റാപ്പർ മാക്‌ൾമോറിനെ തന്റെ അമേരിക്കൻ ടൂറിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൗനം വെടിഞ്ഞ് ഗായകൻ എഡ് ഷീരൻ. ഈ വിഷയത്തിൽ തനിക്ക് “പിഴവ്” സംഭവിച്ചുവെന്നും, ആരാധകരോട് ക്ഷമ ചോദിക്കുന്നു എന്നും എഡ് ഷീരൻ പറഞ്ഞു. ടൂറിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തിൽ പ്രതികരിച്ചുകൊണ്ടാണ് ഫിലഡൽഫിയയിൽ നടന്ന സോളോ ഷോയ്ക്ക് ഗായകൻ തുടക്കമിട്ടത്.
സെപ്റ്റംബർ 4, 5 തീയതികളിൽ ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന എഡ് ഷീരന്റെ ടൂറിലാണ് വിവാദത്തിന് തുടക്കമായത്. പരിപാടിക്കിടെ മാക്‌ൾമോർ പലസ്തീന് അനുകൂലമായ പരാമർശങ്ങൾ നടത്തുകയും ‘ഫ്രീ പലസ്തീൻ’ എന്ന് പറയുകയും പ്രതിഷേധഗാനമായ ‘ഹിൻഡ്സ് ഹാൾ’ അവതരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് മാക്‌ൾമോർ ടൂറിൽ നിന്ന് പുറത്താക്കുകയായിരുന്നു.
“ഞാനൊരിക്കലും ഒരു ആക്ടിവിസ്റ്റാകാൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ ലോകത്തിലെ ഏറ്റവും സങ്കീർണമായ രാഷ്ട്രീയ വിഷയത്തെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു വാദത്തിനിടയിലേക്ക് ഈ സാഹചര്യം എന്നെ എത്തിച്ചിരിക്കുകയാണ്,” ശനിയാഴ്ച നടന്ന പരിപാടിയിൽ എഡ് ഷീരൻ പറഞ്ഞു. 2023 ഒക്ടോബർ 7ന് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളെ “ഭയാനകം” എന്ന് വിശേഷിപ്പിച്ച ഷീരൻ, ഗാസയിലെ നിലവിലെ സാഹചര്യങ്ങൾ “ന്യായീകരിക്കാനാകാത്തതാണ്” എന്ന് പറഞ്ഞു.
മാക്‌ൾമോറിനെ ടൂറിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം തന്റേതല്ലെന്നും ടൂറിന്റെ പ്രമോട്ടർമാരാണ് തീരുമാനമെടുത്തതെന്നും ഷീരൻ നേരത്തെ വ്യക്തമാക്കിയിരുന്നു എങ്കിലും, വിവാദത്തെ തുടർന്ന് നിരവധി കലാകാരന്മാർ ടൂറിൽനിന്ന് പിന്മാറിയിരുന്നു. എഡ് ഷീരന്റെ ‘ലൂപ്പ് ടൂർ’ന്റെ ശേഷിക്കുന്ന യുഎസ് പരിപാടികളിൽ ടിക്കറ്റ് നിരക്ക് കുറയുകയും വിൽപ്പന ഇടിയുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
വിവാദം ശക്തമായതോടെ “ഈ ടൂർ തുടരാനാകുമോ എന്നുപോലും അറിയില്ലായിരുന്നു” എന്നും “താൻ ഇനിയും ഒരു കലാകാരനായി തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും സംശയിക്കുന്നു” എന്നും ഷീരൻ പരിപാടിക്കിടെ പ്രേക്ഷകരോട് പറഞ്ഞു. എന്നാൽ ആരാധകരോടുള്ള പ്രതിബദ്ധത കാരണമാണ് വീണ്ടും വേദിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഷീരൻ പറഞ്ഞ കാര്യങ്ങൾ ആത്മാർഥമായ പ്രതികരണമായിരുന്നില്ലെന്നും ടെലിപ്രോംപ്റ്ററിൽനിന്ന് വായിക്കുകയായിരുന്നുവെന്നും പരിപാടിക്കെത്തിയ ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
“എന്റെ സംഗീതവും ഷോകളും ഭിന്നിപ്പിനുപകരം ഐക്യത്തെക്കുറിച്ചും രാഷ്ട്രീയത്തിനുപകരം മാനവികതയെക്കുറിച്ചുമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇത് ഒരു മാനവിക വിഷയമാണ്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ചുള്ള എന്റെ വികാരം ഇനി മറച്ചുവെക്കാനാകില്ല. ഒക്ടോബർ 7ന് ഇസ്രയേലിൽ സംഭവിച്ചത് ഭയാനകമായിരുന്നു. നൂറ്റാണ്ടുകളായി യഹൂദർ അനുഭവിച്ചുവരുന്ന വേദനയ്ക്ക് അത് കൂടുതൽ ആക്കം കൂട്ടുകയും ചെയ്തു,” ഷീരൻ പറഞ്ഞു.
അതേസമയം, ഗാസയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദുരന്തപൂർണവും ന്യായീകരിക്കാനാകാത്തതുമായ കാര്യങ്ങളാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. “സാധാരണക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ, ജീവനുകൾ നഷ്ടപ്പെടുന്നത് എന്റെ ഹൃദയം തകർത്തു. വെസ്റ്റ് ബാങ്കിൽ അരങ്ങേറുന്ന അനീതിയും അവഗണിക്കാനാകില്ല. ഈ ദുരിതത്തിന്റെ ഇരകളെ സഹായിക്കാൻ എന്ത് തരത്തിലുള്ള സംഭാവന നൽകാനാകുമെന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയാണ്. അതോടൊപ്പം കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. കാരണം, ഈ വിഷയത്തെക്കുറിച്ച് എനിക്ക് വേണ്ടത്ര അറിവില്ല,” ഷീരൻ പറഞ്ഞു.
വികാരാധീനനായ ഷീരൻ, “ഇന്ന് രാത്രി നിങ്ങൾ എനിക്കൊപ്പം ഇവിടെയുണ്ടെന്നതിൽ ഞാൻ ആത്മാർഥമായി നന്ദിയുള്ളവനാണ്,“ എന്ന് സദസ്സിനോട് പറഞ്ഞു. തന്റെ സംഗീതപരിപാടികൾ എല്ലാവർക്കും സ്വാഗതമുള്ള ഇടമാണെന്നും, വ്യത്യസ്ത അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് എല്ലാവർക്കും ഒരുമിച്ച് നിൽക്കാമെന്നും ഷീരൻ വ്യക്തമാക്കി.
ഷീരന്റെ യുഎസ് പര്യടനത്തിലെ ഓപ്പണിങ് ആക്ടായി മാക്‌ൾമോറിനെയാണ് തിരഞ്ഞെടുത്തിരുന്നത്. ആദ്യ ഷോയിൽ തന്നെ വേദിയിൽ വെച്ച് മാക്‌ൾമോർ ‘ഫ്രീ പലസ്തീൻ’ എന്ന് ആഹ്വാനം ചെയ്യുകയും ഗാസയിലെ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസത്തെ പ്രകടനത്തിനിടെ ഗാസയിലെ മനുഷ്യർക്കെതിരെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത് ‘വംശഹത്യ’യാണെന്നും മാക്‌ൾമോർ വിശേഷിപ്പിച്ചു.
എന്നാൽ ഇസ്രയേൽ ഈ പരാമർശം വെറും ആരോപണം ആണെന്ന് പ്രതികരിച്ചതിന് പിന്നാലെ മാക്‌ൾമോറിനെതിരെ വ്യാപക വിമർശനമുയർന്നു. ഇസ്രയേലി സംഘടനകൾ, താരം പ്രേക്ഷകരെ ‘അനാവശ്യ രാഷ്ട്രീയ അഭിപ്രായങ്ങളിലേക്ക് വലിച്ചിഴച്ചെന്ന്’ ആരോപിച്ച് വിമർശിച്ചു. ഇതോടെയാണ് ടൂറിന്റെ ഭാഗമായ സ്റ്റേഡിയം ഉടമകളും മറ്റു സ്പോൺസർമാരും ഷീരനിലും അദ്ദേഹത്തിന്റെ ടീമിലും സമ്മർദം ചെലുത്തി മാക്‌ൾമോറിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.
ഈ സംഭവത്തോടെ, ഷീരന്റെ യുഎസ് പര്യടനം പ്രതിസന്ധിയിലായി. ശേഷിക്കുന്ന പരിപാടികളിലെ മൂന്ന് സപ്പോർട്ട് ആക്ടുകളായ ഫിന്നിയസ്, ആരോൺ റോ, ലൂക്കാസ് ഗ്രഹാം എന്നിവർ മാക്‌ൾമോറിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറി. ഷീരനൊപ്പം സംഗീതം അവതരിപ്പിക്കുന്ന ബിയോഗയും പര്യടനത്തിൽനിന്ന് പിന്മാറി. സ്റ്റേഡിയം ഉടമകളുടെ സമ്മർദത്തെ തുടർന്ന് മാക്‌ൾമോറിനെ ടൂറിൽനിന്ന് ഒഴിവാക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള സമ്മർദമായി മാറുമെന്നായിരുന്നു ഇവരിൽ പലരുടെയും പ്രതികരണം.
Ed Sheeran has addressed the controversy surrounding Macklemore’s removal from his US tour after the rapper made pro-Palestinian remarks on stage. Sheeran said he could no longer hide his feelings about the Israel-Palestine conflict, describing the situation in Gaza as catastrophic and unjustifiable while expressing concern over civilian and children’s deaths.