ദുബായ്: വിവാദങ്ങൾക്കിടെ തമിഴ് ചിത്രം തങ്ക നക്ഷത്രം 2026 ഗൾഫിലെമ്പാടും പ്രദർശനത്തിനെത്തി. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ചർച്ചകൾ ശക്തമാകുന്നതിനിടയിലാണ് റിലീസ് നടന്നത്. മാധ്യമങ്ങൾക്കായി പ്രത്യേക പ്രദർശനവും ഒരുക്കിയിരുന്നു.
ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനല്ല സിനിമ ഒരുക്കിയതെന്നും, തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ചിത്രത്തിന്റെ നിർമാതാക്കളായ കണ്ണൻ രവിയും ദീപക് രവിയും വ്യക്തമാക്കി. സിനിമയുടെ കഥ ഒരു വർഷം മുൻപേ പൂർത്തിയാക്കിയതാണെന്നും, നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായുള്ള സാമ്യം യാദൃഛികം മാത്രമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു. കാലാനുസൃതമായ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നതിനാൽ പ്രേക്ഷകർ ചിത്രം സ്വീകരിക്കുമെന്ന ആത്മവിശ്വാസവും നിർമാതാക്കൾ പ്രകടിപ്പിച്ചു.
കണ്ണൻ രവി ഗ്രൂപ്പിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം വെള്ളിയാഴ്ചയാണ് യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്തത്. നാട്ടി നടരാജാണ് ചിത്രത്തിലെ നായകൻ. തമ്പി രാമയ്യ, എം.എസ്. ഭാസ്‌കർ, ഇളവരശ്, മേശഹ റാവു, ചന്ദിനി തമിഴരെശൻ, യാഷിക ആനന്ദ്, റെഡിൻ കിംഗ്സി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ദർബുക ശിവയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പി.ജി. മുത്തയ്യയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അരുൾ ആർ. തങ്കമാണ് നിർവഹിച്ചത്.
സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചിത്രത്തിലെ നാട്ടി നടരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ടി.വി.കെ നേതാവ് വിജയുമായി സാമ്യമുണ്ടെന്നാരോപിച്ചാണ് ഹർജി സമർപ്പിക്കപ്പെട്ടത്.
English Summary: The makers of Thanga Nakshathram 2026 clarified that the film is not intended to insult anyone, stating it is a satirical take on contemporary Tamil politics amid ongoing controversy