോ ഞങ്ങള്‍ നോക്കാറില്ല.

അമ്മയിലെ അംഗങ്ങളുടെ ചികിത്സയ്ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടില്‍ ചില കുറ്റാരോപിതര്‍ മുന്‍പ് നടത്തിയ സാമ്പത്തിക തിരിമറികള്‍ ഞാന്‍ കണ്ടെത്തി. ആ കാര്യങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് എന്നെ അവര്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ജനറല്‍ ബോഡി മീറ്റിംഗില്‍ എന്നെ കൈയേറ്റം ചെയ്യാന്‍ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് സംഘടനയില്‍ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചത്', ശ്വേത മേനോന്‍ കുറിച്ചു.

ഇതിനുപിന്നില്‍ പവര്‍ ഗ്രൂപ്പ് ആണെന്നും ആ പവര്‍ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്നും ശ്വേത പറയുന്നു. 'ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ 'പവര്‍ ഗ്രൂപ്പിനെ' ഒരിക്കലും ഒറ്റയ്ക്ക് നേരിടാന്‍ ആവില്ല എന്നത് ഞാന്‍ അമ്മ പ്രസിഡന്റായി മത്സരിച്ച അന്നു മുതല്‍ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാല്‍ മനസ്സിലാകും. ഈ കുറ്റാരോപിതര്‍ ചെയ്യുന്ന തിരിമറികള്‍ക്കും തട്ടിപ്പുകള്‍ക്കും എന്തിനാണ് ചീത്തപ്പേര് കേള്‍ക്കുന്നത് എന്ന് ചിന്തിച്ചിട്ടല്ലേ ലാലേട്ടന്‍ വരെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയത്?', ശ്വേത ചോദിക്കുന്നു.

നുണക്കഥകള്‍ പ്രചരിപ്പിച്ചും അപകീര്‍ത്തിപ്പെടുത്തിയും തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയാലും ഈ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശ്വേത വ്യക്തമാക്കുന്നു. ഇത് സ്ഥാനങ്ങള്‍ക്കോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ല, മറിച്ച് സാധാരണ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ്. ഇതില്‍ തോറ്റുപോയാലും സാരമില്ലെന്നും, ഈ പോരാട്ടത്തിലൂടെ ആ 'പവര്‍ ഗ്രൂപ്പ്' അമ്മയുടെ മെമ്പേഴ്‌സിന്റെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടു കഴിഞ്ഞുവെന്നും അത് തന്നെയാണ് തന്റെ വിജയമെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

AMMAയിലുള്ള മിക്കവരും ഫീൽഡ് ഔട്ട് ആയവരാണ്, ഇവർക്കൊന്നും സിനിമയില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ സംഘടനയെ പലരും സോഷ്യൽ മീഡിയയിൽ കളിയാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഞാൻ ഒരു കാര്യം തുറന്ന് പറയട്ടെ… അത് ഒരു സത്യമാണ്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാർ അമ്മയിലുണ്ട്. ആരുടെയെങ്കിലും മുന്നിൽ കൈ നീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവർക്ക് കൈത്താങ്ങാവുക എന്നതാണ് AMMAയുടെ സ്ഥാപിത ലക്ഷ്യം. ഇതിനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് ലാലേട്ടനും മമ്മൂക്കയും മറ്റ് സ്റ്റാർ വാല്യൂ ഉള്ള താരങ്ങളും അവരുടെ സമയവും അധ്വാനവും ചിലവഴിച്ച് AMMAയുടെ സ്പോൺസർഡ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത്. ആ പണം തരുന്നത് ഹിന്ദുവാണോ, മുസ്ലീമാണോ, ക്രിസ്ത്യാനിയാണോ, അമ്പലമാണോ, പള്ളിയാണോ, അംബാനിയാണോ, അദാനിയാണോ എന്നൊന്നും ഞങ്ങൾ ഒരിക്കലും നോക്കിയിട്ടില്ല. സഹായിക്കാൻ മുന്നോട്ട് വരുന്ന എല്ലാവരെയും ഞങ്ങൾ ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളത്.

പക്ഷേ, അമ്മയുടെ അംഗങ്ങൾക്ക് അവകാശപ്പെട്ട ഫണ്ട്… അവരുടെ ചികിത്സയ്ക്കും മരുന്നിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ ഞാൻ കണ്ടെത്തി.

ആ കാര്യങ്ങൾ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാണ് എന്നെ അവർ അപമാനിക്കാൻ ശ്രമിച്ചത്. General Body മീറ്റിംഗിൽ എന്നെ കൈയേറ്റം ചെയ്യാൻ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് ഞാൻ അമ്മയിൽ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചത്.

ഒരു സാധാരണ സ്ത്രീക്ക് മലയാള സിനിമയിലെ ആ “power group”നെ ഒരിക്കലും ഒറ്റയ്ക്ക് നേരിടാൻ ആവില്ല എന്നത് ഞാൻ AMMA പ്രസിഡന്റായി മത്സരിച്ച അന്നു മുതൽ ഇന്ന് വരെ ഞാൻ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസ്സിലാകും. എന്തിന് ലാലേട്ടൻ വരെ AMMAയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പോയില്ലേ? ഈ കുറ്റാരോപിതർ ചെയ്യുന്ന തിരിമറികൾക്കും തട്ടിപ്പുകൾക്കും എന്തിന് ചീത്തപ്പേര് കേൾക്കണം എന്ന് ലാലേട്ടൻ വരെ ചിന്തിച്ചില്ലേ?. ഞാൻ നടത്തിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിലും എന്റെ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടത്തിനോ ആയിരുന്നില്ല. AMMAയിൽ സാമ്പത്തിക തിരിമറി നടത്തിയവർക്കെതിരെയും ചില കുറ്റാരോപിതർക്കെതിരെയുമാണ് എന്റെ പോരാട്ടം. നുണക്കഥകൾ പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്തിയും എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവർ കരുതുന്നത്.

എന്നെക്കുറിച്ച് എത്ര നുണകൾ പ്രചരിപ്പിച്ചാലും, എത്ര അപമാനിച്ചാലും, ഈ പോരാട്ടത്തിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ടില്ല. കാരണം, ഇത് AMMAയുടെയും അതിലെ സാധാരണ അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഇനി ഞാൻ ഇതിൽ തോറ്റുപോയാലും സാരമില്ല. കാരണം, ഈ പോരാട്ടത്തിലൂടെ ആ power group അമ്മയുടെ മെമ്പേഴ്സിന്റെ മുന്നിൽ expose ചെയ്യപ്പെട്ടുകഴിഞ്ഞു.

അതുതന്നെയാണ് എന്റെ ഏറ്റവും വലിയ വിജയം.

Shweta Menon has alleged financial irregularities within the Association of Malayalam Movie Artists (AMMA), claiming she uncovered misappropriation of welfare funds meant for financially struggling members. In a Facebook post, she said she faced humiliation, cyberattacks, and even an alleged attempt to assault her during a General Body meeting after questioning the alleged irregularities. Shweta also claimed that a powerful group within the Malayalam film industry has targeted her since she contested for the AMMA president's post.