പ്രത്യാഘാതങ്ങളെ ഭയന്നാണ് ബോളിവുഡിലെ പലരും ജന്തര്‍ മന്തറിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി ജെ പി) പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. 20 ദിവസമായി നിരാഹാര സമരം തുടരുന്ന പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സോനം വാങ്ചുക്കിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു താരം. രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങള്‍ സിനിമാ മേഖലയിലുള്ളവര്‍ കണ്ടതാണെന്നും സമാനമായ തിരിച്ചടികള്‍ നേരിടാനുള്ള ഭയം കൊണ്ടാണ് അവര്‍ മാറിനില്‍ക്കുന്നതെന്നും സ്വര പറഞ്ഞു.
നീറ്റ് പരീക്ഷാ ചോര്‍ച്ച ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ അന്വേഷണം വേണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നും പരീക്ഷാ സമ്പ്രദായത്തില്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ 28 മുതലാണ് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചത്. 'എനിക്ക് സംഭവിച്ചത് കണ്ടതിനുശേഷം അവര്‍ ഇങ്ങോട്ട് വരാന്‍ മടിക്കുകയാണ്. തങ്ങള്‍ കൂടുതല്‍ സംസാരിച്ചാല്‍ സ്വര ഭാസ്‌കറിന് സംഭവിച്ചത് തങ്ങള്‍ക്കും ഉണ്ടായേക്കാം എന്ന് അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ മാറിനില്‍ക്കുന്നത്,' സ്വര പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ അണ്ണാ ഹസാരെ പ്രക്ഷോഭ കാലത്തെ രാഷ്ട്രീയ സാഹചര്യവുമായി അവര്‍ താരതമ്യം ചെയ്യുകയും ചെയ്തു. '2010-11 കാലഘട്ടത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല. അന്നത്തെ സര്‍ക്കാര്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഒരുപക്ഷേ ആ സര്‍ക്കാരിലും അഴിമതികളും തെറ്റുകളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍, യാതൊരുവിധ ന്യായീകരണവുമില്ലാതെ, ജാമ്യം പോലും നല്‍കാതെ ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ഥികളെയും ദീര്‍ഘകാലം ജയിലിലടയ്ക്കുന്ന അത്രത്തോളമൊന്നും അവര്‍ പോയിരുന്നില്ല. 84 വയസ്സുള്ള ഫാദര്‍ സ്റ്റാന്‍ സ്വാമി ജയിലില്‍ കിടന്ന് മരിക്കാനിടയായത് ഇങ്ങനെയൊരു ഭരണകൂടത്തിന് കീഴിലാണ്', സ്വര പറഞ്ഞു.
സഹപ്രവര്‍ത്തകരായ മറ്റ് അഭിനേതാക്കളെ വ്യക്തിപരമായി വിലയിരുത്താന്‍ തയ്യാറല്ലെന്ന് പറഞ്ഞ സ്വര, പൊതുവിഷയങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ ജനങ്ങള്‍ സിനിമാ താരങ്ങളെ ആശ്രയിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചു. 'പ്രമുഖരായ താരങ്ങളില്‍ അമിതമായി വിശ്വാസമര്‍പ്പിക്കരുത്. ഒരു താരം പിന്തുണയ്ക്കുന്നത് കൊണ്ട് മാത്രം ഒരു വിഷയം പ്രാധാന്യമുള്ളതായി മാറുന്നില്ല. ആ വിഷയം അതിന്റെ സ്വന്തം നിലയില്‍ തന്നെയാണ് പ്രാധാന്യമര്‍ഹിക്കുന്നത്', നടി പറഞ്ഞു. ഈ പ്രക്ഷോഭത്തിന്റെ പ്രാധാന്യം നിലനിര്‍ത്താന്‍ ഏതെങ്കിലും താരങ്ങളുടെ പിന്തുണ ആവശ്യമില്ലെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
താന്‍ ഈ സമരത്തിന്റെ ഭാഗമായത് ഒരു സെലിബ്രിറ്റിയായല്ല, മറിച്ച് ഒരു സാധാരണ പൗരയായും അമ്മയായുമണെന്നും സ്വര വ്യക്തമാക്കി. 'ഈ സമരം എന്റെ മകളുടെ കൂടി ഭാവിക്ക് വേണ്ടിയുള്ളതാണ്. ഗോള്‍ഡന്‍ വിസ വാങ്ങി രാജ്യം വിട്ട് ദുബൈയിലേക്ക് പോകാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ മകള്‍ ഈ രാജ്യത്ത് തന്നെ വളരണമെന്നും പഠിക്കണമെന്നും എനിക്ക് ലഭിച്ച അതേ അവസരങ്ങള്‍ അവള്‍ക്കും ഇവിടെ ലഭിക്കണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്', സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
വാങ്ചുകിനെ നേരിട്ട് സന്ദര്‍ശിക്കുകയോ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്ത നിരവധി സിനിമാ പ്രവര്‍ത്തകരില്‍ ഒരാളാണ് സ്വര ഭാസ്‌കര്‍. ശബാന ആസ്മി, നസീറുദ്ദീന്‍ ഷാ, രത്ന പഥക് ഷാ, സീനത്ത് അമന്‍, സോനാക്ഷി സിന്‍ഹ, അതുല്‍ കുല്‍ക്കര്‍ണി, സയാജി ഷിന്‍ഡെ, വിശാല്‍ ദദ്ലാനി എന്നിവരുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനോട് വാങ്ചുക്കുമായി ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Actor and activist Swara Bhasker has said that many people in Bollywood are staying away from the protest in support of environmentalist Sonam Wangchuk due to fear of political repercussions. Speaking after visiting Wangchuk, who has been on a hunger strike since June 28 demanding reforms in the examination system and the resignation of Union Education Minister Dharmendra Pradhan over alleged irregularities, Bhasker said her own experiences after expressing political views have discouraged others from speaking out. She also compared the current political climate with the Anna Hazare movement era, saying dissent is treated more harshly today. Bhasker added that public issues do not require celebrity endorsement to be important and said she joined the protest as a citizen and a mother concerned about her daughter's future.