സ്വന്തം ജീവിതം കൊണ്ട് മതത്തിന്റെ പേരിലുള്ള വേര്‍തിരിവുകളെ വളരെ ലളിതമായി പരിഹസിച്ച മനുഷ്യനാണ് സലിം കുമാര്‍. 'അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലിം ആയിരുന്നു, അതിനുശേഷം വിശാല ഹിന്ദുവായി' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകള്‍ കേവലം ഒരു തമാശയായിരുന്നില്ല. മറിച്ച് ഒരു കാലഘട്ടത്തിലെ മതനിരപേക്ഷ ചിന്തയുടെ അടയാളപ്പെടുത്തലായിരുന്നു. ഒരു അഭിമുഖത്തില്‍ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സലിം കുമാര്‍ ഈ രസകരമായ ഓര്‍മ്മ പങ്കുവെച്ചത്.
പറവൂറിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. അന്ന്, കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്ന ജനങ്ങള്‍ കുട്ടികള്‍ക്ക് മതവും ജാതിയും തിരിച്ചറിയാത്ത പേരുകള്‍ ഇടുന്നത് സ്ഥിരമായിരുന്നു. അങ്ങനെയാണ് തനിക്ക് സലിം എന്ന പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പേരിനൊപ്പം കുമാര്‍ വന്നതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
'സഹോദരന്‍ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ സഹോദരന്‍ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി. സ്വന്തം മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകളിട്ടു. ഉദ്ദാഹരണത്തിന് എന്റെ പേര് സലീം. അതുപോലെ ജലീല്‍, ജമാല്‍, നൗഷാദ് എന്നീ പേരുകളൊക്കെ ഈഴവരായിട്ടുള്ള ഹിന്ദു കുട്ടികള്‍ക്ക് ഇടാന്‍ തുടങ്ങി. അങ്ങനെയാണ് എനിക്ക് സലിം എന്ന പേര് ഇടുന്നത്.
പേരിനൊപ്പം കുമാര്‍ വന്നതിനും കഥയുണ്ട്. ഈ സലിം എന്ന പേരും കൊണ്ട് ചിറ്റാറ്റുപുഴ എല്‍പിഎസില്‍ ചേര്‍ക്കാന്‍ ചെന്നു. അവിടെ വച്ച് സലിം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അങ്ങനെ അധ്യാപകര്‍ പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ സലീമിനൊപ്പം കുമാര്‍ കൂടി ചേര്‍ത്ത് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്‌ലിമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായി', സലിം കുമാര്‍ പറഞ്ഞു.
English Summary: Actor Salim Kumar once shared a humorous yet thought-provoking story about his childhood, saying that he was “a Muslim until the fifth grade and a broad-minded Hindu thereafter.” The remark was rooted in his experience growing up in Paravur during a period when many families inspired by social reformer Sahodaran Ayyappan chose names that transcended caste and religious identities.