മകരവിളക്ക് ദിനത്തിൽ പമ്പയിൽ അനുമതിയില്ലാതെ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ സംവിധായകൻ അനുരാജ് മനോഹറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. അനുരാജ് മനോഹർ നിയമം ലംഘിച്ച് സന്നിധാന പ്രദേശത്ത് ഷൂട്ടിംഗ് നടത്തിയതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ഒന്നിലധികം ദിവസങ്ങളിലായി പമ്പയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം നടന്നതായും, മകരവിളക്ക് ദിനത്തിൽ ഹിൽടോപ്പ് പ്രദേശത്താണ് ഷൂട്ടിംഗ് നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് നടന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ദേവസ്വം വിജിലൻസ് എസ്.പി. സുനിൽകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കൈമാറി.
നേരത്തെ സിനിമ ചിത്രീകരണത്തിനായി എഡിജിപി എസ്. ശ്രീജിത്ത് അനധികൃതമായി അനുമതി നൽകിയെന്ന ആരോപണം പരാതിയിൽ ഉന്നയിച്ചിരുന്നുവെങ്കിലും, അനുമതി നൽകിയതായി വിജിലൻസ് റിപ്പോർട്ടിൽ പരാമർശമില്ല. വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് ഇന്ന് നിയമോപദേശം തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. നിയമോപദേശത്തിന് ശേഷമായിരിക്കും തുടർ നടപടികൾ.
സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിസർവ് വനഭൂമിയിൽ അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തി എന്നതാണ് കേസ്. കേസിൽ കൂടുതൽ പേരെ പ്രതികളാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ മാസം 24നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
അനുരാജ് മനോഹറിനെതിരെ അഡ്വ. ഷാജഹാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്താൻ ദേവസ്വം വിജിലൻസ് എസ്.പി. സുനിൽകുമാറിന് നിർദേശം നൽകിയിരുന്നു. അതേസമയം, പമ്പയിൽ സിനിമ ചിത്രീകരിക്കാൻ ദേവസ്വം ബോർഡ് അധ്യക്ഷൻ നേരത്തെ അനുമതി നിഷേധിച്ചിരുന്നുവെന്നും, സന്നിധാനത്തല്ല പമ്പയിലാണ് ഷൂട്ടിംഗ് നടന്നതെന്നുമാണ് സംവിധായകൻ നൽകിയ വിശദീകരണം.
English Summary : Devaswom Vigilance has reported that director Anuraj Manohar conducted unauthorized film shooting at Pampa on Makaravilakku day, violating rules in the Sabarimala area