ഹാഷിർ നായകനാകുന്ന 'വാഴ 2' ചർച്ചകളിൽ നിറയുമ്പോൾ, മലയാള സിനിമയിൽ നവതരംഗം സൃഷ്ടിച്ച നിവിൻ പോളി-അൽഫോൺസ് പുത്രൻ കൂട്ടുകെട്ടിന്റെ 'പ്രേമം' വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. 2015-ൽ ആലുവയുടെ പശ്ചാത്തലത്തിൽ ഒരു യുവാവിന്റെ പ്രണയവും വിരഹവും വിവാഹവും മനോഹരമായി ദൃശ്യവൽക്കരിച്ച ഈ ചിത്രം ക്യാമ്പസുകളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. നിവിൻ പോളിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി മാറിയ 'പ്രേമം' ഇന്നും പ്രേക്ഷകർക്കിടയിൽ സജീവ ചർച്ചയാകുന്നത് അതിന്റെ അവതരണ മികവ് കൊണ്ടുതന്നെയാണ്.
ഷോർട്ട് ഫിലിമുകളിലൂടെ സിനിമയുടെ ലോകത്തേക്ക് ചുവടുവെച്ച അൽഫോൺസ് പുത്രൻ, ഗോഡ്ഫാദർമാരുടെ പിൻബലമില്ലാതെ സ്വന്തം കഴിവിൽ മാത്രം വിശ്വസിച്ചാണ് മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിയത്. 'നേരം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ വരവറിയിച്ച അദ്ദേഹം, എന്നാൽ മലയാള സിനിമാ ചരിത്രത്തിൽ സ്വന്തം പേര് അടയാളപ്പെടുത്തിയത് രണ്ടാമത്തെ ചിത്രമായ 'പ്രേമ'ത്തിലൂടെയായിരുന്നു. "ലോകസിനിമാ ചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത ചിത്രം" എന്ന് അൽഫോൺസ് തന്നെ വിനീതമായി വിശേഷിപ്പിച്ച 'പ്രേമം' ബോക്സ് ഓഫീസിനെ ഞെട്ടിച്ച വിജയവും സമാനതകളില്ലാത്ത പ്രേക്ഷക സ്വീകാര്യതയുമാണ് നേടിയത്.
'വാഴ 2'വിൽ തകർപ്പൻ പോലീസ് വേഷത്തിൽ അൽഫോൺസ് പുത്രൻ എത്തിയതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും 'പ്രേമം' ചർച്ചകൾ സജീവമാകുകയാണ്. ഇതിനിടയിൽ ആരാധകർക്ക് ആവേശം നൽകിക്കൊണ്ട് നിവിൻ പോളിക്കൊപ്പമുള്ള തന്റെ പുതിയ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അൽഫോൺസ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ വരാനിരിക്കുന്നത് മറ്റൊരു 'പ്രേമം' ആണോ എന്ന ചോദ്യത്തിന് വളരെ സത്യസന്ധമായ മറുപടിയാണ് അദ്ദേഹം നൽകിയത്. 'പ്രേമം' പോലൊരു സിനിമ ഇനി തനിക്ക് സാധിക്കില്ലെന്നും അത് തന്റെ വളരെ എനർജിറ്റിക് ആയ യൗവനകാലത്ത് സംഭവിച്ച ഒന്നാണെന്നും അൽഫോൺസ് വ്യക്തമാക്കുന്നു. ആ പഴയ ഊർജ്ജസ്വലതയോടെ മറ്റൊരു പ്രേമം ഒരുക്കുക പ്രായോഗികമല്ലെങ്കിലും, നിവിനുമായി ചേർന്ന് അൽഫോൺസ് ഒരുക്കുന്ന പുതിയ വിസ്മയത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.
നിലവിൽ ചെയ്യാൻ സാധിക്കുന്നത് പോലൊരു സിനിമയാണ് മനസിൽ. പ്രേമത്തെക്കാൾ വൈകാരിക ബന്ധമുള്ളൊരു ചിത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാം. അതിനാണ് ശ്രമിക്കുന്നത് എന്ന പ്രതീക്ഷയാണ് തന്നെയും നിവിൻ പോളിയെയും സ്നേഹിക്കുനവർക്ക് നൽകിയ മറുപടി.
മലയാള സിനിമയുടെ ചരിത്രത്തിൽ വളരെ വ്യത്യസ്‍തമായ രീതിയിൽ വന്ന് കഥ പറഞ്ഞു പോകുന്ന ആളെന്ന നിലയ്ക്കും ഏറ്റവും ലളിതമായി നിവിൻ പോളിയെ പകർത്തുന്ന സംവിധായകൻ എന്ന നിലയ്ക്കും നിവിൻ-അൽഫോൺസ് കൂട്ടുകെട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.
English Summary: Director Alphonse Puthren hints at a new film with Nivin Pauly, sparking fresh discussions around their cult hit Premam. While ruling out recreating the magic of Premam, he promises a more emotionally connected film currently in pre-production.