കൊച്ചി: കരിയറിന്റെ തുടക്കകാലത്ത് താൻ അനുഭവിച്ച അലോസരപ്പെടുത്തുന്ന സംഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ച് നടി തപ്സി പന്നു. തെന്നിന്ത്യയിലൂടെ സിനിമയിലെത്തിയ തപ്സി ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ്. ഇപ്പോഴിതാ, സിനിമകളിൽ നടിമാരുടെ അഭിനയത്തേക്കാൾ ഉപരി, അവരുടെ ശരീരസൗന്ദര്യത്തിനാണ് പ്രാധാന്യം നൽകുന്നത് എന്ന വിമർശനം ഉന്നയിച്ചിരിക്കുകയാണ് താരം. തെന്നിന്ത്യൻ സിനിമയിലെ സംവിധായകർ നടിമാരോട് പാഡഡ് ബ്രാ ധരിക്കാൻ ആവശ്യപ്പെടാറുണ്ടെന്നാണ് താപ്‌സിയുടെ വെളിപ്പെടുത്തൽ.
''സൗത്തിൽ അവർ ചിലപ്പോൾ നടിമാരോട് പാഡഡ് ബ്രാ ധരിക്കാൻ പറയും. പക്ഷെ ഇത് ആരു വഴിയാണ് അറിയിക്കുക എന്ന് അറിയില്ല. കാരണം സെറ്റിൽ ആകെ രണ്ടോ മൂന്നോ സ്ത്രീകളേ ഉണ്ടാകൂ. ഡയറക്ടർ അസിസ്റ്റന്റ് ഡയറക്ടറോട് പറയും. അയാളത് നടിയുടെ മേക്കപ്പ് ടീമിലെ സ്ത്രീയോട് പറയും. ഏറ്റവും അവസാനമാണ് ഇക്കാര്യം നടിയിലേക്ക് എത്തുക'' താപ്‌സി പറഞ്ഞു.
"ഒരു പാട്ട് ചിത്രീകരണത്തിനിടയിൽ സെറ്റിൽ വച്ച് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് എത്രത്തോളം നാണക്കേടുണ്ടാക്കുന്ന കാര്യമാണ് എന്ന് സങ്കൽപ്പിച്ചു നോക്കൂ, എല്ലാവരും നോക്കി നിൽക്കെ ഒരു നടി പകുതിക്ക് വെച്ച് എഴുന്നേറ്റു പോകേണ്ടി വരുന്നു. തിരിച്ചുവരുമ്പോൾ എന്താണ് മാറിയതെന്ന് എല്ലാവരും മനസിലാക്കുന്നു. എന്നിട്ട് 'ഇപ്പോഴും വലിയ മാറ്റമൊന്നും കാണുന്നില്ല', എന്നവർ പറയും. അങ്ങനെ വീണ്ടും പോയി വസ്ത്രം മാറി വരാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇതാണ് അവിടെ സംഭവിക്കുന്നത്," തപ്സി വെളിപ്പെടുത്തി.
നടിമാരുടെ അഭിനയം പകർത്തുന്നതിനേക്കാൾ ശരീരം കാമറയിൽ പകർത്തുന്നതിനാണ് ഇന്ത്യൻ സിനിമയിൽ മുൻതൂക്കം നൽകുന്നത് എന്നും താപ്‌സി വ്യക്തമാക്കി. തെന്നിന്ത്യൻ സിനിമയിൽ നടിമാരുടെ നേവൽ കാമറയിൽ പകർത്താൻ ശ്രമിക്കുമ്പോൾ, ബോളിവുഡിൽ നടിമാരുടെ ക്ലീവേജ് പകർത്താനാണ് ശ്രമിക്കുന്നതെന്നും താപ്‌സി പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും താരം കൂട്ടിചേർത്തു.
നടിമാരുടെ വസ്ത്രധാരണത്തിലും, ശരീരത്തിലും, നിർമാതാക്കളും സംവിധായകരും അനാവശ്യമായി ഇടപെടുന്ന രീതി മാറണമെന്നും, ഇത്തരം ആവശ്യങ്ങൾ പലപ്പോഴും നടിമാരെ അസ്വസ്ഥരാക്കാറുണ്ടെന്നും തപ്‌സി കൂട്ടിച്ചേർത്തു.
English Summary: Actor Taapsee Pannu has opened up about disturbing experiences from the early days of her South Indian film career. She revealed that some directors would indirectly instruct actresses to wear padded bras, often passing the message through multiple crew members, causing humiliation on set.