Environment

വര്‍ധിച്ചുവരുന്ന കൊടുംചൂട്: ഇന്ത്യയിലെ ഗര്‍ഭിണികളും നവജാത ശിശുക്കളും കടുത്ത ആരോഗ്യ ഭീഷണിയില്‍, പഠന റിപ്പോര്‍ട്ട്

നവജാത ശിശുക്കളില്‍ കുറഞ്ഞ ജനനഭാരം, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, നവജാത ശിശുക്കളിലുണ്ടാകുന്ന കടുത്ത നിര്‍ജ്ജലീകരണം, മുലപ്പാല്‍ കുടിക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ഡോക്ടര്‍മാര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍.

Madism Desk

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, വര്‍ധിച്ചുവരുന്ന കൊടുംചൂട് ഏറ്റവും കൂടുതല്‍ ഭീഷണിയാവുക ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ആഗോള ആരോഗ്യ ഗവേഷണ സംഘടനയായ 'വെല്‍ക്കം' ആണ് ഈ സുപ്രധാന പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇന്ത്യ, യുകെ, ഓസ്ട്രേലിയ, ബ്രസീല്‍, സിംബാബ്വെ എന്നീ അഞ്ച് രാജ്യങ്ങളിലെ 1,000 ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിലെ സാഹചര്യം അതീവ ഗുരുതരം

സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യയിലെ 200 ആരോഗ്യപ്രവര്‍ത്തകരില്‍ 98 ശതമാനം പേരും ചൂട് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട ഗര്‍ഭിണികളെയും നവജാത ശിശുക്കളെയും ചികിത്സിച്ചതായി സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗര്‍ഭസ്ഥ ശിശുക്കളിലും നവജാത ശിശുക്കളിലും ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചതായി 66 ശതമാനം പേരും ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ കൂടിയതായി 62 ശതമാനം പേരും റിപ്പോര്‍ട്ട് ചെയ്തു. നവജാത ശിശുക്കളില്‍ കുറഞ്ഞ ജനനഭാരം, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, നവജാത ശിശുക്കളിലുണ്ടാകുന്ന കടുത്ത നിര്‍ജ്ജലീകരണം, മുലപ്പാല്‍ കുടിക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ഡോക്ടര്‍മാര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍.

സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം ആരോഗ്യപ്രവര്‍ത്തകരും ഗര്‍ഭിണികളില്‍ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചതായി അഭിപ്രായപ്പെട്ടു. ഗര്‍ഭകാലത്ത് കടുത്ത ചൂടേല്‍ക്കുന്നത് കുഞ്ഞ് ചാപിള്ളയാകാനുള്ള സാധ്യത, മാസം തികയാതെയുള്ള പ്രസവം, കുട്ടിക്ക് ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് വെല്‍ക്കമിന്റെ കാലാവസ്ഥാ-ആരോഗ്യ വിഭാഗം ഡയറക്ടര്‍ അലന്‍ ഡാംഗോര്‍ മുന്നറിയിപ്പ് നല്‍കി. ഈ പ്രശ്‌നത്തെ നേരിടാന്‍ കൃത്യമായ ആരോഗ്യ സംവിധാനങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ഇപ്പോള്‍ തന്നെ ഒരുക്കി തുടങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫണ്ടിന്റെ അപര്യാപ്തതയും നയരൂപീകരണവും

കാലാവസ്ഥാ വ്യതിയാനം ആരോഗ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാന്‍ ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്ന വിമര്‍ശനവും ഉച്ചകോടിയില്‍ ഉയര്‍ന്നു. അന്താരാഷ്ട്ര തലത്തില്‍ അനുവദിക്കുന്ന ഔദ്യോഗിക കാലാവസ്ഥാ ഫണ്ടിന്റെ വെറും ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് ലഭിക്കുന്നതെന്ന് യുഎന്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ യൂസഫ് നസിഫ് ചൂണ്ടിക്കാട്ടി. ആരോഗ്യ സംവിധാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മരണങ്ങള്‍ തടയുന്നതിനും നിലവിലുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് ഫണ്ട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ആരോഗ്യമേഖലയിലെ ഇടപെടലുകള്‍ മാത്രം പോരെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൂട് ഗര്‍ഭിണികളെ ശാരീരികമായി മാത്രമല്ല, സാമൂഹികമായും മാനസികമായും ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നഗരാസൂത്രണം, ഭക്ഷ്യോല്‍പ്പാദനം, പാര്‍പ്പിട നിര്‍മ്മാണം, സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം ആരോഗ്യ നയങ്ങളുമായി കോര്‍ത്തിണക്കണമെന്നും ഗവേഷകര്‍ പറയുന്നു.

A new study by global health research organisation Wellcome has warned that rising temperatures and extreme heat pose serious health risks to pregnant women and newborn babies, particularly in India. The report, presented during the climate summit in Antalya, Türkiye, is based on a survey of 1,000 healthcare professionals across India, the UK, Australia, Brazil and Zimbabwe. In India, 98% of the 200 healthcare professionals surveyed said they had treated pregnant women or newborns experiencing heat-related health problems. Around 66% reported an increase in heat-related complications among unborn and newborn babies over the past five years, while 62% observed a rise in pregnancy complications. Reported health concerns include low birth weight, restricted foetal growth, severe dehydration in newborns and difficulties with breastfeeding.