പൊങ്കൽ റിലീസുമായി ബന്ധപ്പെട്ട്, വിജയ് നായകനായ ‘ജനനായക'നും, ശിവകാർത്തികേയൻ നായകനായ ‘പരാശക്തി’യും, തമ്മിൽ വലിയ മത്സരം ഉണ്ടാകുമെന്നായിരുന്നു പൊതുവായ വിലയിരുത്തൽ. വിജയ് തന്റെ അവസാന ചിത്രവുമായി തിയേറ്ററുകളിലെത്തുമ്പോൾ, അദ്ദേഹവുമായി ഒരു ക്ലാഷിന് തയ്യാറാകേണ്ടതുണ്ടോ എന്ന ചോദ്യങ്ങൾ പോലും 'പരാശക്തി' ടീമിനെതിരെ ഉയർന്നിരുന്നു. ഇപ്പോഴിതാ, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് പരാശക്തിയുടെ സംവിധായിക സുധ കൊങ്കര.
വിജയുമായി താനോ തന്റെ ടീമോ ഒരിക്കലും ഒരു മത്സരത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു സുധ കൊങ്കരയുടെ പ്രതികരണം. വിജയ് രാജ്യത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറാണെന്നും, അദ്ദേഹത്തിന്റെ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും സുധ കൊങ്കര ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിജയോടുള്ള തന്റെ ആരാധനയെക്കുറിച്ചും സുധ കൊങ്കര വാചാലയായി. വിജയ് തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണെന്നും, ഒരിക്കൽ അദ്ദേഹവുമായി സിനിമ ചെയ്യാനുള്ള ചർച്ചകൾ വരെ നടന്നിരുന്നുവെങ്കിലും പിന്നീട് അത് യാഥാർഥ്യമായില്ലെന്നും അവർ പറഞ്ഞു. വിജയ് സിനിമകൾ തിയേറ്ററിൽ കാണുന്നത്, പ്രത്യേകിച്ച് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്, വേറിട്ട അനുഭവമാണെന്നും, തനിക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണെന്നും സുധ കൂട്ടിചേർത്തു. .
ജനനായകനും പരാശക്തിയും ഒരുമിച്ച് റിലീസ് ചെയ്യുന്നു എന്നതിനപ്പുറം മറ്റൊരു ഉദ്ദേശവുമില്ല, ഒരു ആഘോഷ ദിവസം റിലീസ് നടക്കണം എന്ന് മാത്രമായിരുന്നു ടീമിന്റെ ആഗ്രഹം. വിജയ്‌യുമായി മത്സരിക്കാമെന്ന ആശയം തന്നെ അസംബന്ധമാണ്. സുധ കൊങ്കര വ്യക്തമാക്കി. മാത്രമല്ല, ‘ജനനായകൻ’ റിലീസിനെതിരെയുള്ള സെൻസർ സർട്ടിഫിക്കറ്റ് പ്രതിസന്ധി അന്യായമാണെന്നും, അത്തരമൊരു സാഹചര്യം ഇനി ഒരു സിനിമയ്ക്കും നേരിടേണ്ടി വരരുതെന്നും സുധ അഭിപ്രായപ്പെട്ടു.
English Summary: Director Sudha Kongara dismissed speculation about a Pongal box-office clash, stating there was never any intention to compete with Vijay and expressing admiration for the star