നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ പ്രതികരിച്ച് അഭിനേതാക്കളായ ടൊവിനോ തോമസും വിസ്മയ മോഹന്‍ലാലും. രാജ്യത്തിന്റെ ഭാവി തലമുറയുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നത് ഭാവിയെത്തന്നെ അടിച്ചമര്‍ത്തല്‍ ആണെന്നും ജനാധിപത്യത്തിലുള്ള വിശ്വാസമാണ് അവിടെ ചോര്‍ന്നുപോകുന്നതെന്നും ടൊവിനോ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.
ഈ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്, അവര്‍ സ്വത്തുക്കള്‍ നശിപ്പിച്ചോ, അല്ലെങ്കില്‍ ആക്രമണം നടത്തിയോ, അവരോട് ഇങ്ങനെ പെരുമാറാന്‍ എന്താണ് ചെയ്തതെന്നും താരം ചോദിക്കുന്നു. ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, എന്നാല്‍ സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നും ന്യായമായ ലക്ഷ്യത്തിന് സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും തന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും താരം പറഞ്ഞു.
'വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല, മറിച്ച് ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഇനി, എന്റെ ദേശീയതയെ ചോദ്യം ചെയ്യാന്‍ വരുന്നവരോട്, എന്നെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതിനേക്കാള്‍ വ്യക്തമായി എനിക്ക് എന്നെ അറിയാം. എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനവുമാണ്', എന്നു പറഞ്ഞായിരുന്നു താരം പോസ്റ്റ് അവസാനിപ്പിച്ചത്.
രാജ്യത്തെ പൗരരോട് ഒരു ജനാധിപത്യ ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ശ്രേയ കണ്ടേല്‍വാല്‍ എന്ന വിദ്യാര്‍ഥിയുടെ കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തുകൊണ്ടു വിസ്മയ മോഹന്‍ലാല്‍ ചോദിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണെങ്കില്‍, ഏതുതരം ജനാധിപത്യത്തിലേക്കാണ് നമ്മള്‍ പോവുന്നതെന്ന് ഓരോരുത്തരും സ്വയം ചോദിക്കണമെന്നും വിസ്മയ പറഞ്ഞു.
'കണ്ണീര്‍ വാതകം, ലാത്തി ചാര്‍ജ്. വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു, റോഡുകള്‍ ബ്ലോക്ക് ചെയ്തു, മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു. നഗരത്തില്‍ ഉടനീളം ബാരിക്കേഡുകള്‍. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പ്രതിഷേധക്കാരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ട. പങ്കെടുക്കുന്ന സംഘടനകളോട് ആഭിമുഖ്യം പോലും വേണ്ട. ചര്‍ച്ചകള്‍ക്കുപകരം, ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണെങ്കില്‍ എന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മള്‍ പോവുന്നതെന്ന് നമ്മളിലോരോരുത്തരും ചോദിക്കണം. കാരണം, നാളെ നിങ്ങളായിരിക്കും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നത്. നിങ്ങളല്ലെങ്കില്‍ നഗരത്തില്‍, തൊട്ടടുത്ത്, കുടുംബത്തില്‍ ഉള്ളൊരാള്‍. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പെരുമാറേണ്ടതെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ?', വിസ്മയ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Actors Tovino Thomas and Vismaya Mohanlal have condemned the police action against Cockroach Janata Party (CJP) protesters demonstrating in Delhi over alleged irregularities in the NEET examination. Tovino described the suppression of peaceful student protests as an attack on democracy and the nation's future, while Vismaya questioned whether a democratic government should treat its citizens this way, urging people to reflect on the consequences of silencing dissent.