പണമിടപാടുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ കുടുംബത്തിനുള്ളിൽ ഭരണഘടനയുണ്ടെന്ന് അപ്പോളോ ഗ്രൂപ്പ് മേധാവിയും, നടൻ രാം ചരണിന്റെ ഭാര്യയുമായ ഉപാസന കൊനിഡേല. തെന്നിന്ത്യയിലെ പവർ കപ്പിൾ എന്നറിയപ്പെടുന്ന ഇരുവർക്കും കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ഇരുവർക്കും രണ്ട് വയസുള്ള മകൾ കൂടിയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുത്തശ്ശൻ പ്രതാപ് സി. റെഡ്ഡിയുടെ നിയമങ്ങളാണ് വീട്ടിലുള്ളവർ പിന്തുടരുന്നത് എന്ന് അവർ പറഞ്ഞു.
'ബിസിനസ്സ് കുടുംബമായതിനാൽ സ്വത്തിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾക്കൊരു ലിഖിത കുടുംബ ഭരണഘടനയുണ്ട്. എന്റെ മുത്തശ്ശൻ പ്രതാപ് സി. റെഡ്ഡി ഉണ്ടാക്കിയ നിയമങ്ങളാണിത്. വലിയ കാര്യങ്ങളെല്ലാം മുൻകൂട്ടി എഴുതിവച്ചിട്ടുള്ളതിനാൽ സ്വത്തിന്റെ പേരിൽ ഞങ്ങളുടെ കുടുംബത്തിൽ വഴക്കുകളുണ്ടാകാറില്ല,' ഉപാസന പറഞ്ഞു. വീട്ടിലെ പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും സ്വത്തിന്റേയും ഓഹരികളുടേയും കാര്യത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും തുല്ല്യ പരിഗണനയാണ് നൽകുന്നതെന്നും ഉപാസന വ്യക്തമാക്കി. പുരുഷാധിപത്യം വീട്ടിൽ ഇല്ലെന്നും, സമ്പത്ത് ഒരിക്കലും കുടുംബത്തിലെ എന്തെങ്കിലും വഴക്കിന് കാരണമാകരുതെന്ന് മുത്തച്ഛന് നിർബന്ധമായിരുന്നുവെന്നും ഉപാസന കൂട്ടിച്ചേർത്തു.
2012 ജൂൺ 14നാണ് നടൻ ചിരഞ്ജീവിയുടെ മകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ രാം ചരണിനെ ഉപാസന വിവാഹം ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, രാം ചരണിന് ഏകദേശം 1400 കോടിയുടെ ആസ്തിയുണ്ട്. ചിരഞ്ജീവിക്ക് 1,650 കോടിയും. എന്നാൽ ഇരുവരുടേയും സമ്പത്തിനെ കടത്തി വെട്ടുന്ന, 77,000 കോടിയുടെ ആസ്തിയുള്ള കുടുംബത്തിലെ അംഗമാണ് ഉപാസന. മാത്രമല്ല, അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ ഡോ. പ്രസാദ് കാമിനേനിയുടെ ചെറുമകളും, അപ്പോളോ ഗ്രൂപ്പിന്റെ സി.എസ്.ആർ (CSR) വിഭാഗം മേധാവി കൂടിയാണ് ഉപാസന.
ലണ്ടനിലെ റീജന്റ്‌സ് യൂണിവേഴ്‌സിറ്റിയിലും, ഹാർവാർഡ് ബിസിനസ് സ്‌കൂളിലുമായിരുന്നു ഉപാസന പഠനം പൂർത്തിയാക്കിയത്. കൂടാതെ 'URLife' എന്ന ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപക കൂടെയാണ്. റിപ്പോർട്ടുകൾ പ്രകാരം 800 കോടി മുതൽ 1300 കോടി രൂപ വരെയാണ് ഉപാസനയുടെ വ്യക്തിഗത ആസ്തി. അതേസമയം, നടൻ രാം ചരൺ തന്റെ ഓരോ സിനിമയ്ക്കും 70 കോടി മുതൽ 100 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. കുടുംബത്തിന്റെ ആസ്തി കണക്കിലെടുക്കാതെ തന്നെ, രാം ചരണിന്റെയും ഉപാസനയുടെയും വ്യക്തിഗത ആസ്തി മാത്രമായി ഇരുവർക്കും സംയുക്തമായി 2700 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
English Summary: Upasana Konidela says her family follows a written “family constitution” to prevent disputes over wealth.