നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്ക് 1.5 കോടി രൂപ ആദായനികുതി പിഴ നൽകി മദ്രാസ് ഹൈക്കോടതി. 2015–16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചെന്ന കണ്ടെത്തലിനെ തുടർന്ന് 1.5 കോടി രൂപ പിഴ ചുമത്തിയ ആദായനികുതി വകുപ്പിന്റെ ഉത്തരവ് ശരിവെച്ച കോടതി വിജയ് സമർപ്പിച്ച അപ്പീൽ തള്ളി. ഇതോടെ പിഴത്തുക അടയ്ക്കേണ്ട സാഹചര്യമാണ് താരത്തിനുണ്ടായത്.
2015–16 സാമ്പത്തിക വർഷത്തിൽ ലഭിച്ച അധിക വരുമാനം നിയമപ്രകാരം വെളിപ്പെടുത്തിയില്ലെന്ന ആരോപണത്തിലാണ് നടപടി. ഈ പിഴ ചോദ്യം ചെയ്ത് 2022-ലാണ് വിജയ് ഹൈക്കോടതിയെ സമീപിച്ചത്.
2015-ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലത്തിൽ വിജയ്‌യുടെ വസതിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഏകദേശം 15 കോടി രൂപയുടെ അധിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന നിഗമനത്തിലെത്തിയ വകുപ്പാണ് ആദായനികുതി നിയമത്തിലെ സെക്ഷൻ 271AAB പ്രകാരം പിഴ ചുമത്തിയത്.
പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞുവെന്നും, വകുപ്പിന്റെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നുമാണ് വിജയ് കോടതിയിൽ വാദിച്ചത്. നേരത്തെ പിഴ ഈടാക്കൽ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ, കേസ് വിശദമായി പരിഗണിച്ച ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ച് വിജയ്‌യുടെ വാദങ്ങൾ അംഗീകരിച്ചില്ല. അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്ത സാഹചര്യത്തിൽ പിഴ ചുമത്താൻ ആദായനികുതി വകുപ്പിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. വകുപ്പിന്റെ നടപടിയിൽ നിയമപരമായ വീഴ്ചയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
English Summary: The Madras High Court ordered actor and political leader Vijay to pay an income tax penalty of ₹1.5 crore.