Entertainment News

കടക്കാർ വീട്ടിലെത്തുമ്പോൾ അച്ഛനൊപ്പം ഇരിക്കുമായിരുന്നു; പ്രതിസന്ധികളെ അതിജീവിച്ച 'മക്കൾ സെൽവന്റെ' ജീവിതകഥ

ഒരു കാര്യം ആഗ്രഹിച്ചാൽ പോലും തങ്ങളുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ആദ്യം ചിന്തിക്കേണ്ടി വരുമായിരുന്നു

Entertainment Desk

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ വന്ന് കഠിനാധ്വാനത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ അദ്ദേഹത്തിന്റെ ജീവിതം പലർക്കും ഒരു പ്രചോദനമാണ്. പരീക്ഷണ വേഷങ്ങളിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരം, തന്റെ ഇന്നത്തെ വിജയത്തിന് പിന്നിലെ കഠിനമായ ജീവിതയാത്രയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ദാരിദ്ര്യവും കടബാധ്യതകളും നിറഞ്ഞതായിരുന്നു തന്റെ കുട്ടിക്കാലമെന്ന് താരം ട്രൂലി റാം പോഡ്കാസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു

കടം വാങ്ങിയവരോട് സംസാരിക്കാൻ അച്ഛനൊപ്പം ഇരുന്നിട്ടുണ്ട്

കുട്ടിക്കാലത്ത് തന്റെ കുടുംബം അനുഭവിച്ച വലിയ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. അച്ഛൻ പലരിൽ നിന്നായി അന്ന് കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ച് ആളുകൾ വീട്ടിൽ വരുമ്പോൾ, ആ പ്രതിസന്ധി ഘട്ടങ്ങളിൽ താൻ അച്ഛനൊപ്പം ഇരിക്കുമായിരുന്നുവെന്ന് വിജയ് സേതുപതി ഓർത്തെടുക്കുന്നു. സാമ്പത്തികമായ ഈ കഷ്ടപ്പാടുകളാണ് തന്റെ കുട്ടിക്കാലത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത്. താൻ കണ്ടതും അനുഭവിച്ചതുമായ ജീവിത സാഹചര്യങ്ങളാണ് തന്നെ ചെറുപ്പത്തിൽ തന്നെ പക്വതയുള്ളവനാക്കി മാറ്റിയതെന്നും അദ്ദേഹം പറയുന്നു. കുട്ടിക്കാലത്ത് എന്തെങ്കിലും ഒരു കാര്യം ആഗ്രഹിച്ചാൽ പോലും തങ്ങളുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ആദ്യം ചിന്തിക്കേണ്ടി വരുമായിരുന്നുവെന്ന് താരം ഓർക്കുന്നു

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമാണ് ഞാൻ കുട്ടിക്കാലത്ത് അധികവും കണ്ടിട്ടുള്ളത്. കടം ചോദിച്ച് ആളുകൾ വീട്ടിൽ വരുമ്പോൾ, അവർക്കൊപ്പം സംസാരിക്കാനും കാര്യങ്ങൾ കൈകാര്യം ചെയ്യാനും അച്ഛന്റെ കൂടെ ഞാനും ഇരിക്കുമായിരുന്നു

സിനിമയല്ല, ബിസിനസ്സായിരുന്നു ലക്ഷ്യം

അഭിനയം തുടക്കത്തിൽ തന്റെ ലക്ഷ്യമേ ആയിരുന്നില്ലെന്നും വിജയ് സേതുപതി വെളിപ്പെടുത്തുന്നു. ഒരു ബിസിനസ്സുകാരനാകാനായിരുന്നു താല്പര്യം. ആ ലക്ഷ്യത്തിലേക്കെത്താൻ സ്കൂൾ പഠനകാലത്ത് തന്നെ ദിവസക്കൂലിക്ക് പണിയെടുക്കാൻ തയ്യാറായി. പിന്നീട് ഒരു ഫോൺ ബൂത്തിലും ജോലി നോക്കി. ജീവിതവിജയത്തിനായി പല വാതിലുകളിലും മുട്ടിയും, രാത്രി പകലാക്കി കഠിനാധ്വാനം ചെയ്തുമാണ് താൻ ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നതെന്നും അദ്ദേഹം തുറന്നുപറയുന്നു.

ജീവിതത്തിൽ ഒട്ടേറെ പരാജയങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിട്ട ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് താൻ വന്നതെന്ന് വിജയ് സേതുപതി പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുൻപ് ദുബായിൽ അക്കൗണ്ടന്റായും മറ്റും അദ്ദേഹം ജോലി ചെയ്തിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായിരുന്നു അന്ന് അദ്ദേഹം പ്രവാസിയായത്.

തുടക്കം ചെറിയ വേഷങ്ങളിൽ നിന്ന് ഇന്ന് കോടികൾ പ്രതിഫലം വാങ്ങുന്ന താരം

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ വിജയ് സേതുപതിക്ക് 'പിസ്സ', 'നടുവുല കൊഞ്ചം പക്കത്ത കാണോം' എന്നീ ചിത്രങ്ങളാണ് വഴിത്തിരിവായത്. പിന്നീട് 'സൂത് കാവും', 'വിക്രം വേദ', '96', 'സൂപ്പർ ഡീലക്സ്', 'മാസ്റ്റർ', 'വിക്രം', 'ജവാൻ', 'മഹാരാജ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം മുൻനിര താരമായി വളർന്നു. ഒടുവിൽ പുറത്തിറങ്ങിയ 'ഗാന്ധി ടോക്സ്' എന്ന ചിത്രത്തിന് ശേഷം മൈസ്കിൻ സംവിധാനം ചെയ്യുന്ന 'ട്രെയിൻ', പുരി ജഗന്നാഥ് നിർമിക്കുന്ന 'സ്ലം ഡോഗ്: 33 ടെമ്പിൾ റോഡ്' തുടങ്ങി നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Actor Vijay Sethupathi has reflected on his difficult childhood, revealing that he grew up amid financial struggles and debt. He shared how those experiences shaped his maturity and eventually inspired his remarkable journey to becoming one of India's most celebrated actors.