ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉയര്‍ത്തുന്ന ഭീഷണികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ലോകത്തിലെ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യയും. തുര്‍ക്കിയിലെ അന്റാലിയയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ ഭാഗമായി 'ജര്‍മ്മന്‍വാച്ച്' പുറത്തുവിട്ട ക്ലൈമറ്റ് റിസ്ക് ഇന്‍ഡക്സ് 2027 റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 1996 മുതല്‍ 2025 വരെയുള്ള മൂന്ന് പതിറ്റാണ്ടുകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, അതിതീവ്ര കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്ന രാജ്യങ്ങളില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്. 2025-ലെ മാത്രം കണക്കെടുത്താല്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്തും.
കണക്കുകള്‍ പറയുന്ന യാഥാര്‍ത്ഥ്യം
അന്താരാഷ്ട്ര ദുരന്ത ഡാറ്റാബേസായ 'ഇഎം-ഡാറ്റ്', അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക് എന്നിവയുടെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഈ സൂചിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ 436 അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങളില്‍ 78,000-ത്തിലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ മൂലമുണ്ടായ മരണസംഖ്യ, ദുരിതമനുഭവിച്ച ജനങ്ങളുടെ എണ്ണം, സാമ്പത്തിക നഷ്ടം എന്നിവയാണ് ഇതിനായി പരിശോധിച്ചത്. ഏകദേശം 120 കോടി ജനങ്ങളെ ഈ ദുരന്തങ്ങള്‍ നേരിട്ടോ അല്ലാതെയോ ബാധിക്കുകയും രാജ്യത്തിന് 170 ബില്യണ്‍ യുഎസ് ഡോളറിലധികം സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു.
വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍, ചുഴലിക്കാറ്റുകള്‍, വരള്‍ച്ച എന്നിവയുള്‍പ്പെടെ വിവിധതരം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളെ ഇന്ത്യ നേരിട്ടിട്ടുണ്ട്. തുടര്‍ച്ചയായ ഈ ഭീഷണികളാണ് സൂചികയില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന റാങ്കിങ് ലഭിക്കാന്‍ കാരണമായത്. 1998-ലെ ഗുജറാത്ത് ചുഴലിക്കാറ്റ്, 1999-ലെ ഒഡീഷ സൂപ്പര്‍ സൈക്ലോണ്‍, 2013-ലെ ഉത്തരാഖണ്ഡ് പ്രളയം, 2014-ലെ ഹുദ്ഹുദ്, 2020-ലെ ഉംപുന്‍ ചുഴലിക്കാറ്റുകള്‍, 2019-ല്‍ 13 സംസ്ഥാനങ്ങളെ മുക്കിയ കനത്ത വെള്ളപ്പൊക്കം എന്നിവ ഇന്ത്യയ്ക്ക് വലിയ ആഘാതമേല്‍പ്പിച്ചു. ഇതിനുപുറമെ 1998, 2002, 2003, 2015 വര്‍ഷങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയ കടുത്ത ഉഷ്ണതരംഗങ്ങളും നിരവധി ജീവനുകള്‍ കവര്‍ന്നു.
ജനസംഖ്യയും ആഘാതത്തിന്റെ വ്യാപ്തിയും
മൂന്ന് പതിറ്റാണ്ടത്തെ കണക്കെടുപ്പില്‍ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ച ആദ്യ മൂന്ന് രാജ്യങ്ങള്‍ ഡൊമിനിക്ക, മ്യാന്മര്, ഹോണ്ടുറാസ് എന്നിവയാണ്. 2025-ല്‍ മാത്രം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് ജമൈക്ക, ശ്രീലങ്ക, സ്പെയിന് എന്നീ രാജ്യങ്ങളാണ്. തായ്ലന്ഡ്, ഫിലിപ്പീന്‍സ്, പാകിസ് താന്‍ എന്നിവയാണ് തൊട്ടുപിന്നില്‍. എന്നാല്‍, ഏറ്റവും പുതിയ സൂചികയില്‍ ഇന്ത്യയ്ക്ക് മുകളിലുള്ള എല്ലാ രാജ്യങ്ങളും ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ വളരെ ചെറുതാണ്. ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 147.6 കോടി ആണ്. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീന്‍സിന്റെ ജനസംഖ്യ ഏകദേശം 11.5 കോടി മാത്രമാണ്. അതിനാല്‍ത്തന്നെ, ദുരന്തങ്ങള്‍ ബാധിക്കുന്ന ജനങ്ങളുടെ ആകെ എണ്ണം പരിഗണിക്കുമ്പോള്‍ ഇന്ത്യ നേരിടുന്ന ആഘാതം മറ്റേതൊരു രാജ്യത്തേക്കാളും ഭീമമാണ്.
വിദഗ്ധരുടെ മുന്നറിയിപ്പ്
''കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച പത്ത് രാജ്യങ്ങളില്‍, ഉയര്‍ന്ന വരുമാനമുള്ള ഒരേയൊരു രാജ്യം ബഹാമസ് മാത്രമാണ്. പട്ടികയുടെ മുകളിലുള്ള ഒന്‍പത് രാജ്യങ്ങളെയും വിനാശകരമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. പലപ്പോഴും ആവര്‍ത്തിച്ചുള്ള ഇത്തരം കൊടുങ്കാറ്റുകള്‍ പുനര്‍നിര്‍മ്മിച്ച കെട്ടിടങ്ങളെ വീണ്ടും തകര്‍ക്കുന്നു'', ജര്മ്മന്വാച്ചിന്റെ ഇന്റര്‍നാഷണല്‍ ക്ലൈമറ്റ് പോളിസി വിഭാഗം സഹ മേധാവിയും സൂചികയുടെ രചയിതാക്കളില്‍ ഒരാളുമായ ലോറ ഷാഫര്‍ പറഞ്ഞു.
ഹരിത ഊര്‍ജ്ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കണമെന്ന് ക്ലൈമറ്റ് ആക്ഷന്‍ നെറ്റ്വര്‍ക്ക് സൗത്ത് ഏഷ്യ ഡയറക്ടര്‍ സഞ്ജയ് വസിഷ്ഠ് ആവശ്യപ്പെടുമ്പോള്‍, നമ്മുടെ നഗരങ്ങളും കൃഷിയും അടിസ്ഥാന സൗകര്യങ്ങളും കാലാവസ്ഥാ പ്രതിരോധശേഷിക്ക് മുന്‍ഗണന നല്കി ആസൂത്രണം ചെയ്യുകയാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്ന് പൂനെ ഫ്ളെയിം യൂണിവേഴ്സിറ്റി പ്രൊഫസര്‍ അഞ്ജല്‍ പ്രകാശ് ഓര്‍മ്മിപ്പിക്കുന്നു.
ആഗോള ചിത്രം
ആഗോളതലത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഉണ്ടായ 10,000-ത്തോളം കാലാവസ്ഥാ ദുരന്തങ്ങളില്‍ ഒമ്പത് ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും 4.7 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായത് ഉഷ്ണതരംഗങ്ങളാണ് (3.64 ലക്ഷം മരണങ്ങള്). 2025-ല്‍ 'മെലിസ' ചുഴലിക്കാറ്റ് ജമൈക്കയുടെ ജിഡിപിയുടെ പകുതിയോളം നഷ്ടമുണ്ടാക്കിയപ്പോള്‍, 'ഡിറ്റ്വ' ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ 823 പേരുടെ ജീവനെടുത്തു.
വികസ്വര-അവികസിത രാജ്യങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ആദ്യ 30-ല്‍ ഇടംപിടിച്ചത് പ്രതിസന്ധി ആഗോളതലത്തില്‍ പടരുന്നതിന്റെ സൂചനയാണ്. ഒരുകാലത്ത് അപൂര്‍വമായിരുന്ന വന്‍ദുരന്തങ്ങള്‍ ഇന്ന് തുടര്‍ച്ചയായ ഭീഷണികളായി മാറിക്കൊണ്ട് ഒരു 'പുതിയ സാധാരണാവസ്ഥ' സൃഷ്ടിക്കുകയാണെന്ന ജര്മ്മന്വാച്ചിന്റെ മുന്നറിയിപ്പ് അടിയന്തര നടപടികള്‍ക്കുള്ള ആഹ്വാനം കൂടിയാണ്.
India has been ranked among the world's 10 countries most severely affected by extreme weather events over the past three decades, according to the Climate Risk Index 2027 released by Germanwatch. The report, presented during the UN Climate Change Conference in Antalya, Turkey, places India 10th in the long-term ranking for 1996–2025 and 12th for 2025 alone. An analysis of data from the international disaster database EM-DAT, the International Monetary Fund (IMF) and the World Bank found that India experienced 436 extreme weather events over the past 30 years, resulting in more than 78,000 deaths. Around 1.2 billion people were directly or indirectly affected, while the economic losses exceeded $170 billion.