Entertainment News

'അത് ദൗർബല്യമല്ല... ആത്മാഭിമാനമായിരുന്നു, 'അമ്മ'യിലെ സാമ്പത്തിക ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റിങ് വേണം'; ശ്വേത മേനോൻ

മുൻ ഭരണസമിതിയിലെ ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേടുകൾ അന്വേഷിക്കാൻ നിക്ഷിപ്ത താല്പര്യക്കാർ അനുവദിച്ചില്ല

Entertainment Desk

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തുറന്നടിച്ച് ശ്വേത മേനോൻ. ആരുടെയും കളിപ്പാവയാകാൻ താല്പര്യമില്ലാത്തതിനാലാണ് താൻ സ്ഥാനമൊഴിഞ്ഞതെന്നും, ആ തീരുമാനം തന്റെ ബലഹീനതയല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നും അവർ വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പിലാണ് രാജിക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങളും സംഘടനയ്ക്കുള്ളിലെ അടിയൊഴുക്കുകളും താരം തുറന്നുകാട്ടിയത്. പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച ശ്വേത, ചില യാഥാർത്ഥ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യമുള്ളതിനാലാണ് ഈ തുറന്നുപറച്ചിലെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിന് മുൻപേ തുടങ്ങിയ വേട്ടയാടൽ

'അമ്മ'യുടെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി തുടങ്ങിയവരെ മുൻനിർത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടന്നിരുന്നുവെന്ന് ശ്വേത ആരോപിക്കുന്നു. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെയാണ് താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും തന്റെ കഴിവിന്റെ പരമാവധി സംഘടനയ്ക്കായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ മുൻ ഭരണസമിതിയിലെ ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേടുകൾ അന്വേഷിക്കാൻ നിക്ഷിപ്ത താല്പര്യക്കാർ അനുവദിച്ചില്ലെന്നും അവർ തുറന്നടിച്ചു.

സംഘടനയുടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും (തന്റെ ഭരണകാലം ഉൾപ്പെടെ) അക്കൗണ്ടുകൾ കർശനമായി പരിശോധിക്കപ്പെടണം. പൂർണ്ണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റിങ് തന്നെ നടത്തണമെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു. താൻ രാജിവെച്ചതിന് ശേഷവും പുതുതായി 'ഇറക്കുമതി ചെയ്ത' ചില കഥാപാത്രങ്ങളിലൂടെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യക്തിഹത്യയും തുടരുകയാണെന്നും അവർ പറഞ്ഞു.

തന്റെ രാഷ്ട്രീയ നിലപാടും കുറിപ്പിൽ ശ്വേത കൃത്യമായി വ്യക്തമാക്കുന്നുണ്ട്. "ഒരു കാര്യം ഞാൻ വളരെ വ്യക്തമായി പറയാം. ഞാനൊരു സംഘിയുമല്ല, കമ്മിയുമല്ല. മറ്റുള്ളവർ ക്ഷണങ്ങൾക്കായി പിന്നാലെ നടന്നപ്പോൾ, എല്ലാവിധ ക്ഷണങ്ങളുണ്ടായിട്ടും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെയോ, എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെയോ ഒരു പരിപാടികളിലും ഞാൻ പങ്കെടുത്തിട്ടില്ല," ശ്വേത കുറിച്ചു. 'അമ്മ' പ്രസിഡന്റ് ആകുന്നതിന് മുൻപും അതിന് ശേഷവും ഈ നിലപാട് തുടർന്നുവെന്നും അവർ വ്യക്തമാക്കി.

യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യകൾ തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് 'അമ്മ'യിൽ നിന്നും രാജിവെക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കുന്ന താരം, വലിയൊരു പോരാട്ടത്തിന്റെ സൂചന നൽകിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

"തുടരും... ചിത്രം ഇനിയും ബാക്കിയുണ്ട് കൂട്ടുകാരെ..." (Picture abhi baaki hai, mere dost) എന്ന ബോളിവുഡ് ഡയലോഗോടെയുള്ള ശ്വേതയുടെ വാക്കുകൾ വരും ദിവസങ്ങളിൽ സംഘടനയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്.

Actress Shwetha Menon has broken her silence on the controversies surrounding her resignation as the president of the actors' association, AMMA, clarifying that she stepped down out of self-respect and a refusal to be anyone's puppet. In a detailed social media post, she alleged that a massive smear campaign involving individuals like Crime Nandakumar and Martin Menachery was orchestrated against her even before the committee elections. Despite winning with a majority and serving to the best of her ability, she claimed that certain vested interests blocked her attempts to investigate the financial wrongdoings of previous committee members.