Entertainment News

ഹൃത്വിക് റോഷനിൽ നിന്ന് സൂസൻ ഖാൻ 400 കോടി രൂപ ജീവനാംശം വാങ്ങിയിട്ടില്ല; പ്രചരണങ്ങളെ തള്ളി ഫറാ ഖാൻ അലി

സൂസൻ പണമൊന്നും വാങ്ങിയിട്ടില്ലെന്നും ആ സമയത്തെല്ലാം അവൾ വളരെ മാന്യമായാണ് പെരുമാറിയതെന്നും ഫറാ

Entertainment Desk

ഹൃത്വിക് റോഷനും സൂസൻ ഖാനും 2000 ഡിസംബറിലാണ് വിവാഹിതരായത്. ഹൃത്വിക്കിന്റെ ആദ്യ ചിത്രം റിലീസ് ചെയ്തതും അദ്ദേഹം ഒരു സൂപ്പർസ്റ്റാറായി മാറിയതും അതേ വർഷം തന്നെയായിരുന്നു. തുടർന്ന് 2014-ൽ ഇരുവരും വിവാഹമോചനം നേടി. വിവാഹമോചന സമയത്ത് സൂസൻ 400 കോടി രൂപ ജീവനാംശമായി വാങ്ങി എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇന്നും പ്രചരിക്കുന്നത്.

എന്നാൽ, സൂസന്റെ സഹോദരിയും ജ്വല്ലറി ഡിസൈനറുമായ ഫറാ ഖാൻ അലി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഇവരുടെ വിവാഹമോചനത്തെക്കുറിച്ച് വ്യക്തമാക്കുകയും ഈ വാർത്തകൾ പൂർണ്ണമായി തള്ളിക്കളയുകയും ചെയ്തു. സൂസൻ പണമൊന്നും വാങ്ങിയിട്ടില്ലെന്നും ആ സമയത്തെല്ലാം അവൾ വളരെ മാന്യമായാണ് പെരുമാറിയതെന്നും ഫറാ വ്യക്തമാക്കി. അതുകൊണ്ടാണ് മുൻ ഭർത്താവ് ഹൃത്വികുമായി ഇന്നും അവൾ നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നത്. അതേസമയം, ഫറയും ഡിജെ അഖീലുമായുള്ള വേർപിരിയലിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്.

"ഭൗതികമായ കാര്യങ്ങൾക്കല്ല, ബന്ധങ്ങൾക്കാണ് പ്രാധാന്യം എന്ന് ഞങ്ങളെ പഠിപ്പിച്ച ഒരു അമ്മയും കുടുംബവുമാണ് ഞങ്ങളുടേത്. അതുകൊണ്ട് എന്റെ സഹോദരി ഒന്നും വാങ്ങിയിട്ടില്ല. അതുകൊണ്ടാണ് ഇന്ന് മുൻ ഭർത്താവ് ഹൃത്വികുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളായ പിങ്കിയുമായും രാകേഷ് റോഷനുമായും അവൾക്ക് ഇത്രയും മികച്ചൊരു ബന്ധമുള്ളത്. അവർക്ക് അവളെ ഒരുപാട് ഇഷ്ടമാണ്. അവൾ വളരെ മാന്യമായാണ് പെരുമാറിയത് എന്നാണ് ഞാൻ കരുതുന്നത്. അവൾ പണക്കൊതിയത്തിയല്ല (gold-digger). അവൾ തികച്ചും എളിമയുള്ളവളാണ്, ഒരു കുലീന കുടുംബത്തിൽ നിന്നുള്ളവളാണ്. ഹൃത്വികും ഒരു അത്ഭുത മനുഷ്യനാണ്. അവർ തമ്മിൽ ഒത്തുപോയില്ല, അതിനർത്ഥം മാധ്യമങ്ങൾക്ക് വേണ്ടി സ്വന്തം വിവാഹജീവിതം തകർത്തു കളയണം എന്നല്ല.

ഇതിൽ ജീവനാംശം ഒന്നും ഉണ്ടായിരുന്നില്ല. ആ പ്രചാരണം തെറ്റായതും തികച്ചും മോശവുമാണ് നീ എന്തുകൊണ്ട് ഇതെല്ലാം നിഷേധിച്ചുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ഞാൻ അവളോട് ചോദിച്ചിരുന്നു. അപ്പോൾ അവൾ പറഞ്ഞത്, 'ഫറാ, ആളുകൾ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്ന് എനിക്ക് ഒരു പ്രശ്നവുമില്ല' എന്നാണ്. നമ്മളെല്ലാവരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ചെയ്യാൻ തോന്നുന്നത് ഞാൻ ചെയ്യും. നിങ്ങൾ എന്റെ ജീവിതത്തിലേക്ക് എന്തെങ്കിലും മൂല്യം കൊണ്ടുവരുന്നില്ലെങ്കിൽ, ഞാൻ എന്ത് ചെയ്യുന്നു എന്നത് നിങ്ങളെ ബാധിക്കേണ്ട കാര്യമില്ല, എന്നെക്കുറിച്ച് നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നത് എന്നെയും ബാധിക്കേണ്ടതില്ല."അവർ ഭ്രാന്തമായി പ്രണയിക്കുകയായിരുന്നു.

അവർക്ക് വിവാഹം കഴിക്കണമായിരുന്നു. ഹൃത്വിക് അന്ന് വലിയൊരു സൂപ്പർസ്റ്റാർ ആയിരുന്നതുകൊണ്ട് വിവാഹത്തിന് മുൻപ് കുറച്ചുകൂടി കാത്തിരിക്കണമെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അദ്ദേഹം ആ വിവാഹ കാര്യത്തിൽ വളരെ ഉറച്ചുനിൽക്കുകയും ആ സമയത്ത് തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു", ഫറാ ഖാൻ അലി പറഞ്ഞു.

വിവാഹമോചനത്തിന് ശേഷം സൂസൻ ഇപ്പോൾ അർസ്ലാൻ ഗോണിയുമായി പ്രണയത്തിലാണ്, അതേസമയം ഹൃത്വിക് റോഷനും സബ ആസാദുമായും പ്രണയത്തിലാണ്

Farah Khan Ali has denied long-standing rumours that Sussanne Khan received ₹400 crore as alimony from Hrithik Roshan after their divorce. She said Sussanne never accepted money and continues to share a respectful relationship with Hrithik and his family.