'തുടരും' സിനിമയ്ക്കു ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന 'അതിമനോഹരം' ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജൂണില്‍ ചിത്രീകരണം അവസാനിപ്പിച്ച് ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
അതേസമയം 'തുടരും' പോലൊരു സിനിമയായിരിക്കുമോ 'അതിമനോഹരം' എന്ന സംശയം ആരാധകര്‍ക്കുണ്ട്. രണ്ട് സിനിമകളെയും താരതമ്യം ചെയ്യരുതെന്നും തുടരും സിനിമയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് പുതിയ സിനിമയെന്നും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പുതിയ സിനിമയെ കുറിച്ച് അപ്ഡേറ്റ് ചോദിച്ച ആരാധകനു മറുപടി നല്‍കുകയായിരുന്നു തരുണ്‍. തുടരും സിനിമയില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും തരുണ്‍ പറയുന്നു.
തുടരും സിനിമയേക്കാള്‍ ആക്ഷന്‍ രംഗങ്ങള്‍ അതിമനോഹരത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെയില്ലെങ്കില്‍ ആ പ്രതീക്ഷ ഇല്ലാതാക്കാന്‍ അണിയറ പ്രവര്‍ത്തര്‍ ശ്രമിക്കണം എന്നുമാണ് ആരാധകന്റെ വാക്കുകള്‍. അതിനു തരുണ്‍ നല്‍കിയ മറുപടി ഇങ്ങനെ, ' ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു. തുടരും പോലെ ഒരു സിനിമ അല്ലാത്തതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അതുകൊണ്ട് താരതമ്യങ്ങള്‍ ഒഴിവാക്കുക.'
മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ ആണ് നായിക. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി ഇരുപത്തിമൂന്നിന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. രതീഷ് രവിയുടേതാണ് തിരക്കഥ. ജെയ്ക്ക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്.
English Summary: Director Tarun Moorthy has urged fans not to compare Mohanlal’s upcoming film Athimanoharam with Thudarum. Responding to a fan’s question on Instagram, Tarun said he chose to make the new project precisely because it is very different from Thudarum. He also clarified that Athimanoharam is not a fight-oriented film, addressing expectations about more action sequences