2000-ത്തിൽ പുറത്തിറങ്ങിയ 'ദാദാ സാഹിബ്' എന്ന ചിത്രത്തിൽ മമ്മൂട്ടി ഇരട്ട വേഷത്തിലാണ് എത്തിയിരുന്നത്. അച്ഛനും മകനുമായി രണ്ടു വേഷങ്ങളാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രത്തിൽ മകന്റെ വേഷം ചെയ്യാൻ മറ്റൊരു നടനെ ആയിരുന്നു തീരുമാനിച്ചിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയൻ ഇക്കാര്യം കുറിച്ചത്.
ചിത്രത്തിൽ ദാദാമുഹമ്മദ് സാഹിബ് എന്ന അച്ഛനും അബൂബക്കർ എന്ന മകനും മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരുന്നു. എന്നാൽ മറ്റൊരു നടൻ വേണ്ടന്ന് തീരുമാനിക്കാൻ കാരണം ചിത്രത്തിന്റെ കഥഗതിയെ ഇരട്ടവേഷം ഗുണം ചെയ്യുമെന്നതിനാലാണ് എന്ന് അദ്ദേഹം കുറിച്ചു.
വിനയന്റെ പോസ്റ്റിന്റെ പൂർണരൂപം
“ദാദാ സാഹിബ്” പ്ലാൻ ചെയ്യുന്ന സമയത്ത് ദാദാമുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മുക്ക അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം വേറെ ആർട്ടിസ്റ്റ് ചെയ്താൽ മതിയെന്നും ചിന്തിച്ചിരുന്നു… പക്ഷെ മരിച്ചെന്നു കരുതിയ അബൂബക്കർ ബാപ്പയുടെ വേഷം കെട്ടി വന്ന് വില്ലൻമാരെ നേരിടുന്ന ചില സീനുകളിൽ രണ്ടു വേഷവും മമ്മുക്ക തന്നെ ചെയ്യുന്നത് കൂടുതൽ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടും മമ്മുക്ക തന്നെ ചെയ്യാൻ തീരുമാനമെടുത്തത്“
ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് എസ് സുരേഷ് ബാബുവും വിനയനും ചേർന്നായിരുന്നു. കലാഭവൻ മണി, കൊച്ചിൻ ഹനീഫ, സായ് കുമാർ, മുരളി, കാവേരി, മീന ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനുണ്ടായിരുന്നു. സർഗ്ഗം കബീർ ആയിരുന്നു ചിത്രം നിർമിച്ചത്.
English Summary: Director Vinayan has revealed that Mammootty was initially not planned to play the son’s role in the 2000 film Dada Sahib.