നടനാകാനുള്ള അനുഭവങ്ങള്‍ തേടി ജീവിതത്തില്‍ ഗുണ്ടായാവാന്‍ അവസരം അന്വേഷിച്ചിറങ്ങിയ യുവാവിന്‍റെ കഥകള്‍ക്ക് 100 മാർക്കിടുന്ന ഇടമാണ് ഇന്ത്യൻ സിനിമാലോകം. ഇപ്പോള്‍ അത്തരം റൊമാന്‍റിക് സെല്ലുലോയിഡ് കാലത്തിൽനിന്ന് സിനിമ ഏറെ മുന്നോട്ടു സഞ്ചരിച്ചുകഴിഞ്ഞു. തിരശ്സീലയിലേക്കുള്ള സ്വപ്നവഴി പരമ്പരാഗത നാടക വഴിയില്‍നിന്ന് സോഷ്യൽ മീഡിയയിലേക്ക് കടന്നിരിക്കുകയാണ്. സമൂഹമാധ്യങ്ങൾ ക്രിയേറ്റർമാർക്ക് മുന്നിൽ തുറന്നിടുന്ന അനന്തമായ സാധ്യതകളാണ് പുതിയ മാറ്റത്തിന്റെ പ്രധാന കാരണം. മാറ്റത്തിന്‍റെ പ്രതിഫലനമെന്നോണം ഇൻസ്റ്റാഗ്രാം, യൂട്യൂബ് പോലെയുള്ള പ്ലാറ്റുഫോമുകള്‍ സമീപകാലത്ത് മലയാള സിനിമയ്ക്ക് ധാരാളം കഴിവുറ്റ അഭിനേതാക്കളെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണക്കാലത്തോടെയാണ് കേരളത്തിൽ കണ്ടന്റ് ക്രിയേറ്റേഴ്സ് വിപ്ലവം സാധ്യമാകുന്നത്. സ്മാർട്ട് ഫോണുകള്‍ വെച്ച് വീടുകളില്‍നിന്ന് റീലുകളും കണ്ടന്റുകളും ജനിച്ചു. അവരിൽ പലരും ഇന്ന് മലയാള സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാണ്. കരിക്ക് പോലുള്ള സംരഭങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ സിനിമാ വിതരണ മാധ്യമങ്ങളാക്കി മാറ്റി, അവസാനമായി അവർ സിനിമയും പ്രഖ്യാപിച്ചു. ചുരുക്കത്തില്‍ പറഞ്ഞാല്‍ പല തരത്തിലുള്ള ജീവിത സാഹചര്യങ്ങള്‍ മൂലം സിനിമയെന്ന സ്വപ്നത്തെ ജീവിതത്തിൽനിന്നും പൂർണമായും മാറ്റി നിർത്തേണ്ടി വന്ന പല മനുഷ്യർക്കും സമൂഹമാധ്യങ്ങളിലൂടെ തുറന്നുകിട്ടിയത് അനന്തമായ സാധ്യതകളാണ്.
ഇത്തരത്തിൽ, സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതരായ വൈറൽ താരങ്ങളെ അണിനിരത്തി വിപിൻ ദാസിന്റെ തിരക്കഥയിൽ എത്തിയ 'വാഴ 2' മലയാള സിനിമയിൽ ചരിത്രംകുറിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലാം ദിവസം പിന്നിട്ടപ്പോൾ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 59.9 കോടിയ്ക്ക് മുകളിലാണ്. പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറങ്ങിയ ചിത്രത്തെ സംബന്ധിച്ച് ഇതൊരു ചരിത്ര നേട്ടമാണ്. മറുവശം പരിശോധിച്ചാല്‍ സോഷ്യല്‍ മീഡിയയില്‍ മലയാളത്തിലെ പ്രമുഖ അഭിനേതാക്കളെക്കാള്‍ സോഷ്യല്‍ മീഡിയാ സ്വാധീനമുള്ള ഇവർ പുതുമുഖങ്ങള്‍ എന്ന ലേബല്‍ അതിശോക്തിയായേക്കും.
ജീത്തു മാധവൻ സംവിധാനം ചെയ്ത 'രോമാഞ്ചം' എന്ന ചിത്രത്തിലൂടെ 'ഒതളങ്ങതുരുത്ത്' ടീമിൽനിന്ന് എത്തിയ അഭിനേതാക്കളും യൂട്യൂബ് മിനി വെബ്‌സീരീസുകളിലൂടെ സുപരിചിതനായ സിജു സണ്ണി ഉള്‍പ്പെടെയുള്ള താരങ്ങളും മലയാള സിനിമയുടെ ഭാഗമായത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ആവേശം, വാഴ, പ്രകമ്പനം അണിയറയിൽ ഒരുങ്ങുന്ന ആമിർ പള്ളിക്കല്‍ ചിത്രം പ്രേംപാറ്റ തുടങ്ങി നിരവധി സിനിമകള്‍ താരമാവാൻ സിനിമാ നടൻ ആവണമെന്നില്ലെന്ന് തെളിയിച്ച നിരവധിയാളുകളുടേതായി മാറുകയാണ്.
ഒതളങ്ങ തുരുത്തിനും, ഹാഷിറിനും കൂട്ടുകാർക്കും പുറമെ, അടുപ്പ്, പല്ലി, അമീനും കൂട്ടുകാരും, വാനേഷ് മീഡിയ, പാൻ ഇന്ത്യൻ ബ്രാഞ്ച്, യുറേക്ക സ്റ്റോറീസ് തുടങ്ങിയവയിൽനിന്ന് നിരവധി വൈറൽ താരങ്ങൾ ഇന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിക്കഴിഞ്ഞു. സിനിമയിലെത്താൻ നാടകം മാത്രം മാർഗമായിരുന്നു കാലഘട്ടത്തിൽനിന്ന് സ്വന്തം റീല്‍ പ്രമേയങ്ങള്‍ എഴുതിയും അവതരിപ്പിച്ചും കഴിവ് തെളിയിച്ചും സ്വപ്നത്തിലെത്താമെന്ന കാലത്തിലേക്ക് മലയാള സിനിമ വളർന്നുകഴിഞ്ഞു. എന്നാൽ എല്ലാവരും പറയുന്നത് പോലെ ആദ്യ സിനിമ ചെയ്തത് കൊണ്ട് മാത്രം ആവുന്നില്ല, നിലനിന്നു പോകുന്നതിനും ശ്രമകരമായ അധ്വാനം വേണമെന്നും വൈറൽ താരങ്ങൾ പറയുന്നുണ്ട്. അതിനാൽ ട്രെന്‍ഡുകള്‍ മുന്നോട്ടുതന്നെ!
English Summary: Social media platforms like Instagram and YouTube are reshaping Malayalam cinema by bringing viral content creators into films.