ടോം ക്രൂസിനെ നായകനാക്കി ഓസ്കർ ജേതാവ് അലഹാൻഡ്രോ ജി ഇനാരിറ്റു സംവിധാനം ചെയ്ത ലോകാവസാന ആക്ഷേപഹാസ്യ ചിത്രം ‘ഡിഗർ’ വൻ സാമ്പത്തിക നഷ്ടത്തിലേക്ക്. എല്ലാ വരുമാന സ്രോതസ്സുകളും കണക്കിലെടുക്കുമ്പോൾ ചിത്രത്തിന്റെ നഷ്ടം ഏകദേശം 250 മില്യൺ ഡോളറാകുമെന്നാണ് ‘ദ റാപ്പ്’ റിപ്പോർട്ട് ചെയ്യുന്നത്. ടോം ക്രൂസിന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാകുമിതെന്നാണ് വിലയിരുത്ത്. ഹോളിവുഡിലെ സമീപകാലത്തെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായും ചിത്രം മാറിയേക്കും.
ഹോളീവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ സ്കൈഡാൻസിന്റെ നേതൃത്വത്തെയും ചിത്രത്തിന്റെ സാമ്പത്തിക കണക്കുകൾ ഞെട്ടിച്ചതായാണ് റിപ്പോർട്ട്. വാർണർ ബ്രദേഴ്സിന്റെ പ്രവർത്തനങ്ങൾ സ്കൈഡാൻസ് ഏറ്റെടുത്തതിന്റെ ഭാഗമായി ഈ ആഴ്ച ചിത്രത്തിന്റെ സാമ്പത്തിക വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതീക്ഷിച്ചതിലും വലിയ നഷ്ടത്തിന്റെ കണക്ക് പുറത്തുവന്നത്. നേരത്തെ ഏകദേശം 125 മില്യൺ ഡോളറായിരുന്നു പ്രതീക്ഷിച്ച നഷ്ടം. എന്നാൽ ആദ്യ വാരാന്ത്യത്തിലെ മോശം ബോക്സ് ഓഫീസ് പ്രകടനത്തിനു പിന്നാലെ ഈ കണക്ക് ഇരട്ടിയോളം ഉയർന്ന് 250 മില്യൺ ഡോളറിലെത്തുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയിൽ 8 മില്യൺ ഡോളറും ആഗോളതലത്തിൽ 21 മില്യൺ ഡോളറുമാണ് ‘ഡിഗർ’ ആദ്യ വാരാന്ത്യത്തിൽ നേടിയത്. മിഡ് ബജറ്റ് ത്രില്ലറിന് പോലും നിരാശാജനകമായി കണക്കാക്കാവുന്ന ഈ കളക്ഷൻ, ഈ തലമുറയുടെ ഏറ്റവും വലിയ ആക്ഷൻ താരങ്ങളിലൊരാളായ ടോം ക്രൂസ് നായകനായ ചിത്രത്തെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ്. 163 മുതൽ 173 മില്യൺ ഡോളർ വരെയാണ് ചിത്രത്തിന്റെ നിർമാണച്ചെലവെന്നാണ് റിപ്പോർട്ടുകൾ.
ദി റാപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, തിയറ്ററുകളിലെ പ്രദർശനം പൂർത്തിയാകുമ്പോൾ ‘ഡിഗർ’ന്റെ ആഗോള കളക്ഷൻ 40 മില്യൺ ഡോളർ കടക്കാൻ സാധ്യതയില്ല. ഏകദേശം 170 മില്യൺ ഡോളർ നിർമാണത്തിനും 100 മില്യൺ ഡോളർ മാർക്കറ്റിങ്ങിനുമായി ചെലവഴിച്ച ചിത്രത്തിന് 40 മില്യൺ ഡോളർ കളക്ഷൻ ലഭിച്ചാൽ, ആകെ നിക്ഷേപത്തിന്റെ ഏകദേശം 15 ശതമാനം മാത്രമേ തിരിച്ചുപിടിക്കാനാകൂ.
‘ഡിഗർ’ സിനിമയുടെ നിർമാണച്ചെലവ് സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. നിർമാണത്തിനിടെ ലഭിച്ച അപ്രതീക്ഷിത ഇൻഷുറൻസ് തുക കൂടി ഉൾപ്പെടുത്തിയാണ് 173 മില്യൺ ഡോളറെന്ന കണക്ക് പുറത്തുവന്നതെന്ന് ചില സിനിമ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ അന്തിമ നിർമാണച്ചെലവ് 163 മില്യൺ ഡോളറാണെന്നാണ് മറ്റൊരു വിലയിരുത്തൽ. ഏകദേശം 100 മില്യൺ ഡോളറാണ് മാർക്കറ്റിങ്ങിനായി ചെലവഴിച്ചത്. ‘മിഷൻ: ഇംപോസിബിൾ’ ഫ്രാഞ്ചൈസിയിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ ടോം ക്രൂസിന്റെ വിപുലമായ പ്രചാരണ പര്യടനവും ഈ ചെലവ് ഉയരാൻ കാരണമായി.
‘ഡ്യൂൺ’ ഫ്രാഞ്ചൈസി ഉൾപ്പെടെയുള്ള വാർണർ ബ്രദേഴ്സിന്റെ മറ്റ് വൻചിത്രങ്ങളിൽ സാമ്പത്തിക പങ്കാളികൾ നിർമാണച്ചെലവിന്റെ റിസ്ക് പങ്കിടാറുണ്ട്. എന്നാൽ ‘ഡിഗർ’ന്റെ മുഴുവൻ നിർമാണച്ചെലവും വഹിച്ചത് വാർണർ ബ്രദേഴ്സ് മാത്രമാണ്. അതിനാൽ ചിത്രത്തിന്റെ സാമ്പത്തിക നഷ്ടത്തിന്റെ മുഴുവൻ ആഘാതവും സ്റ്റുഡിയോയ്ക്ക് തന്നെ നേരിടേണ്ടിവരും. സാധാരണ ഇത്തരം ചിത്രങ്ങളിൽ നഷ്ടം വിവിധ പങ്കാളികൾക്കിടയിൽ വീതിക്കപ്പെടുമ്പോൾ, ‘ഡിഗർ’ന്റെ കാര്യത്തിൽ അതിനുള്ള സാഹചര്യമില്ല.
ആഗോള പാരിസ്ഥിതിക ദുരന്തത്തിന് വഴിവെക്കുന്ന എണ്ണ വ്യവസായിയായ ഒരു സമ്പന്നന്റെ കഥയാണ് ‘ഡിഗർ’ പറയുന്നത്. എണ്ണ ഖനന പ്രവർത്തനങ്ങൾ ലോകത്തെ വലിയൊരു പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ലോകാവസാനത്തെ ഡാർക്ക് ഹ്യൂമർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ ചിത്രത്തിൽ ടോം ക്രൂസ് തന്റെ രൂപത്തിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. കഷണ്ടിയും തടിച്ച ശരീരവുമുള്ള ശതകോടീശ്വരനായി കനത്ത പ്രോസ്തറ്റിക് മേക്കപ്പിലാണ് താരം എത്തുന്നത്.
Tom Cruise’s satirical drama Digger is projected to lose $250 million, potentially marking the biggest financial loss of his career. Directed by Oscar winner Alejandro G. Iñárritu, the film reportedly cost $163–173 million to produce, with another $100 million spent on marketing, amid disappointing box-office performance.