2016ൽ പാരിസിൽ ആയുധധാരികളുടെ കവർച്ചയ്ക്ക് ഇരയായ ഹോളിവുഡ് താരം കിം കർദാഷ്യന് നഷ്ടപരിഹാരമായി ഒരു യൂറോ അനുവദിച്ച് കോടതി. കിം ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുകയാണിത്. കേസുമായി ബന്ധപ്പെട്ട കിമ്മിന്റെ അഭിഭാഷകനാണ് കോടതി വിധി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കേസിൽ കഴിഞ്ഞ വർഷം എട്ട് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു കവർച്ചയെന്ന് കിം നേരത്തെ പറഞ്ഞിട്ടുണ്ട്. ഫ്രഞ്ച് നീതിന്യായ വ്യവസ്ഥയോട് നന്ദി അറിയിച്ച് താരം ചൊവ്വാഴ്ച പ്രസ്താവനയും പുറത്തിറക്കി.
2016ലെ കവർച്ച തന്നെ ഏറെ ആഴത്തിൽ ബാധിച്ചെന്നും അതിന്റെ ആഘാതം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കിം കർദാഷ്യനും സിമോൺ ഹരൂഷും പറഞ്ഞു. കോടതി വിധി വഴി ലഭിക്കുന്ന നഷ്ടപരിഹാരത്തുകയല്ല, മറിച്ച് നീതി ഉറപ്പാക്കുന്നതാണ് പ്രധാനം എന്ന് ഇരുവരും വ്യക്തമാക്കി. നടപടികളിലുടനീളം പിന്തുണച്ച കോടതിക്കും മറ്റുള്ളവർക്കും നന്ദി അറിയിച്ച അവർ, ഇനി സമാധാനപരമായി മുന്നോട്ടുപോകാനും, ആ അനുഭവത്തിൽനിന്ന് മുക്തി നേടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
കിം കർദാഷ്യൻ സംഭവദിവസം താമസിച്ചിരുന്ന ഹോട്ടലിലെ മുൻ റിസപ്ഷനിസ്റ്റിനും കോടതി നഷ്ടപരിഹാരം അനുവദിച്ചു. 1,09,516 യൂറോയാണ് നഷ്ടപരിഹാരമായി നൽകുക. കവർച്ചാ സംഭവത്തെത്തുടർന്ന് താൻ മാനസികമായി ഏറെ ആഘാതം നേരിട്ടതായി മുൻ റിസപ്ഷനിസ്റ്റ് കോടതിയെ അറിയിച്ചിരുന്നു. 2016 ഒക്ടോബർ രണ്ടിന് ഫാഷൻ വീക്കിനിടെ നടന്ന കിം കർദാഷ്യന്റെ ആഭരണ കവർച്ചയിൽ ഹോട്ടൽ ജീവനക്കാർക്കും പങ്കുണ്ടായതായാണ് റിപ്പോർട്ടുകൾ.
പൊലീസ് വേഷത്തിലെത്തിയ രണ്ട് കവർച്ചക്കാർ കിം കർദാഷ്യൻ താമസിച്ചിരുന്ന സ്യൂട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് കവർച്ച നടത്തിയത്. സിപ്പ് ടൈയും ടേപ്പും ഉപയോഗിച്ച് കിംനെ ബന്ധിച്ച ശേഷം 6 മില്ല്യൺ ഡോളറിലധികം വിലമതിക്കുന്ന ആഭരണങ്ങളുമായി സംഘം കടന്നുകളഞ്ഞു. കിം അന്ന് ധരിച്ചിരുന്ന വജ്രമോതിരവും കവർന്നെടുത്ത വകയിൽ ഉൾപ്പെട്ടിരുന്നു. ആയുധധാരികളായി കവർച്ച നടത്തൽ, തട്ടിക്കൊണ്ടുപോകൽ, സംഘമായി കുറ്റകൃത്യത്തിൽ ഏർപ്പെടൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വിചാരണയ്ക്ക് മുമ്പ് കസ്റ്റഡിയിൽ കഴിഞ്ഞ കാലയളവ് കണക്കിലെടുത്തതിനാൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ആരെയും വീണ്ടും ജയിലിലേക്ക് അയച്ചിട്ടില്ല.
തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവമായിരുന്നു കവർച്ചയെന്നും അത് തനിക്കും കുടുംബത്തിനും ദീർഘകാലത്തേക്ക് ആഘാതമുണ്ടാക്കിയെന്നും കിം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവിച്ചത് ഒരിക്കലും മറക്കാനാകില്ലെങ്കിലും, നീതിയുടെയും ന്യായത്തിന്റേയും ശക്തിയിൽ വിശ്വസിക്കുന്നുവെന്നും എല്ലാവരുടെയും മുറിവുകൾ ഉണങ്ങട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും താരം പറഞ്ഞു. നീതിക്കുവേണ്ടിയും നീതിയുക്തമായ നിയമവ്യവസ്ഥയ്ക്കുവേണ്ടിയും തുടർന്നും പ്രവർത്തിക്കുമെന്നും കിം കൂട്ടിച്ചേർത്തു.
Kim Kardashian has been awarded €1 compensation by a Paris court over the 2016 armed robbery in which she was tied up and robbed of jewellery worth more than $6 million. Kardashian said the decision was about accountability and recognition, while eight people were convicted last year for their roles in the case.