Entertainment News

‘എല്ലാം പൂർത്തിയായതുപോലെ...’: സലീം കുമാറിന്റെ ആ വാക്കുകൾ യാത്രപറച്ചിലായിരുന്നു; വിതുമ്പലോടെ വി ഡി സതീശൻ

ഏറ്റവും ഒടുവിൽ പങ്കെടുത്ത പൊതുവേദിയിൽ സലീം കുമാർ തന്നോട് പറഞ്ഞ വാക്കുകൾ ഒരു യാത്രപറച്ചിലായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുകയാണ്

Madism Desk

നടനും ഉറ്റസുഹൃത്തുമായ സലീം കുമാർ അനുസ്മരണ വേദിയിൽ വികാരാധീനനായി മുഖ്യമന്ത്രി വി ഡി സതീശൻ. സ്വന്തം സഹോദരനെ നഷ്ടപ്പെട്ട വേദനയിലാണ് താനെന്ന് പറവൂരിൽ നടന്ന സലീം കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവിൽ പങ്കെടുത്ത പൊതുവേദിയിൽ സലീം കുമാർ തന്നോട് പറഞ്ഞ വാക്കുകൾ ഒരു യാത്രപറച്ചിലായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുകയാണെന്ന് മുഖ്യമന്ത്രി ഓർത്തെടുത്തു.

മുഖ്യമന്തിയുടെ വാക്കുകൾ ഇങ്ങനെ:

"മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പറവൂരിൽ നൽകിയ പൗരസ്വീകരണത്തിലായിരുന്നു സലീം കുമാർ അവസാനമായി പങ്കെടുത്തത്. അന്ന് എന്റെ അടുത്ത് ചേർന്നിരുന്ന് കൈകൾ മുറുക്കെ പിടിച്ച് സലീം പറഞ്ഞു 'എനിക്ക് ഇപ്പോൾ എല്ലാം പൂർത്തിയായതുപോലെയാണ്'. അറംപറ്റിയ വാക്കുകൾ പോലെയാണ് ഇപ്പോൾ എനിക്ക് അത് തോന്നുന്നത്. 2011-ൽ എനിക്ക് മന്ത്രിയാകാൻ കഴിയാതെ വന്നപ്പോൾ വീട്ടിലിരുന്ന് ഒരുപാട് കരഞ്ഞ ആളാണ് സലീം. എന്നാൽ ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കഴിഞ്ഞതോടെ തന്റെ ജീവിതലക്ഷ്യം പൂർത്തിയായെന്നാണ് അദ്ദേഹം വികാരഭരിതനായി പറഞ്ഞത്. ഒരു സുഹൃത്തിന് വലിയൊരു പദവി കിട്ടുമ്പോൾ, തന്റെ ജീവിതലക്ഷ്യം പൂർത്തിയായി എന്ന് കരുതുന്ന ഒരാളെ വെറുമൊരു 'സുഹൃത്ത്' എന്ന വാക്കിൽ ഒതുക്കാൻ കഴിയില്ല. അതിനും അപ്പുറമുള്ള ഹൃദയബന്ധമായിരുന്നു അത്."

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സ്വന്തം നിലപാടുകൾ വെട്ടിത്തുറന്നു പറഞ്ഞ വ്യക്തിത്വമായിരുന്നു സലീം കുമാറിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥിക്കാലം മുതൽ ഹൃദയത്തിലേറ്റിയ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അദ്ദേഹം എക്കാലത്തും നീതി പുലർത്തി. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുമ്പോൾ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് അദ്ദേഹം ഭയന്നില്ല. വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാൻ സലീം കുമാർ കാണിച്ച ആർജ്ജവം എല്ലാവർക്കും ഒരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേവലം ചിരിപ്പിക്കുക മാത്രമല്ല, തനിക്ക് ഗൗരവമേറിയ കഥാപാത്രങ്ങളും വഴങ്ങുമെന്ന് 'ആദമിന്റെ മകൻ അബു'വിലൂടെ സലീം കുമാർ തെളിയിച്ചതായി വി ഡി സതീശൻ ഓർമ്മിപ്പിച്ചു. മലയാളി കുടുംബങ്ങളിൽ നർമ്മം വിതറി ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്ഥാനം ആർക്കും അടർത്തിമാറ്റാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളിൽ 80 ശതമാനവും സലീം കുമാറിന്റെ മുഖഭാവങ്ങളാണ്. അത്രമാത്രം സാധാരണക്കാരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. സലീം കുമാറിന്റെ യഥാർത്ഥ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ഭരത് അവാർഡിലേക്ക് നയിച്ചത് സംവിധായകൻ സലിം അഹമ്മദാണ്. ആ അവാർഡ് പറവൂർ ജനതയ്ക്ക് മുഴുവൻ ലഭിച്ച അംഗീകാരമായിരുന്നു.

നാടിന് ഒരു ആപത്ത് വരുമ്പോഴോ, തെരഞ്ഞെടുപ്പ് കാലത്തോ സഹായവുമായി സലീം കുമാർ എപ്പോഴും മുന്നിലുണ്ടാകുമായിരുന്നു. രോഗബാധിതനായിരുന്നപ്പോഴും അത് മറ്റുള്ളവരിൽ നിന്ന് ഒളിച്ചുവെക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മരണശേഷവും മലയാളികളുടെ ഹൃദയത്തിൽ സലീം കുമാറിനുള്ള സ്ഥാനം എന്നും അതേപടി നിലനിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister V. D. Satheesan became emotional while remembering his close friend, late actor Salim Kumar, at a memorial event in Paravur. He recalled Salim Kumar's final words to him, saying they now feel like a farewell, and praised the actor's unwavering friendship, political convictions, and lasting contribution to Malayalam cinema.