മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' തിയറ്ററുകളിലെത്താൻ ഇനി ഒരു ദിവസം കൂടി. ചിത്രത്തിന്റെ പ്രീ സെയിൽ മികച്ച രീതിയിൽ തുടരുകയാണ്. ഇന്നലെയാണ് അഡ്വാൻസ് ബുക്കിങ് ഓപ്പണായത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ കൂടി എത്തുമ്പോൾ ബോക്‌സ്ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ മോഹൻലാൽ ചിത്രം 'എമ്പുരാൻ' തീർത്ത റെക്കോർഡ് ഭേദിക്കാൻ പേട്രിയറ്റിനു സാധിക്കുമോയെന്ന ചോദ്യം പലകോണുകളിൽനിന്നും ഉയരുന്നുണ്ട്.
പ്രീ സെയിൽ വഴി വേൾഡ് വൈഡായി ആറ് കോടിയിലേറെ പേട്രിയറ്റ് സ്വന്തമാക്കിയെന്നാണ് സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നത്തോടെ അത് പത്ത് കോടി കടക്കാനും സാധ്യതയുണ്ട്. കേരള ബോക്‌സ് ഓഫീസിൽനിന്ന് പ്രീ സെയിൽ വഴി 2.5 കോടിയാണ് ഇതുവരെ കളക്ട് ചെയ്തത്.
കേരള ബോക്‌സ് ഓഫീസിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ മോഹൻലാൽ ചിത്രം എമ്പുരാന്റെ പേരിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം 12.1 കോടിയാണ് ആദ്യദിനം കേരള ബോക്‌സ്ഓഫീസിൽനിന്ന് മാത്രം നേടിയത്. ഈ റെക്കോർഡ് മറികടക്കാൻ പേട്രിയറ്റിനു ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഇതുവരെയുള്ള പ്രീ സെയിൽ ബുക്കിങ് കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. പ്രീ സെയിൽ ആരംഭിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും കേരളത്തിൽ പല സെന്ററുകളിലും ബുക്കിങ് ഓപ്പൺ ആയിട്ടില്ല. ഇത് ആദ്യദിന കളക്ഷനെ സാരമായി ബാധിച്ചേക്കാം. കേരള ബോക്‌സ്ഓഫീസിൽനിന്ന് എട്ട് കോടിയെങ്കിലും പേട്രിയറ്റ് ആദ്യദിനം കളക്ട് ചെയ്‌തേക്കാം.
കേരള ബോക്‌സ്ഓഫീസിൽനിന്ന് ആദ്യദിനം ഏറ്റവും കൂടുതൽ പണംവാരിയ രണ്ടാമത്തെ ചിത്രം വിജയ് നായകനായ 'ലിയോ' ആണ്. 12 കോടിയാണ് കേരള ബോക്‌സ്ഓഫീസിൽനിന്ന് മാത്രം റിലീസ് ദിനത്തിൽ ഈ സിനിമ വാരിക്കൂട്ടിയത്. 7.30 കോടി നേടിയ കെ.ജി.എഫ് ചാപ്റ്റർ 2 മൂന്നാം സ്ഥാനത്തും 7.20 കോടി നേടിയ മോഹൻലാലിന്റെ ഒടിയൻ നാലാമതുമുണ്ട്. 6.70 കോടി നേടിയ വിജയ് ചിത്രം ബീസ്റ്റ് അഞ്ചാമത്. കേരള ബോക്‌സ്ഓഫീസിൽനിന്ന് മാത്രമായി ഇതുവരെ ഒരു മമ്മൂട്ടി ചിത്രവും ആദ്യദിനം ആറ് കോടിക്കു മുകളിൽ നേടിയിട്ടില്ല.
അതേസമയം മികച്ച പ്രതികരണം ലഭിച്ചാൽ മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റാകാനുള്ള സാധ്യത പേട്രിയറ്റിനുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമായേക്കാവുന്ന വിഷയമാണ് സിനിമയുടെ ഇതിവൃത്തം. ഇതും ബോക്‌സ്ഓഫീസ് സാധ്യതകൾ ഇരട്ടിപ്പിക്കുന്നു.
English summary: Patriot, starring Mammootty and Mohanlal, has strong pre-sales but is unlikely to beat Mohanlal’s Empuraan Kerala opening record of ₹12.1 crore, with early estimates around ₹8 crore. Vijay’s Leo remains the second-highest Kerala opener at ₹12 crore. The film’s pan-India release and political theme could still boost its overall performance if it gets strong reviews.