Entertainment Special

സാവിത്രി ശ്രീധരൻ; സുഡാനിയുടെ ഉമ്മയിലൊതുങ്ങാത്ത അഭിനയ പ്രതിഭ

ആ കാലത്തെ നാടകവേദി സിനിമാ പ്രവേശനത്തിനുള്ള കാത്തിരിപ്പുമുറിയായിരുന്നില്ല. സജീവമായിരുന്നു അവരുടെ കലാലോകം.

ഡോ. അനു പാപ്പച്ചൻ

സുഡാനിയിലെ ജമീലുമ്മ എന്നായിരിക്കും എല്ലാവരുടെയും ഓർമ്മ. ശരിയാണ്.

ജമീലുമ്മയും ബീയുമ്മയും (സരസ ബാലുശ്ശേരി) കൂടി ചേർന്നപ്പോൾ തിരശ്ശീലയിൽ നിന്ന് സിനിമ മാഞ്ഞുപോയി.

രണ്ട് അമ്മമാരെയും അവതരിപ്പിച്ച അഭിനേത്രികൾ സ്വാഭാവികതകൊണ്ടും ഉള്ളിൽ തട്ടുന്ന പ്രകടനംകൊണ്ടും എന്നെന്നേക്കുമായി മലയാള സിനിമയിൽ അടയാളപ്പെട്ടു.

സിനിമയായിരിക്കാം സാവിത്രി ശ്രീധരന് ജനപ്രീതി നൽകിയത്. പക്ഷേ, മികച്ച അഭിനേത്രിയെ രൂപപ്പെടുത്തിയത് അരങ്ങായിരുന്നു

ആ അഭിനയത്തിന് സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും 2018ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവനടിക്കുള്ള പുരസ്കാരം പങ്കിട്ടു. ‘സുഡാനി ഫ്രം നൈജീരിയ’യിലെ അഭിനയത്തിന് സാവിത്രിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (CAA) പ്രതിഷേധത്തിന്റെ ഭാഗമായി 2019-ലെ ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് അവർ ബഹിഷ്‌കരിച്ചു..

പക്ഷേ, സാവിത്രി ശ്രീധരനെ ‘സുഡാനിയിലെ ഉമ്മ’ എന്ന ഒറ്റ വിശേഷണത്തിൽ ഒതുക്കി മാത്രം ഓർത്താൽ പോര. വർഷങ്ങളോളം വേദിയിൽ അഭിനയിച്ചിട്ടും മുഖ്യധാരാ സിനിമയുടെ ചരിത്രത്തിൽ വൈകി മാത്രം ദൃശ്യമായ തലമുറയിലെ അഭിനേത്രിയാണ് അവർ. നാടകവേദിയുടെ ഓർമ്മയും അനുഭവവും ശരീരത്തിൽ സൂക്ഷിച്ചുകൊണ്ട് സിനിമയിലെത്തിയ അഭിനേത്രി. അഭിനയരംഗത്ത് അവർ പുതുമുഖമായിരുന്നില്ല.

പതിനാറാം വയസ്സിൽ വളയനാട് കലാസമിതിയുടെ ‘കറുത്ത വെളിച്ചം’ എന്ന നാടകത്തിലൂടെയാണ് സാവിത്രി ശ്രീധരൻ അഭിനയരംഗത്തേക്ക് കടന്നത്. അവിടെനിന്ന് ആരംഭിച്ച യാത്ര അമേച്വർ നാടകവേദിയിലും പിന്നീട് പ്രൊഫഷണൽ നാടകവേദിയിലും പതിറ്റാണ്ടുകൾ നീണ്ടു. 1977ലെ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും അവർ നേടി. കെ. ടി. മുഹമ്മദിന്റെയടക്കം കോഴിക്കോട്ടെ പ്രശസ്തമായ നിരവധി നാടകസംഘങ്ങളുടെ ഭാഗമായിരുന്നു അവർ. ആ കാലത്തെ നാടകവേദി  സിനിമാ പ്രവേശനത്തിനുള്ള കാത്തിരിപ്പുമുറിയായിരുന്നില്ല. സജീവമായിരുന്നു അവരുടെ കലാലോകം. വേദിയിൽ നിന്ന് വേദിയിലേക്ക്, കഥാപാത്രത്തിൽ നിന്ന് കഥാപാത്രത്തിലേക്ക്, പ്രേക്ഷകരുടെ നേരിട്ടുള്ള പ്രതികരണത്തിനുമുന്നിൽ വർഷങ്ങളോളം അഭിനയിച്ചു കൊണ്ടാണ് അവർ ഒരു അഭിനേത്രിയായി രൂപപ്പെട്ടത്.

സിനിമ ക്യാമറയ്ക്കുമുന്നിലെ ഏതാനും മിനിറ്റുകളെ ഓർമ്മയിൽ സൂക്ഷിക്കുമ്പോൾ, നാടകവേദി  അഭിനേത്രിയുടെ ശരീരത്തിലും ശബ്ദത്തിലും ജീവിതത്തിലും പതിറ്റാണ്ടുകളുടെ അനുഭവം എഴുതിവയ്ക്കുന്നുണ്ട്. സാവിത്രി ശ്രീധരന്റെ അഭിനയത്തിലെ  ആ സ്വാഭാവികതയ്ക്കും ജീവിതസ്പർശത്തിനും പിന്നിൽ ഈ നീണ്ട അരങ്ങനുഭവം കൂടി ഓർമിക്കേണ്ടതുണ്ട്.

1991ൽ എം. ടി. വാസുദേവൻ നായരുടെ ‘കടവ്’ എന്ന ചിത്രത്തിലൂടെയാണ് അവർ ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട്  വർഷങ്ങൾക്കുശേഷം ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോഴേക്കും പ്രൊഫഷണൽ നാടകവേദിയുടെ പ്രസരിപ്പ് മങ്ങിക്കഴിഞ്ഞിരുന്നു. അരങ്ങ് വിട്ട അഭിനേത്രി തിരിച്ചു വന്ന് ജമീലുമ്മയായി മനസു കവർന്നപ്പോൾ വലിയൊരു പ്രേക്ഷകസമൂഹം അവരെ ഏറ്റെടുത്തു. തുടർന്ന് നിരവധി സിനിമകളിലും പരസ്യത്തിലും അവർ അഭിനയിക്കുകയുണ്ടായി.

സിനിമയായിരിക്കാം സാവിത്രി ശ്രീധരന് ജനപ്രീതി നൽകിയത്.പക്ഷേ, മികച്ച അഭിനേത്രിയെ രൂപപ്പെടുത്തിയത് അരങ്ങായിരുന്നു.

മലയാള സിനിമയുടെ ചരിത്രം പലപ്പോഴും വെള്ളിത്തിരയിൽ തെളിഞ്ഞ മുഖങ്ങളിലൂടെ മാത്രമാണ് എഴുതപ്പെടുന്നത്. , സിനിമയിലേക്ക് എത്തുന്നതിന് വളരെ മുമ്പേ നാടകവേദിയിൽ ജീവിതം ചെലവഴിച്ച അനേകം അഭിനേത്രികളുടെ ജീവിതം കലാ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

സാവിത്രി ശ്രീധരന്റെ സംഭാവനകളിൽ അതുകൊണ്ടുതന്നെ ജമീലുമ്മയ്ക്കൊപ്പം അരങ്ങിലെ ആ നീണ്ട ജീവിതത്തെയും ചേർത്തുവെക്കണം.

സാവിത്രി ശ്രീധരന് ആദരാഞ്ജലികൾ.