Entertainment News

ജെന്‍-സിക്കുവേണ്ടിയാണോ പിങ്ക് ഷര്‍ട്ടിട്ട ഹീ-മാൻ? ആക്ഷന്‍ ഹീറോയ്ക്ക് സംഭവിച്ച മാറ്റം!

ഇളകിമറിയുന്ന പേശികളും, കരിമ്പാറപോലുള്ള നെഞ്ചും, കൈയ്യിലൊരു കൂറ്റന്‍ മാന്ത്രിക വാളുമായി ശത്രുക്കളുടെ നെഞ്ച് പിളര്‍ക്കുന്ന ആ പഴയ രൂപമല്ല, തിളങ്ങുന്ന ഒരു പിങ്ക് ഷര്‍ട്ടിലാണ് പുതിയ ഹീ-മാന്റെ വരവ്

Entertainment Desk

ഇളകിമറിയുന്ന പേശികളും, കരിമ്പാറപോലുള്ള നെഞ്ചും, കൈയ്യിലൊരു കൂറ്റന്‍ മാന്ത്രിക വാളുമായി ശത്രുക്കളുടെ നെഞ്ച് പിളര്‍ക്കുന്ന ആ പഴയ 'ഹീ-മാനെ ഓര്‍മ്മയില്ലേ? ആണത്തത്തിന്റെ പരമമായ പ്രതീകമായി ആളുകൾ കണ്ടിരുന്ന ആ ആക്ഷന്‍ ഹീറോ ഇതാ പുതിയ കാലത്ത് തിരികെയെത്തിയിരിക്കുന്നു. പക്ഷേ ഒരു മാറ്റമുണ്ട്. ഇത്തവണ അവന്‍ വരുന്നത് കറുത്ത യുദ്ധക്കുപ്പായത്തിലല്ല. മറിച്ച്, തിളങ്ങുന്ന ഒരു പിങ്ക് ഷര്‍ട്ടിലാണ്! കേള്‍ക്കുമ്പോള്‍ അല്പം കൗതുകം തോന്നാം, പക്ഷേ ട്രാവിസ് നൈറ്റ് സംവിധാനം ചെയ്ത പുതിയ 'ഹീ-മാന്‍ ആന്‍ഡ് ദി മാസ്റ്റേഴ്‌സ് ഓഫ് ദി യൂണിവേഴ്‌സ്' (He-Man and the Masters of the Universe) എന്ന ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. മൂന്ന് വര്‍ഷം മുന്‍പ് ഗ്രെറ്റ ഗെര്‍വിഗ് 'ബാര്‍ബി'യിലൂടെ പരമ്പരാഗത സ്ത്രീസങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ത്തതുപോലെ, ഇതാ പുരുഷത്വത്തിന്റെ കോട്ടകളെ തകര്‍ത്തുക്കൊണ്ട് ഒരു പുതിയ 'ജെന്‍-സി' ഹീ-മാന്‍ അവതരിച്ചിരിക്കുന്നു.

ഈ ആക്ഷന്‍ ഹീറോയ്ക്ക് സംഭവിച്ച ആ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം:

എറ്റേര്‍ണിയയിലെ രാജകുമാരനല്ല, ഭൂമിയിലെ എച്ച്.ആര്‍ മാനേജര്‍!

നിക്കോളാസ് ഗാലിറ്റ്‌സിന്‍ അവതരിപ്പിക്കുന്ന ഈ പുതിയ ചിത്രത്തിലെ പ്രിന്‍സ് ആഡം വളരുന്നത് അന്യഗ്രഹത്തിലല്ല, മറിച്ച് നമ്മുടെ ഭൂമിയിലാണ്. സൂപ്പര്‍മാനെപ്പോലെ ഒക്ലഹോമയിലെ ഒരു അനാഥാലയത്തില്‍ വളരുന്ന അവന്‍ ശീലിക്കുന്നത് മനുഷ്യരുടെ സാധാരണ മൂല്യങ്ങളും വള്‍നറബിലിറ്റിയുമാണ്. അതിശയകരമെന്നു പറയട്ടെ, വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ തിരഞ്ഞെടുക്കുന്ന ജോലി ഒരു കോര്‍പ്പറേറ്റ് കമ്പനിയിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജരുടേതാണ്! അതുകൊണ്ടുതന്നെ അവന്റെ ആയുധം പേശീബലമല്ല, മറിച്ച് ചര്‍ച്ചകളും അനുനയ സംഭാഷണങ്ങളുമാണ്. അവന്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നതാകട്ടെ ഒരു പിങ്ക് ഷര്‍ട്ടും. 'ആണത്തം' എന്നാല്‍ എപ്പോഴും കോപവും കറുത്ത വസ്ത്രങ്ങളുമല്ല എന്ന് ഈ പിങ്ക് കുപ്പായക്കാരന്‍ നിശ്ശബ്ദമായി തെളിയിക്കുന്നു.

തകരുന്ന പുരുഷ ഈഗോകള്‍

പഴയകാല ഹീ-മാന്‍ താരം ഡോള്‍ഫ് ലുണ്ട്‌ഗ്രെന്‍ ഈ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജിമ്മില്‍ വെച്ച് അദ്ദേഹം ആഡത്തിന് നല്‍കുന്ന ഉപദേശം ഏറെ ശ്രദ്ധേയമാണ്: 'എപ്പോഴും മുന്നില്‍ നടന്ന് തല്ലുകൂടുകയല്ല, ചിലപ്പോള്‍ ഒരടി പിന്നോട്ട് നില്‍ക്കുകയാണ് വേണ്ടത്.'

ഈ സിനിമയിലെ പുരുഷന്മാര്‍ തങ്ങളുടെ ഉള്ളിലെ വികാരങ്ങളെ തുറന്നുപറയാന്‍ മടിക്കാത്തവരാണ്. ആഡത്തിന്റെ കടുത്ത അച്ചടക്കക്കാരനായ ഗുരു ഡങ്കന്‍ (ഇദ്രിസ് എല്‍ബ) പോലും ഇതിന് അപവാദമല്ല. തന്റെ മകള്‍ തീല (കമീല മെന്‍ഡിസ്) തന്നേക്കാള്‍ മികച്ച പോരാളിയാണെന്ന് പരസ്യമായി അംഗീകരിക്കാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിക്കുന്നു. പുരുഷന്മാര്‍ പരസ്പരം വികാരങ്ങള്‍ പങ്കുവെക്കേണ്ടതിന്റെ ആവശ്യകതയെ ചിത്രം ശക്തമായി പിന്തുണയ്ക്കുന്നു.

സ്‌കെലിറ്ററിന്റെ 'ടോക്‌സിക്' ഭാവങ്ങള്‍

ഇവിടെ ഹീ-മാന്‍ 'സോഫ്റ്റ് മാസ്‌കുലിനിറ്റി'യുടെ പ്രതീകമാകുമ്പോള്‍, വില്ലനായ സ്‌കെലിറ്റര്‍ (ജാരെഡ് ലെറ്റോ) പരമ്പരാഗത 'ടോക്‌സിക് മാസ്‌കുലിനിറ്റി'യുടെ വക്താവാണ്. എന്നാല്‍ അവന്‍ ഉള്ളില്‍ വെറും ഭീരുവാണ്. സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാന്‍ കൂടെയുള്ള സ്ത്രീകളെ ഉപദ്രവിക്കുന്ന അവന്‍ ഒരു സാധാരണ ഗാര്‍ഹിക പീഡകനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവന് മാന്ത്രിക വാള്‍ വേണം, കാരണം അവന് ഹീ-മാനെപ്പോലെ പേശികളുള്ള ശരീരമുണ്ടാകണം. അവന്‍ വെറും അസ്ഥികൂടമാണ്അവന് മാംസമില്ല, ഹൃദയമില്ല.

വാളല്ല, മനുഷ്യനാണ് പ്രധാനം!

സിനിമയുടെ ക്ലൈമാക്‌സില്‍ സ്‌കെലിറ്റര്‍ ആഡത്തെ പരിഹസിക്കുന്നുണ്ട്, 'നിനക്ക് ഈ വാളിലെ ശക്തി ഉപയോഗിക്കാന്‍ തക്ക ആണത്തമില്ല' എന്ന്. എന്നാല്‍ ആഡത്തിന്റെ മറുപടി ഇതായിരുന്നു:

"എനിക്ക് ആ ശക്തി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം, പക്ഷെ ഞാന്‍ അത് ഉപയോഗിക്കാതിരിക്കാനാണ് ശ്രമിക്കാറ്"

യുദ്ധത്തെക്കാള്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പുതിയ ഹീറോയെയാണ് നാം ഇവിടെ കാണുന്നത്. മാന്ത്രിക വാള്‍ എന്നത് കേവലം പുരുഷ മേധാവിത്വത്തിന്റെ പ്രതീകം മാത്രമാണ്. എന്നാല്‍ അധികാരം ഇരിക്കുന്നത് ആ വാളിലല്ല, മറിച്ച് അത് കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ ഹൃദയത്തിലാണ്. ആണത്തം എന്നാല്‍ അക്രമമല്ല, മറിച്ച് കരുണയും, വികാരങ്ങള്‍ തുറന്നുപറയാനുള്ള ധീരതയും, സ്ത്രീകളെ തുല്യരായി കാണാനുള്ള മനസ്സുമാണെന്ന് ഈ പുതിയ 'പിങ്ക് ഷര്‍ട്ടുകാരന്‍ ഹീ-മാന്‍' നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

English Summary: The new He-Man and the Masters of the Universe, directed by Travis Knight, reimagines He-Man as a modern hero who values empathy, communication and emotional openness over brute strength.
Unlike the traditional warrior prince, Prince Adam grows up on Earth, works as an HR manager, and challenges conventional ideas of masculinity, even symbolized by his signature pink shirt. The film contrasts this “soft masculinity” with the villain Skeletor’s toxic obsession with power, dominance and aggression.