ആദായനികുതി വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഏർപ്പെടുത്തിയ പിഴയ്‌ക്കെതിരെ തമിഴ് നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ് ചെന്നൈ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2015-16 സാമ്പത്തിക വർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ചുമത്തിയ 1.50 കോടി രൂപയുടെ പിഴ ചോദ്യം ചെയ്താണ് താരം ഇപ്പോൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഈ വിഷയത്തിൽ വിജയ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേത്തുടർന്നാണ് നിയമപോരാട്ടം തുടരാൻ താരം തീരുമാനിച്ചത്.
സംഭവത്തിന്റെ ആധാരം 2015-ൽ പുറത്തിറങ്ങിയ 'പുലി' എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലമാണ്. അക്കാലയളവിൽ വിജയ് സമർപ്പിച്ച നികുതി രേഖകളിൽ 35.42 കോടി രൂപയാണ് ആകെ വരുമാനമായി കാണിച്ചിരുന്നത്. എന്നാൽ താരത്തിന്റെ വസതിയിൽ നടന്ന പരിശോധനയിൽ കണ്ടെടുത്ത രേഖകൾ പ്രകാരം, ചിത്രത്തിനായി കൈപ്പറ്റിയ 15 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തി. ഈ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് 2022-ൽ വകുപ്പ് താരത്തിന് ഒന്നരക്കോടി രൂപ പിഴ ചുമത്തിയത്.
പിഴ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് വിജയ് കോടതിയിൽ വാദിച്ചത്. 2019 ജൂൺ മാസത്തിന് മുൻപ് പുറപ്പെടുവിക്കേണ്ട ഉത്തരവ് വർഷങ്ങൾ വൈകി 2022-ൽ നടപ്പിലാക്കിയത് ചട്ടവിരുദ്ധമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നും വിജയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്. എന്നാൽ നികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്നും കൃത്യമായ സമയപരിധിക്കുള്ളിൽ തന്നെയാണ് ഉത്തരവ് വന്നിട്ടുള്ളതെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തി, നികുതി വകുപ്പിന്റെ നടപടി ശരിവെക്കുകയും വിജയ്ലിന്റെ ഹർജി തള്ളുകയുമായിരുന്നു.
സിംഗിൾ ബെഞ്ച് വിധി വന്നതിന് പിന്നാലെ, നികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാൻ കോടതി അനുവാദം നൽകിയിരുന്നെങ്കിലും പിഴ ഏർപ്പെടുത്തിയതിലെ കാലതാമസം കാരണമായി ഉന്നയിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണങ്ങളെയും പിഴ നടപടിയെയും ചോദ്യം ചെയ്ത് വിജയ് ഇപ്പോൾ ഹൈക്കോടതിയിൽ പുതിയ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.
English Summary : Actor Vijay has approached the Madras High Court against an income tax penalty of ₹1.5 crore related to undisclosed income from the film Puli. After his plea was dismissed by a single bench, he has now filed an appeal before a division bench. The case revolves around alleged tax discrepancies from the 2015–16 financial year