Entertainment News

ഇന്ത്യൻ സിനിമയിലെ ദുരന്തം ആണ് ബാഹുബലി എന്നുവരെ പറഞ്ഞവരുണ്ട്, ഞങ്ങളുടെയൊക്കെ കരിയർ തീർന്നു എന്നുപോലും വിചാരിച്ചിരുന്നു: രാജമൗലി

ഓരോ ദിവസത്തെയും ഷൂട്ടിനായി പലരുടെയും കാലുപിടിച്ചാണ് ഫണ്ട് ഒപ്പിച്ചിരുന്നതെന്നും രാജമൗലി ഓർക്കുന്നു

Entertainment Desk

ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഫ്രാഞ്ചൈസി ആയിരുന്നു എസ്എസ് രാജമൗലിയുടെ ബാഹുബലി. ആഗോള ബോക്സ് ഓഫീസിൽ ₹1,000 കോടി കടന്ന ആദ്യ ഇന്ത്യൻ സിനിമാ ഫ്രാഞ്ചൈസിയായി ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ മൂന്നാം ഭാഗവുമെത്തുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ ചിത്രം റിലീസ് ചെയ്ത ദിവസം രാജമൗലിക്കും അഭിനേതാക്കൾക്കും നിർമാതാക്കൾക്കും ജീവിതത്തിലെ ഏറ്റവും സമ്മർദം നിറഞ്ഞ അനുഭവങ്ങളിലൊന്നായിരുന്നു. ഇത് തുറന്നുപറയുകയാണ് രാജമൗലി തന്നെ.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ബാഹുബലി ദ ടോർച്ച്ബെയററിൽ സംസാരിക്കവെയാണ് ചിത്രം റിലീസ് ചെയ്ത സമയത്തെ പ്രതികരണത്തെ കുറിച്ച് രാജമൗലി വെളിപ്പെടുത്തിയത്. റിലീസിന്റെ തുടക്കത്തിൽ തന്നെ ചിത്രത്തെ "ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ദുരന്തം" എന്നാണ് പലരും വിശേഷിപ്പിച്ചതെന്നും, അതോടെ തങ്ങളുടെ കരിയർ അവസാനിച്ചുവെന്ന് കരുതിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഓരോ ദിവസത്തെയും ഷൂട്ടിനായി പലരുടെയും കാലുപിടിച്ചാണ് ഫണ്ട് ഒപ്പിച്ചിരുന്നതെന്നും പടം റിലീസ് ചെയ്യുന്ന ദിവസം പോലും 70 കോടിയുടെ ബാധ്യതയാണുണ്ടായിരുന്നതെന്നും രാജമൗലി ഓർക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:

പ്രൊഡക്ഷന് പ്രത്യേക ബഡ്ജറ്റൊന്നും നോക്കാതെയാണ് ഞങ്ങൾ ബാഹുബലി തുടങ്ങിയത്. ഓരോ ദിവസവും ഫണ്ട് ഒപ്പിക്കാൻ നെട്ടോട്ടമോടുകയായിരുന്നു ഞാനും പ്രൊഡ്യൂസർ ശോഭു യാർലഗദ്ദയും.

കുറച്ച് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും പ്രതിദിനം 25 ലക്ഷം എന്നതായി ചെലവ്. 12 വർഷം മുമ്പ് ഒരു മുഴുവൻ സിനിമ ചെയ്തെടുക്കാനുള്ള ഫണ്ട് ഞങ്ങൾക്ക് നാല് ദിവസത്തെ ഷൂട്ടിന് വേണം എന്നായി. ഓരോ നാല് ദിവസം കൂടുമ്പോഴും ഒരു കോടി രൂപ എന്ന കണക്കിലാണ് ഞങ്ങൾക്ക് നിർമാണത്തിന് വേണ്ടി വന്നത്.

അതുകൊണ്ടു തന്നെ മുടക്കിയ പൈസ തിരിച്ചുകിട്ടണമെങ്കിൽ തെലുഗു ഇൻഡസ്ട്രിയെ മാത്രം ആശ്രയിച്ചാൽ പോരായിരുന്നു. അതിനായി പല ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനുള്ള വർക്കുകളിലേക്ക് ഞങ്ങൾ കടന്നു. അങ്ങനെയാണ് കരൺ ജോഹറിലെത്തുന്നത്. ചിത്രത്തിന്റെ ചില സ്റ്റില്ലുകൾ റാണ കരണിനെ കാണിച്ചപ്പോൾ ഹിന്ദി മാർക്കറ്റിൽ ചിത്രം വിതരണം ചെയ്യാൻ അദ്ദേഹം അപ്പോൾ തന്നെ സന്നദ്ധത അറിയിച്ചു.

എന്നാലും ചിത്രത്തിന്റെ റിലീസ് ദിവസം ഇപ്പോഴും മറക്കാനാവാത്ത ഒരു പേടിസ്വപ്നമാണ്. പാർട്ട് വൺ റിലീസ് ചെയ്ത ദിവസം ഞങ്ങൾക്ക് 70 കോടിയുടെ ബാധ്യതയുണ്ടായിരുന്നു. ഹിന്ദിയിലും ആഗോളതലത്തിലുമൊക്കെ വൻ അഭിപ്രായങ്ങൾ എത്തിയെങ്കിലും വലിയ റവന്യൂ പ്രതീക്ഷിച്ച ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഭീകരമായിരുന്നു പ്രതികരണങ്ങൾ.

ശിവിലംഗത്തിന് പകരം പ്രഭാസ് ബാമിന്റെ കുപ്പി ചുമന്ന് കൊണ്ടുപോകുന്ന ചിത്രം വരെ അവിടെ വ്യാപകമായി പ്രചരിച്ചു. എവിടെയാണ് തെറ്റിയതെന്ന് ഒരു പിടിയും കിട്ടിയില്ല. എനിക്കൊന്നുമറിയില്ലായിരുന്നു.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാഹുബലി എന്ന് പലരും വിശേഷിപ്പിച്ചു. കരിയർ അവിടെ തീർന്നു എന്ന് തന്നെയായിരുന്നു ഞങ്ങൾ എല്ലാവരുടെയും വിശ്വാസം. പക്ഷേ വൈകുന്നേരത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പ്രതികരണങ്ങൾ പോസിറ്റീവായി തുടങ്ങി. പിന്നെ വന്ന ആഴ്ചകളിൽ തുടർച്ചയായി ബോക്സ് ഓഫീസ് റെക്കോർഡുകൾ... തെലുങ്കരും ചിത്രത്തെ ചേർത്തുപിടിച്ചു. അങ്ങനെ ബാഹുബലി ഒരു ചരിത്രമായി.

നെറ്റ്ഫ്ലിക്സിന്റെ ‘ബാഹുബലി: ദ് ടോർച്ച്ബിയറർ’ എന്ന ഡോക്യുമെന്ററിയുടെ അവസാന ഭാഗത്താണ് ബാഹുബലി 3യുമായി ബന്ധപ്പെട്ട സൂചന വരുന്നത്. റാണ ദഗുബാട്ടിയും പ്രഭാസും അനുഷ്കയും ചേർന്ന് ‘ബാഹുബലി’യുടെ മൂന്നാം വരവിനെക്കുറിച്ച് സംസാരിക്കുന്നിടത്ത് ഡോക്യുമെന്ററി അവസാനിക്കും. ഡോക്യുമെന്ററി അവസാനിക്കുന്നത് തന്നെ‘ലെഗസി തുടരുന്നു’’ എന്ന വാക്കുകളോടെയാണ്.

SS Rajamouli's Baahubali franchise transformed the face of Indian cinema and became the first Indian film franchise to cross the ₹1,000-crore mark at the global box office. Now, the latest reports suggest that a third installment of Baahubali is also in the works.

However, the film's release day turned out to be one of the most stressful experiences of Rajamouli's life, as well as for the cast and producers. The filmmaker himself has now opened up about those anxious moments.

Speaking in the Netflix documentary Baahubali: The Torchbearer, Rajamouli revealed that many initially dismissed the film as "the biggest disaster in Indian cinema." He said the team genuinely believed their careers were over after those early reactions.

Rajamouli also recalled the financial struggles behind the making of the film, saying they had to plead with people for funds to complete each day's shoot. Even on the day of the film's release, the production was burdened with debts of nearly ₹70 crore, he said.