നെറ്റ്ഫ്ലിക്സിൽ നിന്ന് ഷാരൂഖ് ഖാന്റെ നാല് ക്ലാസിക് ചിത്രങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നു. എക്കാലത്തെയും മികച്ച ബോളിവുഡ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ സിനിമകളാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് പുറത്താകുന്നത്. 'കുച്ച് കുച്ച് ഹോത്താ ഹേ', 'കഭി ഖുശി കഭി ഗം', 'കൽ ഹോ നാ ഹോ', 'കഭി അൽവിദ നാ കഹ്നാ' എന്നീ നാല് ചിത്രങ്ങളാണ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത്. നെറ്റ്ഫ്ലിക്സുമായുള്ള ലൈസൻസിംഗ് കരാറിന്റെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്.
ഈ സിനിമകൾ നെറ്റ്ഫ്ലിക്സിലൂടെ കാണാനാകുന്ന അവസാന തീയതി 2026 ഫെബ്രുവരി 28 ആണ്. പുറത്താവുന്ന നാല് ചിത്രങ്ങളും ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. പ്രണയവും, സൗഹൃദവും, കുടുംബ ബന്ധങ്ങളിലെ സങ്കീർണ്ണതകളും ഇതിവൃത്തമായി ഒരുങ്ങിയ ഈ ചിത്രങ്ങൾ ഇന്നും ആരാധകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ പട്ടികയിലുള്ളതാണ്. കൂടാതെ 'കൽ ഹോ നാ ഹോ' ഒഴികെ ബാക്കിയുള്ള മൂന്ന് ചിത്രങ്ങളും കരൺ ജോഹർ സംവിധാനം ചെയ്തവയാണെന്നും, എല്ലാ ചിത്രങ്ങളും ധർമ്മ പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിർമ്മിച്ചതാണെന്നും പ്രത്യേകതയുണ്ട്. ബോളിവുഡിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ കരൺ ജോഹർ സംവിധാനം ചെയ്ത 'കുച്ച് കുച്ച് ഹോതാ ഹേ'യാണ് പട്ടികയിലെ ആദ്യ ചിത്രം. 1998 ലാണ് റിലീസ് ചെയ്ത ചിത്രം, ഏകദേശം 10 കോടി ബജറ്റിൽ നിർമ്മിച്ച്, 100 കോടിയിലധികം രൂപ കളക്ഷൻ നേടി ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയി മാറി.
ബോളിവുഡിലെ ഫാമിലി ഡ്രാമ സിനിമകളിൽ മികച്ചതായ 'കഭി ഖുശി കഭി ഗം'ആണ് പട്ടികയിലെ രണ്ടാമത്തെ ചിത്രം. 2001ൽ പുറത്തിറങ്ങിയ ഈ ചിത്രവും കരൺ ജോഹറാണ് സംവിധാനം ചെയ്തത്. 2003 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വൈകാരികമായ സിനിമകളിൽ ഒന്നായാണ് 'കൽ ഹോ നാ ഹോ' ആണ് അടുത്ത ചിത്രം. നിഖിൽ അദ്വാനി സംവിധാനം ചെയ്ത 'കൽ ഹോ നാ ഹോ'യുടെ തിരക്കഥ എഴുതിയത് കരൺ ജോഹറാണ്. ഷാരൂഖ് ഖാനും കരൺ ജോഹറും ഒന്നിച്ച സിനിമകളിൽ ഏറ്റവും വ്യത്യസ്തമായ 'കഭി അൽവിദ നാ കഹ്നാ'യാണ് പട്ടികയിലെ അവസാന ചിത്രം. 2006 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു.
English Summary: Four classic Shah Rukh Khan films are set to leave Netflix by February 28, 2026, due to licensing expiry. Three of the films were directed by Karan Johar and all were produced by Dharma Productions.